കഴിഞ്ഞ സീസണ്‍ വരെ എത്ര നല്ല ടീമായിരുന്നു എന്നാണ് രാജസ്ഥാന്‍ റോയല്‍സിനെ പറ്റി ആരാധകര്‍ പരിതപിക്കുന്നത്. ലേലത്തില്‍ നഷ്ടമായ മികച്ച താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ രാജസ്ഥാന് സാധിച്ചില്ലെന്നതാണ് രണ്ട് തുടര്‍ തോല്‍വിയിലൂടെ ആരാധകര്‍ ഉറപ്പിക്കുന്നത്. ഈ ടീം പ്ലേ ഓഫിലെത്തുമോ എന്നും ആരാധകര്‍ ചോദിക്കുന്നു.
കയ്യിലുള്ള ടീമിനെ മികച്ച രീതിയില്‍ ഉപയോഗിച്ചില്ലെന്ന വിമര്‍ശനം ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. രാജസ്ഥാന്‍റെ ബാറ്റിങ് ലൈനപ്പിലെ ഏക വിദേശ താരമാണ് ഷിമ്രോണ്‍ ഹെറ്റ്‍മെയര്‍. താരത്തെ എട്ടാം നമ്പറായി ഇറക്കുന്നു. ഓള്‍റൗണ്ടര്‍ വാനിഡു ഹസരംഗയെ ഹെറ്റ്‍മെയറിനും ശുഭം ദുബൈയ്ക്കും മുന്നേ ഇറക്കുന്നു. ടീം മാനേജ്മെന്‍റിന്‍റെ ഈ തീരുമാനങ്ങളെ ചോദ്യം ചെയ്യുകയാണ് ആകാശ് ചോപ്ര.
'ബാറ്റിങ് ഓര്‍ഡര്‍ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ഇലവനെ പ്രഖ്യാപിച്ചപ്പോൾ ശുഭം ദുബെയുടെ പേര് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മത്സരത്തിൽ 11, 12 പന്തിൽ നിന്ന് 35 റൺസ് നേടിയ കളിക്കാരനാണ് ശുഭം ദുബെ', ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് വിഡിയോയില്‍ പറഞ്ഞു. സഞ്ജു സാംസണിന് പകരം ഇംപാക്ട് സബ്ബായാണ് ശുഭം ദുബൈ എത്തിയത്. 12 പന്തില്‍ ഒന്‍പത് റണ്ണാണ് നേടിയത്. ഹെറ്റ്മെയര്‍ എട്ട് പന്തില്‍ ഏഴു റണ്‍സ് നേടി.
പിന്നെ ഷിമ്രോൺ ഹെറ്റ്മെയറിന് മുമ്പ് ശുഭം ദുബെയെ അയച്ചു. ടീമിലൊരു വിദേശ ബാറ്റ്സ്മാൻ ഉണ്ടെങ്കിൽ അദ്ദേഹത്തെ എട്ടാം സ്ഥാനത്ത് കളിപ്പിക്കുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്? ലോക ക്രിക്കറ്റിൽ ഒരു ട്വന്‍റി 20 മത്സരത്തിൽ എട്ടാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്ന പൂര്‍ണബാറ്ററായ ഒരു താരം ഉണ്ടാകുമോ എന്നും ചോപ്ര ചോദിക്കുന്നു.
ഹൈദരാബാദിനെതിരെ 200 റണ്‍സെടുത്ത ടീമാണ്, എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരെ 151ന് മുകളില്‍ പോകാനായില്ല. ആർആർ തന്ത്രപരമായ പിഴവുകൾ വരുത്തി, മാനേജ്മെന്റിന്റെ സാധാരണ ചിന്താഗതിയെ ആണിത് കാണിക്കുന്നതെന്നും ചോപ്ര വിമര്‍ശിച്ചു.