അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സ്പെയിനിലുള്ള വസതിയില്‍ അതിക്രമിച്ച് കടന്ന് തീവ്ര പരിസ്ഥിതി വാദികള്‍. ചൊവ്വാഴ്ചയായിരുന്നു ഇബിസ ദ്വീപിലെ ആഡംബര വസതിക്ക് നേരെ ആക്രമണമുണ്ടായത്. കാലാവസ്ഥ പ്രശ്നങ്ങളുടെ ഉത്തരവാദികള്‍ സമ്പന്നരാണെന്ന ആശയം പ്രചരിപ്പിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഫ്യുച്ചുറോ വെജിറ്റല്‍ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇബിസ ദ്വീപിലെ പടിഞ്ഞാറന്‍ തീരത്താണ് മെസിയുടെ വസതി. 'പ്രകൃതിയെ രക്ഷിക്കുക, സമ്പന്നരെ ഉപയോഗപ്പെടുത്തുക, പൊലീസിനെ പിരിച്ച് വിടുക' എന്ന ബാനറും അക്രമികള്‍ കൈയില്‍ കരുതിയിരുന്നു.
വെള്ള നിറത്തിലുണ്ടായിരുന്ന പുറംഭിത്തിയാകെ ചുവപ്പും കറുപ്പും പെയിന്‍റ് പൂശി. മെസിയുടെ മണിമാളിക അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചായിരുന്നു നടപടി. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ലോകത്തെ മനുഷ്യര്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം ധനാഢ്യര്‍ക്കാണെന്ന് എല്ലാവരെയും അറിയിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് സംഘടനയിലെ അംഗങ്ങളടെ വാദം. ദരിദ്രരായ ജനങ്ങളിലെ മൂന്നില്‍ രണ്ട് വിഭാഗത്തോളം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമായ അളവാണ് കേവലം ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നര്‍ പുറന്തള്ളുന്നതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
സമൂഹമാധ്യമ ഇടപെടലുകളിലൂടെയും പൊതു പരിപാടികളിലൂടെയും സജീവമാണ് ഫ്യുച്ചുറോ. മെസിയുടെ വീട്ടില്‍ നടത്തിയ അക്രമത്തിന്‍റെ വാര്‍ത്ത സംഘടന തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
2022 ലാണ് മെസി ഈ വസതി വാങ്ങിയത്. സംഭവത്തെ കുറിച്ച് താരം ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. കോപ്പ അമേരിക്ക മല്‍സരത്തിനിടെ കണങ്കാലിന് പരുക്കേറ്റ് വിശ്രമത്തിലാണ് മെസ്സി. ഇതിന് മുന്‍പും സമാനമായ പ്രതിഷേധ പരിപാടികള്‍ ഈ പരിസ്ഥിതി സംഘടന നടത്തിയിട്ടുണ്ട്. 2022 ല്‍ മഡ്രിഡിലെ മ്യൂസിയത്തിലുള്ള ഫ്രാന്‍സിസ്കോ ഡി ഗോയയുടെ പെയിന്‍റിങുകള്‍ക്കും സംഘം കേടുപാട് വരുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇബിസയിലെ ആഡംബര നൗകയ്ക്ക് കറുത്ത നിറമടിച്ചായിരുന്നു സംഘടനയുടെ പ്രതിഷേധം.