ഹോസെ മൗറീഞ്ഞോ ഒഴിവാക്കിവിട്ടവന്‍ പെപ്പ് ഗ്വാർഡിയോളയുടെ കീഴില്‍ ഊതിക്കാച്ചിയ പൊന്നായി. സ്റ്റാംഫഡ് ബ്രിജില്‍ നിന്ന് തലകുനിച്ച് മടങ്ങിയവന്‍, ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നിന്ന് പടിയിറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഇംഗ്ലീഷ് ഫുട്ബോള്‍ കണ്ട എക്കാലത്തെയും മികച്ച മധ്യനിര താരമെന്നാണ് വിശേഷണം. എ തിങ് ഓഫ് ബ്യൂട്ടി എന്നല്ലാതെ കെവിൻ ഡിബ്രൂയ്നെ പിന്നെന്ത് വിശേഷിപ്പിക്കണം. നിർവികാര മുഖവുമായി കളിക്കുന്ന ഡിബ്രൂയിന്റെ കാലുകളില്‍ പന്തു കിട്ടിയാൽ തനിനിറം കാണാം. ചെകുത്താനെ കാലില്‍ കെട്ടിയിട്ടതുപോലെ തോന്നും അവന്റെ മുന്നേറ്റം കണ്ടാലെന്ന് പറഞ്ഞത് സഹതാരം ഷോണ്‍ റൈറ്റ് ഫിലിപ്സ്. പ്ലേ സ്റ്റേഷനില്‍ ഫിഫ ഗെയിം കളിക്കുന്നവര്‍ എതിരാളികളുടെയും സഹതാരങ്ങളുടെയും നീക്കങ്ങള്‍ മനക്കണക്കുകൂട്ടി, അളന്നുമുറിച്ച് നല്‍കുന്ന പാസുപോലെ കൃത്യതയായിരുന്നു ഡിബ്രൂയിന്റെ നീക്കങ്ങള്‍ക്ക്.
പ്രഫഷണല്‍ ഫുട്ബോളറായി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഡിബ്രുയിന് പ്രായം വെറും 17 വയസ്. മൂന്നുവര്‍ഷത്തിനകം ബെല്‍ജിയം ക്ലബ് ജെങ്കിനെ ഡിബ്രൂയിനെ ലീഗ് ചാംപ്യന്‍മാരാക്കി. ഇതോടെ യൂറോപ്പിലെ വമ്പന്‍മാര്‍ ഡിബ്രൂയിന് പിന്നാലെകൂടി. 2012ല്‍ ഏഴുമില്യണ്‍ യൂറോയ്ക്ക് ചെല്‍സിയിലേക്ക്. 20കാരനെ പ്രീമിയര്‍ ലീഗില്‍ കളത്തിലിറക്കുന്നതിന് പകരം ജര്‍മന്‍ ക്ലബിന് വായ്പയ്ക്ക് കൊടുത്തു ചെല്‍സി. വെർഡർ ബ്രെമനില്‍ പത്ത് ഗോളടിച്ച് മികവുതെളിയിച്ച് ഹോസെ മൗറിഞ്ഞോയുടെ ചെല്‍സിയിലേക്ക് മടങ്ങിയെത്തി. എന്നാല്‍ മൗറിഞ്ഞോയുമായി ഒത്തുപോകാന്‍ ഡിബ്രൂയിനായില്ല. പരിശീലനസെഷനില്‍ ആത്മാര്‍ഥതയില്ലെന്നതായിരുന്നു മൗറിഞ്ഞോ കണ്ട പോരായ്മ. ഇതോടെ ടീമില്‍ അവസരമില്ലാതായി. പകരക്കാരനായിരുന്ന് സമയംകളയാനില്ലെന്ന് പറഞ്ഞ് ഡിബ്രൂയിന്‍ ചെല്‍സിവിട്ടു. വെർഡർ ബ്രെമനിലെ പ്രകടനം കണ്ട് ജര്‍മന്‍ ക്ലബ് വോള്‍ഫ്സ് ബര്‍ഗാണ് ഡിബ്രൂയിനെ വാങ്ങാനെത്തിയത്. ജർമൻ ബുന്ദസ്‌ലിഗയിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടിയാണ് ഡിബ്രൂയിനെ മൗറിഞ്ഞോയ്ക്ക് മറുപടി കൊടുത്തത്.
ചെല്‍സി ഫ്ലോപ്പിന് 55 മില്യണ്‍
ജര്‍മനിയില്‍ 21 അസിസ്റ്റും പത്തുഗോളും നേടിയ ഡിബ്രൂയിനിനെ തൊട്ടടുത്ത വര്‍ഷം തന്നെ മാഞ്ചസ്റ്റര്‍ സിറ്റി റാഞ്ചി. ബയണ്‍ മ്യൂണിക് പരിശീലകനായിരിക്കെ ഗ്വാര്‍ഡിയോള നോട്ടമിട്ടിരുന്ന കെവിനെ സിറ്റിയിലേക്ക് കൊണ്ടുവന്നതോടെ ഇംഗ്ലീഷ് ഫുട്ബോളിന്റെ തലവര തന്നെ മാറി. ക്ലബ് റെക്കോര്‍ഡ് തുകയായ 55 മില്യണ്‍ യൂറോയാണ് ഡിബ്രൂയിനായി ചെലവഴിച്ചത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്കായി ഇറങ്ങി പരാജയപ്പട്ട താരത്തിനായി എന്തിനിത്ര തുക ചെലവഴിക്കണമെന്നായിരുന്നു വിമര്‍ശനം. വിമര്‍ശകരുടെ വായടപ്പിക്കാന്‍ കെവിന് വേണ്ടിവന്നത് ഒറ്റസീസണ്‍. എഫ്. എ.കപ്പ്, ലീഗ് കപ്പ് , ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്.. രണ്ടുവട്ടം പ്രീമിയര്‍ ലീഗ് പ്ലെയര്‍ ഓഫ് ദ് സീസണ്‍.......നേടാന്‍ ഒന്നും ബാക്കിവയ്ക്കാതെയാണ് കെവിന്‍ ഡിബ്രൂയിനെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നിന്ന് പടിയിറങ്ങുന്നത്.