ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് ജയം. ഈ സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്. ആദ്യ രണ്ടു മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈക്ക് നിലവിലെ ചാംപ്യൻമാർ കൂടിയായ കൊല്‍ക്കത്തയ്ക്കെതിരെയുള്ള ജയം സീസണില്‍ പുതിയ ഊര്‍ജം നല്‍കും.
കൊല്‍ക്കത്ത ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറിലാണ് മുംബൈ മറികടന്നത്. അരങ്ങേറ്റതാരം അശ്വനി കുമാര്‍ നാല് വിക്കറ്റ് നേടി. മലയാളി താരം വിഘ്നേഷ് പുത്തൂര്‍ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങി ഒരുവിക്കറ്റ് സ്വന്തമാക്കി. 41 പന്തില്‍ നിന്ന് 5 സിക്സും 4 ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന് റിക്കെൾട്ടണാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. സൂര്യകുമാര്‍ യാദവ് ഒമ്പത് പന്തില്‍ നിന്ന് 27 റണ്‍സോടെ പുറത്താകാതെ നിന്നു. വിൽ ജാക്സ് 17 പന്തിൽ 16 റൺസെടുത്ത് പുറത്തായി. 12 പന്തിൽ 12 റൺസുമായി രോഹിത് ശർമയാണ് പുറത്തായ മറ്റൊരു താരം. സൂര്യകുമാർ യാദവ് ഒൻപതു പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 27 റൺസെടുത്ത് മുംബൈയെ ട്രാക്കിലാക്കി!
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത 16.2 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. കൊല്‍ക്കത്തയ്ക്കായി ആന്ദ്രേ റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മ, വില്‍ ജാക്ക്സ് എന്നിവരുടെ വിക്കറ്റുകളാണ് റസ്സല്‍ വീഴ്ത്തിയത്. 16 പന്തില്‍ 26 റണ്‍സെടുത്ത അംഗ്ക്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തയിലെ ഈ സീസണിലെ രണ്ടാം തോല്‍വിയാണിത്.