vignesh-puthur-msd

ആഭ്യന്തര ക്രിക്കറ്റില്‍ സീനിയര്‍ തലത്തില്‍ പോലും കളിച്ചിട്ടില്ലാത്ത പയ്യന്‍, 24 കാരനെ മുംബൈ ഇന്ത്യന്‍സ് പോലൊരു ടീം ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആദ്യ ഇലവനില്‍ ഇറക്കുന്നു. രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി എത്തിയ വിഘ്നേഷ് പുത്തൂര്‍ എന്ന മലയാളി താരം തന്‍റെ ഇംപാക്ട് മത്സരത്തില്‍ കാണിച്ചു. അധികം മത്സര പരിചയമില്ലാത്ത താരത്തെ എങ്ങനെയാണ് മുംബൈ വിശ്വസിച്ച് പന്തേല്‍പ്പിച്ചത്. ഇത് ദീര്‍ഘനാളായി മുംബൈ ടീമിന്‍റെ പ്ലാനിന്‍റെ ഭാഗമായിരുന്നു. 

'എത്രകാലം ക്രിക്കറ്റ് കളിച്ചു എന്ന് നോക്കുന്നതിന് പകരം അതിനുള്ള കഴിവുണ്ടോ എന്നാണ് നോക്കേണ്ടത്, ഇത് ഇന്ന് നിങ്ങള്‍ കണ്ടു', മുംബൈ ഇന്ത്യന്‍സ് ബൗളിങ് കോച്ച് പരസ് മാംബ്രി വിഘ്നേഷിനെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്. കേരള പ്രീമിയര്‍ ലീഗിനിടെ കണ്ടെത്തിയ താരത്തെ ട്രയല്‍സില്‍ നിന്നാണ് മുംബൈ കൂടെ കൂട്ടുന്നത്. പിന്നീട് 30 ലക്ഷത്തിന്‍റെ കരാറും കയ്യില്‍ വച്ചുകൊടുത്തു. 

ട്രയല്‍സില്‍ കൃത്യതയും സ്ഥിരതയുള്ള ടേണും സമ്മർദ്ദത്തിന് വഴങ്ങാത്ത സ്വഭാവുമാണ് വിഘ്നേഷില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ജനുവരിയില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമസ്ഥതയിലുള്ള എംഐ കാപ്ടൗണ്‍ ഫ്രാഞ്ചൈസിക്കായി നെറ്റ്സില്‍ പന്തെറിയാന്‍ വിഘ്നേഷെത്തി. റാഷിദ് ഖാനൊപ്പമാണ് അന്ന് വിഘ്നേഷിന്‍റെ പരിശീലനം. 

ഐപിഎല്ലിന് മുന്‍പ് ഡിവൈ പാട്ടീല്‍ ട്വന്‍റി20 ടൂര്‍ണമെന്‍റില്‍ റിലയന്‍സ് ടീമിന് വേണ്ടിയും വിഘ്നേഷ് കളിച്ചു. ഇതിന് ശേഷമാണ് പ്രീസീസണ്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. നെറ്റ്സിലും പരിശീലന മത്സരങ്ങളിലുമുള്ള പ്രകടനം മുഖ്യ പരിശീലകൻ മഹേള ജയവർധനയുടെ കണ്ണിലുടക്കി. അങ്ങനെയാണ് മലയാളി പയ്യന് ഐപിഎല്ലിൽ നേരത്തെ അവസരം നൽകണമെന്ന് ടീം തീരുമാനിക്കുന്നത്. രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും പിന്തുണയും വിഘ്നേഷിന്‍റെ ഐപിഎല്‍ അരങ്ങേറ്റത്തിന് കാരണമായി. 

'രോഹിത്, സൂര്യ, തിലക് എന്നിങ്ങനെ എല്ലാവരും അവനെതിരെ ബാറ്റ് ചെയ്തു. അത് അവര്‍ക്ക് എളുപ്പമായിരുന്നില്ല. മത്സരത്തിന് പരിഗണിക്കാം എന്നൊരു ഉറപ്പ് നല്‍കിയതിനുള്ള കാരണമിതാണ്. അതൊരു നല്ല തീരുമാനമായിരുന്നു' മുംബൈയുടെ ബൗളിങ് കോച്ച് പരസ് മാംബ്രി പറഞ്ഞു. 

ഐപിഎല്‍ അരങ്ങേറ്റ ദിനം മനോഹരമാക്കിയാണ് വിഘ്നേഷ് താരമായത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് ചെന്നൈയുടെ പ്രധാന മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബൈ, ദീപക് ഹൂഡ എന്നിവരാണ് മലയാളി സ്പിന്നറുടെ പന്തിന് മുന്നില്‍ വീണത്. ആദ്യ മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രമാണ് വിഘനേഷ് വിട്ടുകൊടുത്തത്. അവസാന ഓവറില്‍ രണ്ട് സിക്സറടക്കം 15 റണ്‍സാണ് താരം വഴങ്ങിയത്. 

കളി അവസാനിച്ച ശേഷവും മനോഹരമായ നിമിഷങ്ങള്‍ നീണ്ടു. എംഎസ് ധോണി താരത്തിനു സമീപമെത്തി തോളില്‍ തട്ടി അഭിനന്ദിച്ചു. കയ്യടികളോടെയാണ് സ്റ്റേഡിയം ഈ രംഗത്തെ സ്വീകരിച്ചത്. ശേഷം ഡ്രസിങ് റൂമില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മികച്ച ബൗളറായും വിഘ്നേഷിനെ തിരഞ്ഞെടുത്തു. വിഘ്നേഷ് എവിടെ എന്ന് വിളിച്ച് താരത്തെ വിളിച്ചു വരുത്തിയാണ് ടീം ഉടമ നിതാ അംബാനി ടീമിന്‍റെ സമ്മാനം നല്‍കിയത്. 

കളിക്കാന്‍ അവസരം നല്‍കിയത് എംഐ ഫ്രാഞ്ചൈസിക്ക് നന്ദി പറയുന്നു. ഈ താരങ്ങള്‍ക്കൊപ്പം കളിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വലിയ സന്തോഷമുണ്ട്. ക്യാപ്റ്റന്‍ സൂര്യ ഭായ് വലിയ പിന്തുണയാണ് നല്‍കുന്നത്. അതാണ് വലിയ സമ്മര്‍ദ്ദമില്ലാതെ തോന്നിയത്. എല്ലാം താരങ്ങളുടെ പിന്തുണയ്ക്കും നന്ദി എന്നാണ് വിഘ്നേഷ് ഡ്രസിങ് റൂമില്‍ സംസാരിച്ചത്. 

ENGLISH SUMMARY:

Malayali cricketer Vignesh Puthoor made a dream IPL debut for Mumbai Indians, taking three key wickets against Chennai Super Kings. Read how MI discovered and nurtured this rising star.