അഞ്ച് സ്പിന്നര്‍മാരുമായി ചാംപ്യന്‍സ് ട്രോഫിക്കിറങ്ങുന്ന ഇന്ത്യന്‍ ടീം സെലക്ഷനെ ചോദ്യം ചെയ്ത് മുന്‍ താരം ആര്‍.അശ്വിന്‍. രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ചാംപ്യന്‍സ് ട്രോഫി ടീമിലുള്ള താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ചാംപ്യന്‍സ് ട്രോഫി ടീമിനെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായി വരുണ്‍ ചക്രവര്‍ത്തിയും ബുംറയുടെ പകരക്കാരനായി ഹര്‍ഷിത് റാണയും ടീമിലെത്തി.
എത്ര ചിന്തിച്ചിട്ടും അഞ്ച് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്‍റെ യുക്തി തനിക്ക് പിടികിട്ടുന്നില്ലെന്ന് അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ' അഞ്ച് സ്പിന്നര്‍മാരുമായി ദുബായിലേക്ക് നമ്മളെന്തിനാണ് പോകുന്നതെന്ന് മനസിലായില്ല. മാത്രമല്ല,യശസ്വിയെ പുറത്തിരുത്തുകയും ചെയ്തു. മൂന്നോ, പരമാവധി നാലോ സ്പിന്നര്‍മാരെയൊക്കെ മുന്‍പ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത് എനിക്ക് പിടികിട്ടുന്നില്ല. ഒന്നോ, അല്ലെങ്കില്‍ രണ്ടോ സ്പിന്നര്‍മാരുമായാണ് സാധാരണഗതിയില്‍ നമ്മള്‍ ഇറങ്ങിയിരുന്നത്– അശ്വിന്‍ വിശദീകരിക്കുന്നു.
കുല്‍ദീപ് ടീമിലുണ്ടാകുമെന്നതില്‍ എനിക്കൊരു സംശയവുമില്ല. വരുണിനെ ടീമില്‍ എവിടെ ഉള്‍പ്പെടുത്തും? വരുണ്‍ നല്ല പ്രകടനമാണ് പുറത്തെടുക്കുന്നത്. നിങ്ങള്‍ക്ക് വരുണിനെയും കുല്‍ദീപിനെയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയെന്ന് കരുതൂ, ദുബായില്‍ സ്പിന്നിന് അനുകൂലമാകുമെന്നാണോ നിങ്ങള്‍ കരുതുന്നത്? എനിക്ക് ആശങ്കകളുണ്ട്'- അശ്വന്‍ തുറന്ന് പറയുന്നു.
അടുത്തയിടെ നടന്ന ഇന്‍റര്‍നാഷനല്‍ ലീഗ് ട്വന്‍റി20യില്‍ പന്ത് കുത്തിത്തിരിയുന്നത് കുറവായിരുന്നുവെന്നും 180 ലേറെ റണ്‍സ് ടീമുകള്‍ അനായാസം അടിച്ചുകൂട്ടിയിരുന്നുവെന്നത് മറക്കരുതെന്നും അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫെബ്രുവരി 19നാണ് ചാംപ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്ക് തുടക്കമാവുക. ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.