2016 തമിഴ്നാട് പ്രീമിയര്‍ ലീഗ്. ആര്‍. അശ്വിനുമായി കൊമ്പുകോര്‍ത്തൊരു ഇരുപതുകാരന്‍ സ്പിന്നര്‍. ആദ്യം അശ്വിനെപ്പോലെ പന്തെറിയാന്‍ പഠിക്ക്, എന്നിട്ടാകാം ഏറ്റുമുട്ടലെന്ന വിമര്‍ശത്തില്‍ പയ്യന്‍ തളര്‍ന്നില്ല. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു കാരംബോളുകൊണ്ട് അശ്വിനെപ്പോലും വിസ്മയിപ്പിച്ചിരിക്കുകയാണ് സായി കിഷോര്‍.
വേഗതകുറച്ചൊരു നോര്‍മല്‍ ലെങ്ത് പന്ത് എന്നേ ബാറ്റുചെയ്ത ക്രുണാല്‍ പാണ്ഡ്യ പോലും കരുതിയൊള്ളു. എന്നാല്‍ ഒരു ലെഫ്റ്റ് ആം സ്പിന്നറില്‍ നിന്ന് പ്രതീക്ഷിക്കാത്ത കാരം ബോള്‍ ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് സായിയുടെ കൈകളിലെത്തിച്ചു. സായിയുടെ മിസ്റ്റ്ട്രി ഡെലിവറി വൈകാതെ ചര്‍ച്ചയായി. നാലഞ്ചുകൊല്ലത്തെ പരിശീലനമാണ് ബെംഗളൂരുവിനെതിരായ മല്‍സരത്തില്‍ കണ്ടതെന്ന് സായി കിഷോര്‍.
ഇപ്പോഴാണ് ഐപിഎല്‍ വേദിയില്‍ പരീക്ഷിക്കാന്‍ സായിക്ക് ധൈര്യം കിട്ടിയതത്രേ. നാലോവറില്‍ 22 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റുമായാണ് സായി കിഷോര്‍ കളം വിട്ടത്. ബോളിങ്ങിലെ പരീക്ഷണങ്ങളാണ് സായിയുടെ ഹോബി. കഴിഞ്ഞ വര്‍ഷം അഫ്ഗാന്‍ സ്പിന്നര്‍ നൂറ് അഹമ്മദ് ഉള്‍പ്പെട്ട ഗുജറാത്ത് നിരയിലേക്ക് സായിക്ക് വിരളമായേ അവസരം കിട്ടിയൊള്ളു.
അപ്പോഴും പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഹോക്ക് ഐ ഡേറ്റ ഉപയോഗിച്ച് നടത്തിയ പഠനം അതിലൊന്ന് . അതുകൊണ്ടാണ് മുന്‍ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ സായിക്ക് സയന്റിസ്റ്റ് എന്ന് ഓമനപ്പേര് നല്‍കിയത്.