marko-leskovic

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ മാര്‍ക്കോ ലസ്കോവിച്ച് ടീം വിട്ടു. ലസ്കോവിച്ചുമായുള്ള കരാര്‍ ക്ലബ് പുതുക്കിയില്ല. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് വിടുന്ന അഞ്ചാമത്തെ കളിക്കാരനാണ് മാര്‍ക്കോ ലസ്കോവിച്ച് . 33 വയസ്സുകാരനായ ക്രൊയേഷ്യൻ പ്രതിരോധ താരം 2021 ലാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്നത്. താരം ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർന്നും കളിക്കുമോയെന്നു വ്യക്തമല്ല. ജാപ്പനീസ് ഫോർവേഡ് ഡെയ്സുകെ സകായും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകില്ല

 

കഴിഞ്ഞ സീസണിൽ ഏഷ്യൻ സൈനിങ്ങായാണ് ജാപ്പനീസ് മുന്നേറ്റ താരത്തെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. ദിവസങ്ങൾക്കു മുൻപ് ബ്ലാസ്റ്റേഴ്സിൽനിന്നു വിട പറഞ്ഞ ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ‍ഡയമെന്റകോസ് അടുത്ത സീസണിൽ ഈസ്റ്റ് ബംഗാളിൽ കളിക്കും. രണ്ടു വർഷത്തെ കരാറാണ് ഈസ്റ്റ് ബംഗാൾ ഡയമെന്റകോസിനായി ഒരുക്കിയതെന്നാണു വിവരം.

ഇവാൻ വുക്കൊമാനോവിച്ചിനു പകരം മിക്കേൽ സ്റ്റാറേ പരിശീലകനായി എത്തിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സിൽ സമ്പൂർണ അഴിച്ചുപണി നടക്കുന്നത്. മിഡ്ഫീൽഡർ അഡ്രിയൻ ലൂണ അടുത്ത സീസണിലും ക്ലബ്ബിനൊപ്പം തുടരും. ഇന്ത്യൻ ഗോൾ കീപ്പർമാരായ കരൺജിത് സിങ്, ലാറ ശർമ എന്നിവരും ബ്ലാസ്റ്റേഴ്സ് വിട്ടു. ഇവാന്റെ കീഴിൽ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചിരുന്ന ഫ്രാങ്ക് ദുവനും അടുത്ത സീസണിൽ ടീമിനൊപ്പമുണ്ടാകില്ല.

ENGLISH SUMMARY:

Kerala Blasters announce the departure of Croatian defender Marko Leskovic