ലക്ഷ്യ സെന്നിന് വിധിച്ചിട്ടില്ല. അല്ലെങ്കില്‍ ആദ്യ സെറ്റില്‍ മൂന്ന് തവണ ഗെയിം പോയിന്റില്‍ എത്തിയിട്ട് എങ്ങനെ വീണ് പോകും..? ഒളിംപിക്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നിലവിലെ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ഡെന്‍മാര്‍ക്കിന്‍റെ വിക്ടര്‍ അക്സല്‍സെന്‍ തന്റെ പ്രതിഭയുടെ എല്ലാ മിന്നലാട്ടങ്ങളും പുറത്തെടുത്തിട്ടും കുലുക്കമില്ലാതെ സ്വതസിദ്ധമായ ഗെയിം ലക്ഷ്യ കളിച്ചു. ആദ്യ സെറ്റില് 20-17ല്‍ നില്‍ക്കവെ ലക്ഷ്യയ്ക്ക് ഒരു പോയിന്റ് മാത്രം മതിയായിരുന്നു ഗെയിം നേടാന്‍. മൂന്ന് തവണ അതിനവസരം ലഭിച്ചു. പക്ഷെ മുതലാക്കാനായില്ല. അഞ്ച് പോയിന്റ് തുടര്‍ച്ചയായി നേടി അക്സല്‍സെന്‍ ആദ്യ സെറ്റ് 22-20 നേടുന്നത് അവിശ്വസനീയതയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്.
രണ്ടാം സെറ്റില് ആദ്യ ഘട്ടത്തില്‍ 7-0ന് മുന്നിലായിരുന്നു ലക്ഷ്യ. അവിടെ നിന്ന് 10-10ന് സമനില പിടിച്ച അക്സല്‍സെന്‍ പിന്നെ തിരിഞ്ഞ് നോക്കിയില്ല. ലക്ഷ്യയെ 21-14ന് തോല്‍പ്പിച്ച് രണ്ടാം സെറ്റും നേടി അക്സല്‍സെന്‍ ഫൈനലിലേക്ക് കുതിച്ചു. തോറ്റെങ്കിലും ലക്ഷ്യ സെന്നിന്റെ മെഡല്‍ സാധ്യത അസ്തമിച്ചിട്ടില്ല. വെങ്കല മെഡലിനായി നാളെ വൈകിട്ട് ആറിന് മലേഷ്യയുടെ ലീ സീ ജിയയെ നേരിടും. അതില്‍ ജയിച്ചാല്‍ ലക്ഷ്യ പുതിയ ചരിത്രം കുറിക്കും. ഒളിംപിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന ചരിത്രം.
ഈ ഒളിംപിക്സില്‍ ഇതുവരെയുള്ള പ്രകടനത്തിന് ഒരു മെഡല്‍ ലക്ഷ്യ അര്‍ഹിക്കുന്നുണ്ട്. അത് സംഭവിക്കട്ടെ. ഭാവിയില്‍ വലിയ ലക്ഷ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ 22 കാരനായ ലക്ഷ്യയ്ക്ക് ആ മെഡല്‍ വിജയം നല്‍കുന്ന ഊര്‍ജം അസാധാരണമാകും. സൈന നെഹ്വാളിനും പി.വി സിന്ധുവിനും ശേഷം ലോക ബാഡ്മിന്റണ്‍ വേദികളില്‍ ദീര്‍ഘകാലം ഇന്ത്യയുടെ മേല്‍വിലാസമായി മാറുന്നതിന്‍റെ തുടക്കവുമാകും അത്.