sanju-samson-india-squad

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനു ശേഷം അരങ്ങേറുന്ന ന്യൂസീലൻഡ്, ബംഗ്ലദേശ് ടീമുകൾക്കെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ന്യൂസീലൻഡിനെതിരെ ട്വന്റി20, ഏകദിന പരമ്പരകളും ബംഗ്ലദേശിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകളുമാണുള്ളത്. ന്യൂസീലൻഡിനെതിരായ ഏകദിന - ട്വന്റി 20 പരമ്പരകൾക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടംപിടിച്ചു. ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്.

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പരയിൽ ശിഖർ ധവാനും ഇന്ത്യയെ നയിക്കും. ഋഷഭ് പന്താണ് ഇരു പരമ്പരകളിലും വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, ദിനേഷ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചു. മലയാളി താരം സഞ്ജു സാംസൺ ഇരു ടീമുകളിലുമുണ്ട്. പേസർ ഉമ്രാൻ മാലിക്കും ടീമിലേക്ക് തിരിച്ചെത്തി.

ബംഗ്ലദേശിനെതിരായ പരമ്പരയിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും. കെ.എൽ.രാഹുലാണ് വൈസ് ക്യാപ്റ്റൻ. പരുക്കേറ്റ രവീന്ദ്ര ജ‍ഡേജ ടീമിലേക്ക് തിരിച്ചെത്തിയപ്പോൾ പേസർ ജസ്പ്രീത ബുമ്രയ്ക്ക് വീണ്ടും വിശ്രമം അനുവദിച്ചു. സഞ്ജു സാംസണു പകരം ഇഷാൻ കിഷനാണ് ബംഗ്ലദേശ് പര്യടനത്തിൽ രണ്ടാം വിക്കറ്റ് കീപ്പർ.

ലോകകപ്പിന് നാല് ദിവസത്തിനുശേഷം നവംബർ 18നാണ് കിവീസിനെതിരായ ആദ്യ ട്വന്റി20 മത്സരം. 20, 22 തീയതികളിൽ മറ്റു ടി20 മത്സരങ്ങൾ. നവംബർ 25, 27, 30 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ഡിസംബർ 4ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനം ആരംഭിക്കുന്നത്. ഡിസംബർ 7, 10 തീയതികളിലാണ് ബാക്കി ഏകദിനങ്ങൾ. ഡിസംബർ 14–18, 22–26 എന്നിങ്ങനെ രണ്ടു ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിലുണ്ട്.

Sanju Samson return, BCCI announce squad for New Zealand and Bangladesh tours