ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയിലെ എല്ലാ മത്സരങ്ങളിലും ബുമ്ര തന്നെ ഇന്ത്യയെ നയിക്കണം എന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്കറുടെ പരാമര്‍ശത്തെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ്. പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിട്ടുനില്‍ക്കുന്നതിനെ തുടര്‍ന്ന് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ബുമ്ര തന്നെ ഇന്ത്യയെ നയിക്കുന്നതാവും നല്ലതെന്നായിരുന്നു ഗാവസ്കറുടെ പ്രതികരണം. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് കുടുംബത്തിനൊപ്പം നില്‍ക്കാന്‍ വേണ്ടിയാണ് രോഹിത് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
ആദ്യ രണ്ട് ടെസ്റ്റും നമ്മള്‍ ജയിക്കുകയാണ് എങ്കില്‍ പിന്നെ വരുന്ന ടെസ്റ്റുകളിലും ബുമ്ര തന്നെ ക്യാപ്റ്റനാകട്ടെ എന്നാവും എല്ലാവരും പറയുക. ആദ്യ രണ്ട് ടെസ്റ്റും ഇന്ത്യ തോറ്റാല്‍ രോഹിത് ക്യാപ്റ്റനായി തിരിച്ചെത്തണം എന്നാവും അവര്‍ ആഗ്രഹിക്കുക. നമ്മള്‍ വളരെ പെട്ടെന്ന് അഭിപ്രായങ്ങള്‍ മാറ്റുന്നവരാണ്. ഗാവസ്കറിനെ കുറിച്ചല്ല ഞാന്‍ പറയുന്നത്, പൊതുജനങ്ങളെ കുറിച്ചാണ്, ഹര്‍ഭജന്‍ പറയുന്നു.
പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഒരു ക്യാപ്റ്റന്‍ നയിക്കുക എന്നത് നല്ല നിര്‍ദേശമാണ്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയും രോഹിത് മടങ്ങിയെത്തിയതിന് ശേഷമുള്ള ടെസ്റ്റുകളില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്താല്‍ പിന്നെ ചിത്രമാകെ മാറും. രോഹിത്തിനും ബുമ്രയ്ക്കും കീഴില്‍ ഇന്ത്യ തോറ്റാല്‍ പിന്നാലെ കോലി ക്യാപ്റ്റനായി വരണം എന്നാവും ചിലപ്പോള്‍ ആളുകള്‍ പറയുക, ഹര്‍ഭജന്‍ പറയുന്നു.