സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ മല്‍സരത്തില്‍ കരുത്തുകാട്ടാന്‍ തിരുവനന്തപുരം കൊമ്പന്‍സ് തയാറെടുക്കുന്നു. മികച്ച പരിശീലനത്തിനും സൗഹൃദമല്‍സരങ്ങള്‍ക്കുമായി ടീം ഗോവയിലേക്ക് തിരിച്ചു. അടുത്തമാസം പത്തിന് കാലിക്കറ്റ് എഫ്.സിയുമായാണ് കൊമ്പന്‍സിന്‍റെ ആദ്യമല്‍സരം.
തിരുവനന്തപുരത്തിന്‍റെ ഫുട്ബോള്‍ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കൊമ്പന്‍സ്. ജി.വി രാജ സ്പോര്‍ട്ടസ് സ്കൂള്‍ മൈതാനത്ത് ബ്രസീല്‍ കോച്ച് സെര്‍ജിയോ അലക്സാന്ദ്രേയുടെ ശിക്ഷണത്തില്‍ കഠിനപരീശനത്തിലാണ് ടീം.
ബ്രസീലിയന്‍ രണ്ടാം ഡിവിഷനില്‍ കളിച്ചിട്ടുള്ള പാട്രിക് മോത്ത, ഓട്ടേമേര്‍ ബിസ്പോ, ഡേവി കുനിന്‍, റെനന്‍ ജനവാരിയോ , മാര്‍ക്കോസ് വൈല്‍ഡര്‍ , ഗോളി മൈക്കേല്‍ അമേരികോ എന്നീ ബ്രസീല്‍താരങ്ങള്‍ കൊമ്പന്‍സിന് കരുത്തുപകരും. മുന്‍ ഇന്ത്യന്‍താരവും ചെന്നൈയിന്‍ എഫ്.സി ബി ടീമിന്റെ മുഖ്യപരിശീലകനുമായ കാളി അലാവുദ്ദീനാണ് ടീമിന്റെ അസിസ്റ്റന്‍റ് കോച്ച്. ഇന്ത്യയ്ക്കുവേണ്ടി ലോകകപ്പ് യോഗ്യതാമല്‍സരം കളിച്ചിട്ടുള്ള ദേശീയ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായിരുന്ന ബാലാജി നരസിംഹനാണ് ഗോള്‍ കീപ്പിങ് കോച്ച്.
മലയാളികളായ യുവകളിക്കാര്‍ക്കൊപ്പം മീസോറം, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്ന് ഉള്‍പ്പടെ ഐ.എസ്.എല്‍ താരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടീം. ഇനി ഇവരുടെ വിദഗ്ധ പരിശീലനം ഗോവയില്‍. ഗോവയില്‍ നിന്ന് നേരെ കോഴിക്കോടെത്തുന്ന കൊമ്പന്‍സ് അടുത്തമാസം പത്തിന് ആദ്യമല്‍സരത്തില്‍ കാലിക്കറ്റ് എഫ്.സിയെ നേരിടും.