മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന താരം അലഹാന്ദ്രോ ഗര്‍ണാച്ചോ ക്ലബ് വിടാന്‍ ഒരുന്നതായി സൂചന. വില്‍പനയ്ക്ക് വച്ച ഒരു വീടാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
35 കോടി രൂപ ചെലവഴിച്ചാണ് 20 വയസുകാരന്‍ അലഹാന്ദ്രോ ഗര്‍ണാച്ചോ ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ഏഴ് കിടപ്പുമുറികളുള്ള വീട് വാങ്ങിയത്. ഗര്‍ണാച്ചോ പൊന്നുംവില കൊടുത്ത് വാങ്ങിയ വീട് വില്‍പനയ്ക്കെന്ന പരസ്യം കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടു. ഉടമസ്ഥന്റെ വിവരങ്ങളൊന്നും വയ്ക്കാതെയായിരുന്നു പരസ്യം. വീടിന്റെ ഒറ്റചിത്രം മാത്രമാണ് പങ്കുവച്ചത്.
നിമിഷനേരംകൊണ്ട് യുണൈറ്റഡ് ആരാധകര്‍ വീട് ഗര്‍ണാച്ചോയുടേതെന്ന് കണ്ടെത്തി. ഇതോടെ താരം യുണൈറ്റഡ് വിടുകയാണെന്ന് അഭ്യൂഹവും പരന്നു. പുതിയ വീട് 12 മാസത്തിനകം വില്‍ക്കുന്നത് ക്ലബ് വിടാനുള്ളതിന്റെ മുന്നൊരുക്കമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു. ഈ സീസണില്‍ 29 മല്‍സരങ്ങള്‍ കളിച്ച ഗര്‍ണാച്ചോ നാലുഗോളുകള്‍ മാത്രമാണ് നേടിയത്. പ്രതിഭയുടെ മിന്നലാട്ടം ഇടയ്ക്ക് കാണാമെന്നല്ലാതെ വിശ്വസിക്കാവുന്ന താരമായി ഇതുവരെ ഗര്‍ണാച്ചോ മാറിയിട്ടില്ല.