എം‌എസ് ധോണിക്ക് വയസ്സ് 41 ആയി, എന്നാൽ പ്രായം ഒരു സംഖ്യ മാത്രമാണെന്ന് അദ്ദേഹം ഇത്തവണത്തെ ഐപിഎൽ പ്രകടനത്തിലൂടെ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി നടന്ന ഇക്കഴിഞ്ഞ മത്സരത്തിൽ ബാറ്റ് ചെയ്യാന്‍ എത്തുന്നതിനു മുൻപ് ധോണി ബാറ്റില്‍ കടിച്ചു വലിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചചെയ്ത സംഭവമാണ്.എന്നാൽ ഇതാദ്യമായിട്ടല്ല ധോണി ഇത്തരത്തിൽ ബാറ്റില്‍ കടിച്ചു വലിക്കാറുള്ളത്. 

ടീം ഡഗൗട്ടിലിരിക്കെ, ചിലപ്പോൾ സ്വന്തം ക്രിക്കറ്റ് ബാറ്റിൽ കടിച്ചു വലിക്കുന്ന വിചിത്രമായ സ്വഭാവത്തിന് ഉടമയാണ് ധോണി. ഇന്ത്യയ്ക്കായുള്ള മത്സരങ്ങൾക്കിടെയും ടീം ഡ്രസിങ് റൂമിലോ ഡഗൗട്ടിലോ ധോണി ബാറ്റിൽ കടിച്ചു വലിക്കുന്നതിന്റെ ചിത്രങ്ങൾ മുൻപും പ്രചരിച്ചിട്ടുണ്ട്.

‘ഈറ്റിങ് ദ് ബാറ്റ്’ എന്ന പേരിൽ പ്രചാരം നേടിയതും വാർത്തകളിൽ ഇടം നേടിയതുമായ ധോണിയുടെ ഒരു പഴയ ഒരു ശീലം കൂടിയാണിത്. ഇപ്പോഴിതാ ധോണി ഇത്തരത്തിൽ വിചിത്രമായി ബാറ്റ് കടിക്കാനുള്ളതിന്റെ കാരണമെന്താണെന്നു ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്ര.

‘എന്തുകൊണ്ടാണു ധോണി തന്റെ ബാറ്റ് കടിച്ചുതിന്നുന്നത് എന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് നിങ്ങൾ എങ്കിൽ.. ബാറ്റിന്റെ ടേപ് നീക്കം ചെയ്യുകയാണു ധോണി ചെയ്യുന്നത്. തന്റെ ബാറ്റ് എല്ലായ്പ്പൊഴും വൃത്തിയോടെയിരിക്കണം എന്നാണു ധോണിയുടെ ആഗ്രഹം. ധോണിയുടെ ബാറ്റിൽനിന്ന് ടേപ്പിന്റെയോ നൂലിന്റെയോ ഒരു അംശം പോലും പുറത്തേക്കു തള്ളി നിൽക്കുന്നതായി നിങ്ങൾക്കു കാണാൻ സാധിക്കില്ല’– മിശ്ര ട്വിറ്ററിൽ കുറിച്ചു.  

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി നടന്ന മത്സരത്തിൽ ഫിനിഷറുടെ റോളില്‍ 262.5 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിൽ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും അടക്കം വെറും എട്ടു ബോളില്‍ 21 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയും ചെയ്തു.