ആര്‍സിബിയോ ചെന്നൈ സൂപ്പര്‍ കിങ്സോ? പ്ലേഓഫിലേക്ക് ആരെത്തും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം നടക്കാനിരിക്കെ ഗ്രൗണ്ട് കയ്യേറും എന്ന മുന്നറിയിപ്പുമായി എത്തുകയാണ് ഒരു ആരാധകന്‍. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുയന്‍സറാണ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുമായി എത്തുന്നത്. എന്നാല്‍ കോലിയുടേയോ ധോണിയുടേയോ ആരാധകന്‍ അല്ല ഇയാള്‍...
ആരാധകര്‍ക്ക് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് താന്‍ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരേയും സുരക്ഷാ വേലികളും മറികടന്ന് ഗ്രൗണ്ടിലിറങ്ങും എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ 9ന് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് 50,000 ഫോളോവേഴ്സ് ആയാല്‍ മെയ് 18ന് മത്സരത്തിന് ഇടയില്‍ ഗ്രൗണ്ടിലൂടെ ഓടും എന്നാണ് നിഥിന്‍ എന്ന യുവാവ് പറഞ്ഞിരുന്നത്.
സുരക്ഷാ വേലി ഇല്ലാത്ത സ്റ്റേഡിയത്തിലെ ഭാഗം താന്‍ നോക്കി വെച്ചതായും ഇത് കണ്ടെത്തുന്നതിനായി പലവട്ടം സ്റ്റേഡിയത്തിലെത്തിയതായും യുവാവ് പറയുന്നു. എളുപ്പത്തില്‍ ഗ്രൗണ്ടിലേക്ക് കടക്കാന്‍ സാധിക്കുന്ന സ്റ്റാന്‍ഡിലെ ടിക്കറ്റും ഇയാള്‍ വാങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇയാളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പലരും ബെംഗളൂരു പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്.
പ്ലേഓഫ് ഉറപ്പിക്കാന്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരത്തില്‍ സുരക്ഷാ പ്രശ്നത്തിനൊപ്പം മഴയും ഭീഷണിയാവുന്നുണ്ട്. മത്സര ദിവസം ഇവിടെ മഴ ലഭിക്കാന്‍ 80 ശതമാനമാണ് സാധ്യത. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലേഓഫിലെത്തും.