ഫോമിലാണെങ്കിലും സഞ്ജുവിന് മേല്‍ ഇപ്പോഴും സമ്മര്‍ദമുണ്ടെന്ന് ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ. സഞ്ജുവിന്റെ കഴിവില്‍ സംശയം ഇല്ലെങ്കിലും സ്ഥിരതയാണ് ആശങ്കപ്പെടുത്തുന്ന കാര്യം എന്നാണ് അനില്‍ കുംബ്ലെ പറയുന്നത്. ബംഗ്ലാദേശിന് എതിരായ സെഞ്ചറി സഞ്ജുവിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം സംബന്ധിച്ച് ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നു. ആ സെഞ്ചറി സഞ്ജുവിന്റെ ആത്മവിശ്വാസം ഒരുപാട് കൂട്ടിയിട്ടുണ്ടാവും. സഞ്ജുവിന്റെ പ്രാപ്തി എന്താണെന്ന് നമുക്കറിയാം. ക്ലാസ് പ്ലേയറാണ്. എന്നാല്‍ സ്ഥിരതയില്ലായ്മയാണ് വിഷയം, അനില്‍ കുംബ്ലെ പറയുന്നു.
'സ്ഥിരത നിലനിര്‍ത്തുന്നതില്‍ സഞ്ജുവിനുള്ള പോരായ്മ സെലക്ടര്‍മാര്‍ വിലയിരുത്തും എന്ന് എനിക്കുറപ്പാണ്. ഓപ്പണറായോ വണ്‍ഡൗണായോ മറ്റോ സഞ്ജുവിനെ ഇറക്കിയാല്‍ ടീമിന് ഗുണം ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. ബാക്ക്ഫൂട്ടില്‍ കളിക്കുന്നതില്‍ സഞ്ജു ഏറെ മികച്ച് നില്‍ക്കുന്നു. സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കുമെതിരെ റണ്‍സ് വാരാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജു എങ്ങനെ ആ നാല് മത്സരങ്ങള്‍ കളിക്കും എന്നത് കാണാനാണ് കാത്തിരിക്കുന്നത്', അനില്‍ കുംബ്ലെ പറഞ്ഞു.
ബംഗ്ലാദേശിന് എതിരെ 47 പന്തില്‍ നിന്ന് 111 റണ്‍സ് ആണ് സഞ്ജു സ്കോര്‍ ചെയ്തത്. ഓപ്പണിങ് റോളിലേക്ക് എത്തിയത് നിര്‍ണായകമായി എന്നാണ് സെഞ്ചറിക്ക് പിന്നാലെ സഞ്ജു പ്രതികരിച്ചത്. പരമ്പര ആരംഭിക്കുന്നതിന് മൂന്നാഴ്ച മുന്‍പ് തന്നെ തന്റെ റോള്‍ സംബന്ധിച്ച് വ്യക്തത പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നല്‍കിയിരുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി പരിശീലനം നടത്തിയതിലൂടെ കൂടുതല്‍ ഒരുങ്ങാന്‍ ഇത് സഹായിച്ചതായും സഞ്ജു പറയുന്നു.