abhishek-sharma-q

അരങ്ങേറ്റ മത്സരത്തില്‍ നാല് പന്തില്‍ ഡക്ക്. അടുത്ത ദിവസം തുടരെ മൂന്ന് സിക്സ് പറത്തി സെഞ്ചറിയിലേക്ക്. ആദ്യ 20 പന്തില്‍ എട്ടും ഡോട്ട് ബോളുകള്‍. ഐപിഎല്ലില്‍ ഒരു ഇന്നിങ്സില്‍ പോലും 30ന് മുകളില്‍ പന്ത് നേരിടാതെ സീസണിലെ റണ്‍ സമ്പാദ്യം 400 കടത്തിയ താരം. എന്താണ് താനെന്ന് അഭിഷേക് ശര്‍മ രാജ്യാന്തര ക്രിക്കറ്റ് ലോകത്തിന് ഇനിയും വ്യക്തമായി കൊടുത്തിട്ടില്ല. ഐപിഎല്‍ 2024ല്‍ അഭിഷേക് സീസണ്‍ അവസാനിപ്പിച്ചത് 204 എന്ന സ്ട്രൈക്ക്റേറ്റിലാണ്. സിംബാബ്​വെക്കെതിരായ അഭിഷേകിന്റെ രണ്ടാം ട്വന്റി20യിലെ സ്ട്രൈക്ക്റേറ്റ് 212. ഈ സ്ട്രൈക്ക്റേറ്റുകള്‍ നോക്കുമ്പോള്‍ അഭിഷേകില്‍ നിന്ന് ഇനി വരാനിരിക്കുന്നതും ചില്ലറ കളിയല്ലെന്ന് വ്യക്തം. 

abhishek-sharma-1

ഫോട്ടോ: എഎഫ്പി

ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടുന്ന, ഇന്ത്യ കണ്ടു ശീലിച്ച സെവാഗിന്റെ ശൈലിയില്‍ ബാറ്റ് വീശാന്‍ പ്രാപ്തനായ താരം. ട്വന്റി20 ക്രിക്കറ്റിന്റെ മാറുന്ന ചലനാത്മകത ഇന്ത്യന്‍ ടീമില്‍ കൊണ്ടുവരാന്‍ ശേഷിയുള്ള ബാറ്റര്‍. അഭിഷേക് ഇതിനോടകം തന്നെ വിശേഷണങ്ങള്‍ നിരവധി നേടിക്കഴിഞ്ഞു. സിംബാംബ്​വെക്കെതിരെ ആദ്യ ട്വന്റി20 തോറ്റ് നാണം കെട്ട് നില്‍ക്കുന്ന സമയത്തും രണ്ടാം മത്സരത്തിലെ നേരിട്ട ആദ്യ പന്ത് തന്നെ ഗ്രൗണ്ടിന് പുറത്തേക്കടിച്ച് അഭിഷേക് നയം വ്യക്തമാക്കുകയാണ്. 

കൂടുതലും ടെക്സ്റ്റ്ബുക്ക് ഷോട്ടുകള്‍ പിന്തുടരുന്ന കോലിയേയോ ശുഭ്മാന്‍ ഗില്ലിനോയെ പോലെയല്ല അഭിഷേകിന്റെ ശൈലി. ചെക്ക് ഷോട്ടുകള്‍ അഭിഷേകിന്റെ ഇന്നിങ്സില്‍ കാണാന്‍ സാധിച്ചേക്കില്ല. യുവരാജ് സിങ്ങിനെ ഓര്‍മിപ്പിക്കുന്ന സ്ലോഗ് ഷോട്ടുകളും സുരേഷ് റെയ്നയുടേതിന് സമാനമായ ഇന്‍സൈഡ് ഔട്ട് ഷോട്ടുകളുമാണ് അഭിഷേകിന്റെ ശക്തി. ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നതില്‍ പിതാവിനാണ് ഞാന്‍ നന്ദി പറയുന്നത്. യുവ താരങ്ങള്‍ ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നത് പരിശീലകര്‍ പലപ്പോഴും പ്രോത്സാഹിപ്പിക്കാറില്ല. ഗ്രൗണ്ട് ഷോട്ടുകളേക്കാള്‍ പന്ത് ഉയര്‍ത്തിയടിക്കാനാണ് എനിക്ക് താത്പര്യം. എന്നാല്‍ എനിക്ക് ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ പന്ത് ഗ്രൗണ്ടിന് പുറത്ത് പോയിരിക്കണം എന്നാണ് എന്റെ പിതാവ് പറഞ്ഞിരിക്കുന്നത്, അഭിഷേക് പറഞ്ഞു.

abhishek-batting-w

ഫോട്ടോ: എഎഫ്പി

റോം പടുത്തുയര്‍ത്തിയത് ഒറ്റ ദിവസം കൊണ്ടല്ല, അഭിഷേക് ശര്‍മയുടെ പരിശീലന വിഡിയോ പങ്കുവെച്ച് യുവരാജ് സിങ് കുറിച്ചത് ഇങ്ങനെ. യുവരാജ് സിങ് ഒഴിച്ചിട്ട ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഇടംകയ്യന്‍ ബാറ്ററുടെ പൊസിഷനിലേക്ക് യുവരാജ് സിങ് തന്നെ വാര്‍ത്തെടുക്കുന്ന പയ്യനെത്തുന്നു. 'അദ്ദേഹത്തിന്റെ കഠിനാധ്വാനം കൂടി കൊണ്ടാണ് ഇത്. എന്നെ പാകപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹം ഒരുപാട് പ്രയത്നിച്ചു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി എന്റെ കളിയിലും ജീവിതത്തിലും അദ്ദേഹം വലിയ സ്വാധീനം ചെലുത്തി, യുവരാജ് സിങ്ങിനെ ചൂണ്ടി അഭിഷേക് ശര്‍മയുടെ വാക്കുകള്‍ ഇങ്ങനെ. 

27 റണ്‍സില്‍ നില്‍ക്കുമ്പോള്‍ തിരികെ കിട്ടിയ ജീവനും കയ്യില്‍ വെച്ചാണ് 46 പന്തില്‍ സെഞ്ചറിയിലേക്ക് അഭിഷേക് പറന്നെത്തിയത്. ഇന്ത്യക്കായി ട്വന്റി20യില്‍ ഒരു താരം നേടുന്ന ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ചറി. ആ ക്യാച്ച് നഷ്ടപ്പെട്ടതോടെ എനിക്ക് മനസിലായി, ഇത് എന്റെ ദിവസമാണെന്ന്. കുറച്ച് ഉത്തരവാദിത്വം ഞാന്‍ കാണിക്കേണ്ടതുണ്ടെന്ന് തോന്നി, ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരെ ബിഗ് ഹിറ്റുകള്‍ പ്രയാസമാണെന്ന് ഋതുരാജ് പറഞ്ഞു. കണക്കുകൂട്ടിയായിരുന്നു ഞങ്ങളുടെ കളി, സെഞ്ചറി കണ്ടെത്തിയതിന് പിന്നാലെ അഭിഷേകിന്റെ വാക്കുകള്‍ ഇങ്ങനെ.

ഐപിഎല്‍ 2024ല്‍ 484 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ സീസണിലെ അഭിഷേകിന്റെ സ്ട്രൈക്ക്റേറ്റ് 204 ആണ്. 16 ഇന്നിങ്സില്‍ നിന്ന് പറത്തിയത് 42 സിക്സ്. 78 ഫോറുകള്‍. നേരിട്ടത് 237 പന്ത്. ഒരു ഇന്നിങ്സില്‍ പോലും 30ന് മുകളില്‍ ഡെലിവറികള്‍ നേരിട്ടില്ലെന്നതും ഓര്‍ക്കണം. ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് വരുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമല്ല. സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം പഞ്ചാബ് നേടിയപ്പോള്‍ 485 റണ്‍സ് ആണ് അഭിഷേക് നേടിയത്. സ്ട്രൈക്ക്േററ്റ് 192. 

ENGLISH SUMMARY:

Abhishek ended the season with a strike rate of 204 in IPL 2024. Abhishek's strike rate in his second T20I against Zimbabwe is 212.