saka-euro-new

TOPICS COVERED

2020 യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനായി മൂന്നാം പെനാല്‍റ്റി കിക്ക് എടുത്ത ബുകായോ സാകയുടെ മുഖം ഫുട്ബോള്‍ ആരാധകരുടെ മനസില്‍ നിന്ന് അത്ര പെട്ടെന്ന് മായാന്‍ ഇടയില്ല. ഇറ്റലിക്കെതിരെ  ഷൂട്ടൗട്ടില്‍ സാകയ്ക്കും റാഷ്ഫോര്‍ഡിനും സാഞ്ചോയ്ക്കും പിഴച്ചു. സാക ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ വെംബ്ലിയില്‍ സ്വന്തം ആരാധകരില്‍ നിന്നും വന്ന വംശിയ അധിക്ഷേപങ്ങള്‍ കണ്ട് ഫുട്ബോള്‍ ലോകത്തിന് തന്നെ അന്ന് തല താഴ്ത്തേണ്ടി വന്നു. എന്നാല്‍ അതിന് ശേഷം പലവട്ടം സാക മൈതാനത്തെ തന്റെ മികവ് കൊണ്ട് ഈ വിമര്‍ശകരുടെ വായടപ്പിച്ചു. വര്‍ണവെറിയന്മാര്‍ക്ക് വലത് വിങ്ങിലെ ആ കളി കണ്ട് നിശബ്ദരാവേണ്ടി വന്നു. അങ്ങനെയൊന്നാണ് 2024 യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 80ാം മിനിറ്റില്‍ വല കുലുക്കി സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം സമനില പിടിച്ച് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് സാക നീട്ടിയപ്പോഴും കണ്ടത്. 

saka-goal

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഗോള്‍ നേടുന്ന സാക. ഫോട്ടോ: എപി

സൗത്ത്ഗേറ്റിന്റെ സംഘം നിറം മങ്ങി കളിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ യൂറോ 2024 ഉയരുമ്പോഴും സാക തിളങ്ങുന്നു. സെര്‍ബിയക്കെതിരെ ജൂഡ് ബെല്ലിങ്ഹാം സ്കോര്‍ ചെയ്തത് സാകയുടെ ഡിഫ്ലക്റ്റഡ് ക്രോസില്‍ നിന്നായിരുന്നു. ഡെന്‍മാര്‍ക്കിനെതിരെ ഹാരി കെയ്ന്‍ സ്കോര്‍ ചെയ്തപ്പോഴും സാകയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്ലോവേനിയക്കെതിരെ പന്ത് വലയിലാക്കിയെങ്കിലും ബില്‍ഡ് അപ്പിനിടയില്‍ ഫോഡന്‍ ഓഫ്സൈഡായതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. ‌സ്വിറ്റ്സര്‍ലന്‍ഡ് കടുത്ത പോരാട്ടം പുറത്തെടുത്ത ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സാക അവസരത്തിനൊത്ത് ഉയര്‍ന്നു. എന്നാല്‍ കെയ്നില്‍ നിന്ന് വേണ്ട പിന്തുണ സാകയ്ക്ക് ലഭിച്ചില്ല. ഇതോടെ സമനില ഗോള്‍ കണ്ടെത്താനുള്ള ചുമതല സാകയുടെ ചുമലിലേക്ക് മാത്രമെത്തി. തന്റെ ധൈര്യവും ബുദ്ധിയും വ്യക്തമാക്കുന്നതായിരുന്നു 80ാം മിനിറ്റിലെ സാകയുടെ ആ ഗോള്‍. 

യൂറോപ്പിലെ ഏത് വമ്പനെതിരെയും തന്റെ സാങ്കേതിക മികവ് വെച്ച് മുന്നേറാന്‍ സാധിക്കുന്ന താരം. ഇംഗ്ലണ്ടിന്റെ മോഡേണ്‍ ഡേ ഹീറോകളായ റോബ്സണില്‍ നിന്നും പീയേഴ്സില്‍ നിന്നും സാക വേറിട്ട് നില്‍ക്കുന്നു എന്ന വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. പീയേഴ്സിന്റെ ഡ്രൈവിനും റോബ്സണിന്റെ നിശ്ചയദാര്‍ഡ്യത്തിനും ഒപ്പം സാങ്കേതിക തികവും ചേരുമ്പോള്‍ സാക വേറിട്ട് നില്‍ക്കുന്നു. 'എന്നെ കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. തോല്‍വി സംഭവിക്കാം. എന്നാല്‍ അതുപോലൊരു സാഹചര്യത്തില്‍ വീണ്ടും എത്തിക്കണോ എന്നത് നമുക്ക് മുന്‍പിലെ ചോയിസ് ആണ്. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു, പന്ത് വലയിലാവുമ്പോള്‍ ഞാന്‍ സന്തോഷവാനാണ്...' സ്വിറ്റ്സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ കളിയിലെ താരമായതിന് പിന്നാലെ സാകയുടെ വാക്കുകള്‍ ഇങ്ങനെ...

saka-euro

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച വിങ്ങര്‍ എന്ന പേര് സ്വന്തമാക്കാന്‍ ആരെയെല്ലാമാണ് സാകയ്ക്ക് മറികടക്കേണ്ടത്. ഡേവിഡ് ബെക്കാമുണ്ട് മുന്‍പില്‍. സര്‍ സ്റ്റന്‍ലി മാത്യുസും ലോകകപ്പ് ജേതാവ് മാര്‍ട്ടിന്‍ പിറ്റേഴ്സുമുണ്ട്. ഇംഗ്ലണ്ടിനായി 38 മത്സരങ്ങളില്‍ നിന്ന് സാക മാത്യുസ് നേടിയതിനേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടിക്കഴിഞ്ഞു. 2020 യൂറോയില്‍ കെല്ലിനി പിടിച്ച് വലിക്കുന്നതും പെനാല്‍റ്റി മിസ് ആക്കിയതുമാണ് 2020 യൂറോയില്‍ സാകയെന്ന് കേള്‍ക്കുമ്പോള്‍ ആദ്യമെത്തുന്ന ഓര്‍മകള്‍. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി സാക മൂന്ന് ഗോളുകള്‍ നേടി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോല്‍ക്കുമ്പോഴും സാക മിന്നിയിരുന്നു.

'ഞാന്‍ അവനെ ഇഷ്ടപ്പെടുന്നു. അവന്‍ എന്റെ മകനായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. എല്ലാവരിലും ചിരി കൊണ്ടുവരാന്‍ അവന് സാധിക്കുന്നു. എല്ലാവരേയും സന്തോഷിപ്പിക്കുന്നു. അതുപോലൊരു പെരുമാറ്റത്തിലേക്ക് അവനെ വളര്‍ത്തിക്കൊണ്ടുവന്നതിന് അവന്റെ മാതാപിതാക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഫുട്ബോളിലെ ഏറ്റവും മികച്ചവരില്‍ ഒരാളാണ് അവന്‍...' ബുകായോ സാകയെ കുറിച്ച് സ്കൈ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ ഇംഗ്ലണ്ട് സഹതാരം ലൂക് ഷയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഇംഗ്ലണ്ട് കളിക്കാരില്‍ ആരോട് ചോദിച്ചാലും സാകയെ കുറിച്ച് ഇങ്ങനെയാവും പറയുക എന്നും ലൂക് ഷ ഉറപ്പിക്കുന്നു...

ENGLISH SUMMARY:

Such was the case in the 2024 Euro Cup quarter-finals when Saka netted in the 80th minute to draw with Switzerland and extend the game to a penalty shootout.