suryakumar-yadav-

രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ റേറ്റിങ് സ്വന്തമാക്കുന്ന ബാറ്ററെന്ന നേട്ടത്തിന് തൊട്ടരികെ ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഐസിസി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പതിപ്പിലും ട്വന്റി20 ബാറ്റർമാരിൽ ഒന്നാമനാണ് സൂര്യ. 908 റേറ്റിങ് പോയിന്റുമായി റാങ്കിങ്ങിൽ രണ്ടാമതുള്ള പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്‍വാനേക്കാൾ ബഹുദൂരം മുന്നിലാണ് താരം. 836 റേറ്റിങ് പോയിന്റാണ് റിസ്‌വാനുള്ളത്. 2020ൽ 915 റേറ്റിങ്ങുമായി ഒന്നാം സ്ഥാനത്തിരുന്ന ഇംഗ്ലിഷ് താരം ഡേവിഡ് മലാന്റെ പേരിലാണ് കൂടുതൽ റേറ്റിങ് പോയിന്റ് എന്ന റെക്കോർഡ്.

 

 

2021 മാർച്ച് 14ന് ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദിൽ രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറിയ സൂര്യകുമാർ യാദവ്, ഇതുവരെ 47 മത്സരങ്ങളിൽ നിന്ന് 47.17 ശരാശരിയിൽ നേടിയത് 1651 റൺസാണ്. ഇതിൽ മൂന്നു സെഞ്ചറികളും 13 അർധസെഞ്ചറികളും ഉൾപ്പെടുന്നു. 117 റൺസാണ് കരിയറിലെ ഉയർന്ന സ്കോർ. ഇതുവരെ അടിച്ചുകൂട്ടിയത് 94 സിക്സറുകളും 149 ഫോറുകളുമാണ്.

 

2022ൽ രാജ്യാന്തര ട്വന്റി20യിൽ മികച്ച ഫോമിലായിരുന്ന സൂര്യയെ, ആ വർഷത്തെ മികച്ച ട്വന്റി20 താരമായി ഐസിസി തിരഞ്ഞെടുത്തിരുന്നു. ട്വന്റി20യിൽ ഒരു കലണ്ടർ വർഷത്തിൽ ആയിരത്തിലധികം റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമായും സൂര്യകുമാർ മാറി. 31 മത്സരങ്ങളിൽനിന്ന് 46.56 ശരാശരിയിൽ സൂര്യ അടിച്ചെടുത്തത് 1164 റൺസാണ്. 187.43 എന്ന സ്ഫോടനാത്മക സ്ട്രൈക്ക് റേറ്റിലാണിത്. 2022ൽ ആകെ 68 സിക്സറുകൾ അടിച്ചുകൂട്ടിയ സൂര്യ, ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി.

 

Suryakumar Yadav extends his lead as ICC's No.1-ranked T20I batter