ഐപിഎലില്‍ ടീം ടോട്ടല്‍ 300 എന്ന മാന്ത്രിക സംഖ്യയിലെത്തുമോ?. എന്തിനുംപോന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയിലാണ് പ്രതീക്ഷ. പവര്‍പ്ലേയിലെ പ്രകടനവും, ഇംപാക്റ്റ് പ്ലെയറിന്റെ വരവും നിശ്ചയിക്കും, ടീം സ്കോര്‍ 300 കടക്കണമോ വേണ്ടയോ എന്നത്.
2013ല്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു കുറിച്ച 263 റണ്‍സ് ഐപിഎലില്‍ ഉയര്‍ന്ന സ്കോറായി അഹങ്കരിച്ച് നിന്നത് ഒരുപതിറ്റാണ്ടോളം. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് മാത്രം, ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത് 3 വട്ടം. ബെംഗളൂരുവിനെതിരെ ഹൈദരാബാദ് നേടിയ 287 റണ്‍സാണ് ഐപിഎലിലെ ഇപ്പോഴത്തെ തലയെടുപ്പുള്ള സ്കോര്‍. കഴിഞ്ഞ വര്‍ഷം 250 റണ്‍സിന് മുകളില്‍ ടീം ടോട്ടല്‍ പോയത് 10 വട്ടം. എട്ടുവട്ടവും ബാറ്റുചെയ്തത് ഹൈദരാബാദ്. പന്തില്‍ ഉമിനീരുപുരട്ടാമെന്ന നിയമവും രണ്ടാമത് ബാറ്റുചെയ്യുമ്പോള്‍ പതിനൊന്നാം ഓവറിന് ശേഷം ന്യൂബോളെന്ന നിയമവും ബോളര്‍മാരെ സഹായിക്കുമെങ്കിലും ഇതിനെല്ലാം അപ്പുറത്ത് നില്‍ക്കും ഇംപാക്റ്റ് പ്ലെയറിന്റെ എന്‍ട്രിയെന്നാണ് കണക്കുകൂട്ടല്‍.
ഇംപാക്റ്റ് പ്ലെയറെ ഇറക്കാന്‍ തുടങ്ങിയതോടെ പവര്‍പ്ലേയില്‍ 2.4 ശതമാനം റണ്‍സിന്റെയും ഡെത്ത് ഓവറുകളില്‍ 3.62 ശതമാനം റണ്‍സിന്റെയും വര്‍ധനയുണ്ടായി. ചെന്നൈ – മുംബൈ ക്ലാസിക്കുണ്ടെങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് ബെംഗളൂരു ഹൈദരാബാദ് പോരിന്. മെയ് 13ന് കുഞ്ഞന്‍ സ്റ്റേഡിയത്തില്‍ വമ്പന്‍മാര്‍ നേര്‍ക്കുനേരെത്തുമ്പോള്‍ ഐപിഎല്‍ ചരിത്രത്തിലെ ആദ്യ 300 പ്ലസ് സ്കോര്‍ പിറക്കുന്നത് കാണാനാണ് കാത്തിരിപ്പ്