അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയിത്തില്‍ ഇന്ത്യ- ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിനിടെ പലസ്തീന്‍ അനുകൂല പ്രതിഷേധവുമായെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. 24 വയസുകാരനായ ഓസ്ട്രേലിയന്‍ പൗരന്‍ വെന്‍ ജോൺസണാണ് മല്‍സരത്തിനിടെ മൈതാനത്തിലേക്ക് അതിക്രമിച്ച് കടന്നത്. ഇയാള്‍ക്കെതിരെ അഹമ്മദാബാദിലെ ചന്ദ്ഖേഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐപിസി 332, 447 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. താൻ വിരാട് കോഹ്‌ലിയുടെ ആരാധകനാണെന്നും മല്‍സരത്തിനിടെ അദ്ദേഹത്തെ കാണാനായാണ് മൈതാനത്തിലേക്ക് കടന്നതെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം ജോൺസൺ സ്ഥിരം കുറ്റവാളിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും ഇതിന് മുന്‍പും ഇയാള്‍ക്കെതിരെ മൈതാനങ്ങളില്‍ അതിക്രമിച്ച് കയറിയതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചന്ദ്ഖേഡ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ വിരാജ് ജഡേജ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ 14-ാം ഓവറിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് യുവാവ് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. പല്തീനില്‍ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങള്‍ എഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീന്‍ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്കും ധരിച്ചിരുന്നു. കോലിയുടെ അടുത്തെത്തിയ യുവാവ് അദ്ദേഹത്തെ പിറകില്‍ തട്ടിയ ശേഷം ആലിംഗനം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പിന്നാലെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥരെത്തി ഇയാളെ പുറത്താക്കി. പിന്നാലെ മല്‍സരം തടസപ്പെട്ടെങ്കിലും ഉടന്‍ തന്നെ പുനരാരംഭിച്ചു.
അതേസമയം ഇത്തവണത്തെ ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ആദ്യമായല്ല സുരക്ഷാ ലംഘനം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയപ്പോൾ ജാർവോ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറും ക്രിക്കറ്റ് മൈതാനങ്ങളിൽ കളിക്കിടെ അതിക്രമിച്ചു കടന്ന് കുപ്രസിദ്ധി നേടിയ ചെയ്ത ഡാനിയൽ ജാർവിസിനെ സുരക്ഷാ അധികാരികൾ പിടികൂടിയിരുന്നു.
ഇന്ത്യ– ഓസ്ട്രേലിയ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ ടീം ഗ്രൗണ്ടിലേക്ക് മാർച്ച് ചെയ്യാൻ അണിനിരന്നപ്പോഴാണ് വിഐപി ഏരിയയിലെ ഗാലറിയിലൂടെ ഇയാൾ ഗ്രൗണ്ടിലേക്ക് കടന്നത്. ഇന്ത്യൻ ജഴ്സി ധരിച്ചെത്തിയ ജാർവോ വിരാട് കോലിയുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഓഫിസർ പിടികൂടി പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. സംഭവത്തിനു പിന്നാലെ ലോകകപ്പിലെ മറ്റു മത്സരങ്ങളിൽ നിന്ന് ഐസിസി ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Case was registered against the person who entered the ground unauthorized during the India-Australia World Cup final match on November 19.