sanju-samson

രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈയെ പിടിച്ചുകെട്ടി കേരളം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 9 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സ് എന്ന നിലയിലാണ് ആദ്യ ദിനം അവസാനിച്ചത്. മുതിര്‍ന്ന താരം രഹാനെ ഡക്കായി മടങ്ങി. ഇന്നിങ്സിന്റെ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തി മുംബൈയെ കേരളം വിറപ്പിച്ചിരുന്നു. 

ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം പുറത്തെടുത്ത് രഞ്ജിയിലേക്ക് വന്ന ശിവം ദുബെ കേരളത്തിനെതിരെ അര്‍ധ ശതകം നേടി. 72 പന്തില്‍ നിന്ന് 51 റണ്‍സ് ആണ് ദുബെ നേടിയത്. ദുബെയെ കൂടാതെ രണ്ട് താരങ്ങള്‍ കൂടി മുംബൈ നിരയില്‍ അര്‍ധ ശതകം കണ്ടെത്തി. ഓപ്പണര്‍ ഭുപെന്‍ ലല്‍വാനിയും തനുഷുമാണ് മുംബൈയെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 

കേരളത്തിനായി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റ് വീഴ്ത്തി. സക്സേനയും ബേസില്‍ തമ്പിയും രണ്ട് വിക്കറ്റ് വീതവും നിധീഷും സുരേഷ് വിശ്വേശറും ഓരോ വിക്കറ്റ് വീതവും പിഴുതു. രണ്ടാം ദിനം മുംബൈയുടെ ശേഷിച്ച ഒരു വിക്കറ്റും വേഗം വീഴ്ത്തി മികച്ച ലീഡ് കണ്ടെത്താനാവും കേരളത്തിന്റെ ശ്രമം. നിലവില്‍ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനത്താണ് കേരളം. രണ്ട് കളിയില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് കേരളത്തിനുള്ളത്. 

14 പോയിന്റോടെ മുംബൈയാണ് ഒന്നാമത്. 10 പോയിന്റോടെ ചത്തീസ്ഗഡ് രണ്ടാമതും. 41 വട്ടം രഞ്ജി ട്രോഫി ചാംപ്യന്മാരായ മുംബൈ ഈ സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളും ബോണസ് പോയിന്റോടെയാണ് ജയിച്ചത്. 

Kerala restrict mumbai from scoring big