കൊല്‍ക്കത്തക്കെതിരെ ടോസ് ഭാഗ്യം തുണച്ചിട്ടും ചെപ്പോക്കില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റേഴ്സ് പൊരുതാന്‍ നില്‍ക്കാതെ മടങ്ങുകയായിരുന്നു. ഡ്രസ്സിങ് റൂമിലേക്ക് താരങ്ങള്‍ ഒന്നൊന്നായി തിരികെ കയറുമ്പോള്‍ ഗ്യാലറിയില്‍ ഹൈദരാബാദ് ഉടമ കാവ്യാ മാരന്റെ നിരാശയും പ്രകടമായിരുന്നു. ഒടുവില്‍ ഫൈനലില്‍ തന്റെ ടീം കാലിടറി വീണതോടെ കണ്ണീരടക്കാന്‍ കാവ്യ പ്രയാസപ്പെട്ടു.
കാവ്യാ മാരന്റെ ഗ്യാലറിയിലെ ആഘോഷങ്ങള്‍ പലപ്പോഴും ഇന്റര്‍നെറ്റ് ലോകത്ത് വൈറലാവാറുണ്ട്. എന്നാല്‍ ഇത്തവണ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന കാവ്യയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലേക്ക് എത്തിയത്. മറുവശത്ത് ഫ്ളൈയിങ് കിസ്സിലൂടെയായിരുന്നു ഷാരൂഖിന്റേയും കൂട്ടരുടേയും ആഘോഷം.
ടീം മെന്റര്‍ ഗൗതം ഗംഭീറിനെ ചുംബിച്ച് സന്തോഷം പ്രകടിപ്പിക്കുന്ന ഷാരൂഖ് ഖാന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗംഭീറിനെ എടുത്തുയര്‍ത്തിയാണ് സുനില്‍ നരെയ്ന്‍ ജയം ആഘോഷിച്ചത്. റിങ്കു സിങ് ഒരുപടി കൂടി കടന്ന് ഗൗതം ഗംഭീറിനെ കൈകൂപ്പി വണങ്ങുകയായിരുന്നു.
2012ലും 2014ലുമാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഇതിന് മുന്‍പ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇത്. ടീം മെന്ററുടെ റോളില്‍ കൊല്‍ക്കത്തയിലേക്ക് തിരികെ എത്തിയ ഗംഭീര്‍ വീണ്ടും ടീമിനെ കിരീടത്തിലേക്ക് എത്തിച്ചു.