1983 ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ താരങ്ങള്‍ ലതാ മങ്കേഷ്കര്‍ക്കൊപ്പം, ദിലിപ് വെങ്സര്‍ക്കാര്‍ (വലത്)– ചിത്രം : മനോരമ

1983 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇന്ത്യയ്ക്കായി നേടിയ ടീമംഗങ്ങള്‍ക്ക് ലതാമങ്കേഷ്കറെ മറക്കാനാവില്ലെന്ന് ദിലിപ് വെങ്സര്‍ക്കാര്‍. 25,000 രൂപ മാത്രമാണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരങ്ങള്‍ക്ക് നല്‍കുന്നതെന്നറിഞ്ഞ 'ഇന്ത്യയുടെ വാനമ്പാടി' ഉടനടി സംഗീതനിശ സംഘടിപ്പിക്കുകയായിരുന്നു. ടീമംഗങ്ങള്‍ക്ക് സാമാന്യം നല്ല തുക സമ്മാനമായി നല്‍കാന്‍ ഇതുവഴി കഴിയുമെന്ന് ലതാജി വിശ്വസിച്ചിരുന്നുവെന്നും കന്നിക്കിരീടത്തിന്റെ 40–ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരു ദേശീയ മാധ്യമത്തില്‍ അദ്ദേഹം എഴുതി. 

 

'ടെസ്റ്റ് മാച്ചില്‍ പങ്കെടുത്താല്‍ 7000 രൂപയും, ഏകദിനത്തില്‍ പങ്കെടുത്താല്‍ 5000 രൂപയുമായിരുന്നു അക്കാലത്ത് പ്രതിഫലമായി ലഭിച്ചിരുന്നത്. രാഷ്ട്രീയ–സാമൂഹ്യ രംഗങ്ങളിലെ പ്രശസ്തരാണ് ലതാജിയുടെ സംഗീതപരിപാടിയില്‍ ആസ്വാദകരായി എത്തിയത. പരിപാടി ഗംഭീരമായതോടെ ടീമംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരുലക്ഷം രൂപയുടെ ചെക്ക് ലഭിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ക്രിക്കറ്റിനായി ഒരു ലക്ഷം രൂപയുടെ ചെക്ക് കണ്ട'തെന്നും അദ്ദേഹം കുറിച്ചു. 

 

ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്. പക്ഷേ 83 ലെ ലോകകപ്പ് കപിലിന്റേത് മാത്രമായിരുന്നു. കരിയറിന്റെ പരകോടിയിലായിരുന്നു കപിലന്ന്. ബാറ്റിങിലും ബോളിങിലും ഫീല്‍ഡിങിലും കപില്‍ കളം നിറഞ്ഞു. വിവ് റിച്ചര്‍ഡിന്റെ വിക്കറ്റെടുത്ത കാഴ്ച കണ്ണില്‍ നിന്നും മായാതെ ഇന്നുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

ലോര്‍ഡ്സില്‍ മൂന്ന് ടെസ്റ്റ് സെഞ്ചറികള്‍ നേടിയ ഇംഗ്ലണ്ടുകാരനല്ലാത്ത ഏക ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് ഇന്നും ഈ മഹാരാഷ്ട്രക്കാരന്റെ പേരിലാണ്. 54 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 13 സെഞ്ചറികളുള്‍പ്പടെ 3725 (55.39 ശരാശരി) റണ്‍സാണ് ദിലിപ് വെങ്സര്‍ക്കാറിന്റെ  ഇന്ത്യന്‍ മണ്ണിലെ സമ്പാദ്യം. വിരാട് കോലിയാണ് ടെസ്റ്റില്‍ സര്‍ക്കാരെക്കാള്‍ മികച്ച ബാറ്റിങ് ശരാശരിയുള്ളയാള്‍. 

 

Dilip Vengsarkar recollects 1983 world cup memmories