ആറ് കളിയില്‍ നിന്ന് 23 വിക്കറ്റ് വീഴ്ത്തി ലോകകപ്പില്‍ കയ്യടി വാങ്ങുകയാണ് ഇന്ത്യയുടെ മുഹമ്മദ് ഷമി. ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളര്‍ എന്നതുള്‍പ്പെടെ നേട്ടങ്ങള്‍ ഷമി സ്വന്തമാക്കി കഴിഞ്ഞു. റെക്കോര്‍ഡുകളിലേക്ക് തങ്ങളുടെ സ്വന്തം താരം എത്തിയതോടെ ഷമിയുടെ ഗ്രാമത്തിലും കായിക വികസനത്തിന് വഴി തുറക്കുകയാണ്. 

ഷമിയുടെ നാടായ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ മിനി സ്റ്റേഡിയമാണ് ഉയരാന്‍ പോകുന്നത്. ഷമിക്ക് ആദരവര്‍പ്പിച്ചാണ് സ്റ്റേഡിയം പണിയുന്നത്. ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനം വന്നതിന് പിന്നാലെയാണ് അംറോഹ ജില്ലാ ഭരണകൂടത്തിന്റെ നീക്കം. മിനി സ്റ്റേഡിയത്തിനൊപ്പം ഓപ്പണ്‍ ജിമ്മും റേസ് ട്രാക്കും ഉണ്ടാവും. സംസ്ഥാനത്ത് 20 സ്റ്റേഡിയങ്ങള്‍ പുതിയതായി നിര്‍മിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കം. അംറോഹയിലെ സ്റ്റേഡിയവും ഇതില്‍ ഉള്‍പ്പെടുന്നു. 

അംറോഹയിലെ സഹസ്പുര്‍ അലിനഗര്‍ ഗ്രാമത്തില്‍ നിന്നാണ് മുഹമ്മദ് ഷമി വരുന്നത്. കര്‍ഷകനായിരുന്നു ഷമിയുടെ പിതാവ് തൗസിഫ് അലി. കുട്ടിക്കാലത്ത് ഷമിയെ ബൗളിങ് പഠിപ്പിച്ചതും പിതാവായിരുന്നു. മൊറാദാബാദ് ക്ലബില്‍ കളിച്ചാണ് ഷമി തന്റെ ബൗളിങ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത്. എന്നാല്‍ യുപിയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടാന്‍ ഷമിക്കായില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഉദ്യോഗസ്ഥന്റെ കണ്ണില്‍പ്പെട്ടതോടെയാണ് ഷമിയുടെ തലവര മാറുന്നത്. കൊല്‍ക്കത്ത ടൗണ്‍ ക്ലബിലേക്ക് പിന്നാലെ ഷമി എത്തി. 2010-11 സീസണിലായിരുന്നു രഞ്ജി ട്രോഫി അരങ്ങേറ്റം. ഷമിയുടെ മാതാപിതാക്കളാവും ഈ മിനി സ്റ്റേഡിയത്തിന്റെ തറക്കല്ലിടുക എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കോടി രൂപയാണ് നിര്‍മാണ ചിലവ് പ്രതീക്ഷിക്കുന്നത്.