ഇഎഫ്എല്‍ കപ്പില്‍ ബോല്‍ട്ടന്‍ വാന്‍ഡറേഴ്സിനെ 5-1ന് തകര്‍ത്ത കളിയില്‍ ആരാധകരുടെ ശ്രദ്ധയെല്ലാം വന്നുടക്കിയത് ആര്‍സനലിന്റെ കൗമാര താരത്തിലേക്ക്. ആദ്യമായി ആര്‍സനലിന്‍റെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടം നേടിയ ഏഥന്‍ ന്വാനേരി ഇരട്ട ഗോളോടെയാണ് തിളങ്ങിയത്. പുത്തന്‍ താരോദയം എന്നാണ് പതിനേഴുകാരന്‍റെ പ്രകടനം കണ്ട് ഗണ്ണേഴ്സ് ആരാധകര്‍ പറയുന്നത്.
37ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിന്‍റെ ക്രോസില്‍ നിന്നാണ് ന്വാനേരി ആദ്യ ഗോള്‍ സ്കോര്‍ ചെയ്തത്. 49ാം മിനിറ്റില്‍ ക്രിസ് ഫോറിനോയുടെ പിഴവില്‍ നിന്നും ഗോള്‍ വല ചലിപ്പിച്ച് ന്വാനേരി ആര്‍സനലിന്‍റെ ലീഡ് 3-0 ആയി ഉയര്‍ത്തി. രണ്ട് വര്‍ഷം മുന്‍പാണ് ന്വാനേരി ആര്‍സലിനായി അരങ്ങേറ്റം കുറിക്കുന്നത്. 15ാമത്തെ വയസില്‍ ആര്‍സനലിനായി പകരക്കാരനായാണ് ആദ്യം കളത്തില്‍ ഇറങ്ങിയത്. ഇതോടെ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ന്വാനേരി മാറി.
കളിയിലെ താരമായ ന്വാനേരിക്ക് കയ്യടിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരെത്തിയത്. സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനുള്ള മികവ് ന്വാനേരിക്കുണ്ടെന്ന വാദങ്ങളാണ് ആര്‍സനലിന്‍റെ ഇഎഫ്എല്‍ കപ്പ് മത്സരത്തോടെ ഉയരുന്നത്. ഒഡ്ഗാര്‍ഡ് പരുക്കിന്റെ പിടിയിലായതും നാന്വേരിയുടെ കളിയില്‍ വന്ന പക്വത കണക്കാക്കിയും കൂടുതല്‍ അവസരങ്ങള്‍ നല്‍കണം എന്ന ആവശ്യം ശക്തമാകുന്നു.