ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലില്‍ ഒത്തുകളിയെന്ന ആരോപണവുമായി റഷ്യൻ ചെസ് ഫെഡറേഷൻ. ഇന്ത്യയുടെ പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷ് ചരിത്രമെഴുതി ജേതാവായതിനു പിന്നാലെയാണ് നിലവിലെ ചാംപ്യൻ കൂടിയായ ചൈനീസ് താരം ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന് ആരോപണം. റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ആരോപണം ഉന്നയിച്ച്. രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) അന്വേഷണം നടത്തണമെന്നാണ് ആന്ദ്രെ ഫിലാത്തോവിന്റെ ആവശ്യം.
സിംഗപ്പൂരിലെ സെന്‍റോസയില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പില്‍ പതിനാലാം ഗെയിമില്‍ ഡിംഗ് ലിറന്‍റെ വലിയ അബദ്ധമാണ് ഗുകേഷിനെ ലോക ചാമ്പ്യനാക്കിയത്. 58 നീക്കങ്ങളിലാണ് ഗുകേഷ്, ഡിങ് ലിറനെ തോൽപിച്ചത്. 14 ഗെയിമുകളുള്ള ചാംപ്യൻഷിപ്പിൽ 13 കളികൾ തീർന്നപ്പോൾ സ്കോർനില തുല്യമായിരുന്നു (6.5–6.5). അവസാന ഗെയിമിലെ ജയത്തോടെ സ്കോർ 7.5– 6.5 എന്ന നിലയിലായി. 14ാ–ം ഗെയിമിലെ 55–ാം നീക്കത്തിൽ ഡിങ് ലിറൻ വരുത്തിയ പിഴവാണ് ഗുകേഷിന്‍റെ വിജയത്തിലേക്കു നയിച്ചത്.
Also Read; ‘റൊമ്പ ഡെഡിക്കേഷന്‍, റൊമ്പ സീരിയസ്’; ഗുഗേഷിനെക്കുറിച്ച് ആദ്യ പരിശീലകന്‍
അവസാന ഘട്ടത്തില്‍ ലിറന്‍ വരുത്തിയ പിഴവ് സംശയാസ്പദമാണെന്നും, രാജ്യാന്തര ചെസ് ഫെഡറേഷന്‍ അന്വേഷണം നടത്തണമെന്നും ഫിലാത്തോവ് പറഞ്ഞു. ‘ലോക ചെസ് ചാംപ്യൻഷിപ്പിലെ അവസാന ഗെയിമിന്റെ ഫലം ചെസ് കളിയിലെ പ്രഫഷനലുകളിലും ആരാധകരിലും വലിയ ആശ്ചര്യമുളവാക്കിയിട്ടുണ്ട്. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ ചൈനീസ് താരത്തിന്റെ പ്രവൃത്തികൾ സംശയാസ്പദമാണ്. ഇക്കാര്യത്തിൽ ഫിഡെ പ്രത്യേക അന്വേഷണം നടത്തണം’ – ഫിലാത്തോവ് ആവശ്യപ്പെട്ടു.
‘അത്തരമൊരു ഘട്ടത്തിൽ സാധാരണ ചെസ് താരങ്ങൾ പോലും തോൽക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ് വാസ്തവം. 14–ാം ഗെയിമിൽ ചൈനീസ് താരത്തിന്റെ തോൽവി ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ആ തോൽവി മനഃപൂർവമായിരുന്നുവെന്ന് സംശയിക്കണം’ – ഫിലാത്തോവ് പറഞ്ഞു. 2023ല്‍ റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ യാം നിപോംനീഷിയെ തോല്‍പ്പിച്ചാണ് ഡിംഗ് ലിറന്‍ ആദ്യമായി ലോക ചാമ്പ്യനായത്.