ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലില്‍ ആദ്യ മൂന്ന് സ്ഥാനവും സ്വന്തം പേരിലാക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ 286 റണ്‍സ് ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടലാണ്. ഇത് നാലാം തവണയാണ് ഹൈദരാബാദ് ടീം ഐപിഎല്ലില്‍ 250 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്.
രാജസ്ഥാനെതിരായ മത്സരത്തില്‍ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോറിന് രണ്ട് റണ്‍സ് അകലെയാണ് ടീം ഇന്നിങ്സ് അവസാനിപ്പിച്ചത്. ആര്‍സിബിക്കെതിരെ 2024 ല്‍ സണ്‍റൈസേഴ്സ് േനടിയ 287 റണ്‍സ് ആണ് ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍. മുംബൈയ്ക്കെതിരെ നേടിയ 277 റണ്‍സാണ് ഇന്ന് മറികടന്നത്.
പുറത്താകാതെ 106 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍, 31 പന്തില്‍ 67 റണ്‍സെടുത്ത ട്രാവിസ് ഹെഡ്, 14 പന്തില്‍ 34 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസന്‍, 15 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് റെഡ്ഡി എന്നിവരുടെ ബാറ്റിങാണ് സണ്‍റൈസേഴ്സിന്‍റെ റണ്‍മലയ്ക്ക് പിന്നില്‍. ഇഷാന്‍ കിഷന്‍ 11 ഫോറും ആറ് സിക്സും നേടി.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍ എന്ന റെക്കോര്‍ഡ് ജോഫ്ര ആര്‍ച്ചറുടെ പേരിലാണ്. നാല് ഓവര്‍ എറിഞ്ഞ ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങി. 2024 ല്‍ ഡല്‍ഹിക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മോഹിത് ശര്‍മ വഴങ്ങിയ 73 റണ്‍സാണ് പഴങ്കഥയായത്. രാജസ്ഥാന്‍ ബൗളര്‍മാരില്‍ തുഷാര്‍ ദേഷ്പാണ്ഡെ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി.