Sreejesh

ഹോക്കിയില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ പങ്കുവെച്ച് ഒളിംപിക് വെങ്കല മെഡൽ ജേതാവ് പി.ആര്‍.ശ്രീജേഷ്. മലയാള മനോരമ കൊച്ചിയിലൊരുക്കിയ ആദരിക്കല്‍ ചടങ്ങിനിടെയാണ് തുറന്നുപറച്ചില്‍. ഭാവി പരിപാടികളെ കുറിച്ചും ചാമ്പ്യന്‍ മനസ്സുതുറന്നു

 

മലയാള മനോരമ ഒരുക്കിയ ആദരിക്കല്‍ ചടങ്ങിലേക്ക് പി.ആര്‍ ശ്രീജേഷ് എത്തിയത് സകുടുംബം. വാദ്യമേളത്തിന്‍റെയും താലപ്പൊലിയുടെയും അകമ്പടിയില്‍,  പുതുതലമുറ ഹോക്കി താരങ്ങൾ ഹോക്കി സ്റ്റിക്കുകൾ ചേർത്തുവച്ച് താരത്തെ സ്വീകരിച്ചു. ഇന്ത്യൻ ക്യാംപിലേക്കു തിരഞ്ഞെടുത്തുവെന്ന പത്രത്തിലെ ചെറിയ കോളം വാർത്തയിൽ നിന്നു മലയാള മനോരമയുടെ ഒന്നാം പേജിലെ പ്രധാന തലക്കെട്ടായി മാറിയ യാത്രയാണ് തന്റെ കായിക ജീവിതമെന്ന് ശ്രീജേഷ്. വിരമിക്കാനെടുത്ത തീരുമാനത്തിനു പിന്നിലെ കാരണങ്ങളും വിശദീകരിച്ചു.

 മലയാള മനോരമയുടെ ആദരമായി 5 ലക്ഷം രൂപയും 5 പവന്റെ സ്വർണപ്പതക്കവും വെള്ളി ഫലകവും മലയാള മനോരമ എഡിറ്റർ ഫിലിപ് മാത്യു ശ്രീജേഷിനു സമ്മാനിച്ചു. ഒളിംപിക്സിലെ ശ്രീജേഷിന്റെ പ്രകടനത്തെക്കുറിച്ചുള്ള വാർത്തകൾ ഉള്‍ക്കൊള്ളിച്ച സ്മരണികയും കൈമാറി. 

ശ്രീജേഷിനോട് സംവദിക്കാനും അവസരമുണ്ടായിരുന്നു. തങ്ങളുടെ കൂടെ ഹോക്കി കളിക്കാന്‍ കൂടാമോയെന്ന കൊച്ചുമിടുക്കന്‍റെ ചോദ്യത്തിന് ശ്രീജേഷിന്‍റെ മറുപടി ചിരിപടര്‍ത്തി.

മേയർ എം. അനിൽകുമാർ, ജെബി മേത്തർ എംപി, ടി.ജെ. വിനോദ് എംഎൽഎ, ഒളിംപ്യന്മാരായ എം.ഡി. വത്സമ്മ, മേഴ്സി കുട്ടൻ, അംബിക രാധിക, കെ.എം. ബിനു, സിനി ജോസ്, ലിജോ ഡേവിഡ് തോട്ടാൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു

PR Sreejesh talks about resons behind his retirement decision: