ഐപിഎല്‍ 18-ാം സീസണിലെ ആദ്യ മത്സരത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് വിജയതുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തട്ടകത്തില്‍ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു. കൊല്‍ക്കത്തയുടെ 174 റണ്‍സ് 16.2 ഓവറില്‍ ബെംഗളൂരു മറികടന്നു.
ഒാപ്പണിങ് വിക്കറ്റില്‍ തകര്‍ത്തടിച്ച് ഫിലിപ്പ് സാള്‍ട്ടും വിരാട് കോലിയുമാണ് ബെംഗളൂരുവിന്‍റെ വിജയ ശില്പികള്‍. ഫിലിപ്പ് സാള്‍ട്ട് 31 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും സഹിതം 56 റണ്‍സെടുത്തു. വിരാട് കോലി പുറത്താകാതെ 36 പന്തില്‍ 59 റണ്‍സ് നേടി. നാല് ഫോറും മൂന്ന് സിക്സും കോലി നേടി. ദേവ്ദത്ത് പടിക്കല്‍ (10), ക്യാപ്റ്റന്‍ രജിത് പടിധാര്‍ (34), ലിയാം ലിവ്ങ്സ്റ്റണ്‍ (15) എന്നിവരാണ് ടീമിന്‍റെ സ്കോറര്‍മാര്‍.
കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, സുനില്‍ നരെയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
20 ഓവർ എട്ടു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടിയാണ് കൊല്‍ക്കത്ത ഇന്നിങ്സ് അവസാനിപ്പിച്ചത്. തുടക്കം കസറിയ കൊല്‍ക്കത്തയുടെ മധ്യനിര തകര്‍ന്നതോടെ സ്കോറിങിനും വേഗം കുറഞ്ഞു,. ക്യാപ്റ്റന്‍ അജിൻക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 31 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 56 റൺസ് രഹാനെ നേടിയത്. 26 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 44 റൺസെടുത്ത സുനിൽ നരെയ്നൊപ്പം രഹാനെ തുടക്കത്തില്‍ നടത്തിയ പ്രകടനമാണ് കൊല്‍ക്കത്തയുടെ ഇന്നിങ്സിന്‍റെ ഭംഗി.
രണ്ടാം വിക്കറ്റിൽ 51 പന്തിൽ രഹാനെ– നരെയ്ന്‍ കൂട്ടികെട്ട് നേടിയത് 103 റൺസാണ്. പിന്നീട് യുവതാരം ആൻക്രിഷ് രഘുവംശി മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. 22 പന്തിൽ രണ്ടു ഫോറും ഒറു സിക്സും സഹിതം 30 റൺസെടുത്തു. നാല് ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ക്രുനാൽ പാണ്ഡ്യയാണ് ആർസിബിയുടെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത്. ജോഷ് ഹെയ്സൽവുഡ് നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.