പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേട്ടവുമായി രാജ്യത്തിന്‍റെ അഭിമാനമായ മനു ഭാക്കർ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിട്ടൊഴിയുന്നില്ല. കുതിച്ചുയരുന്ന ബ്രാൻഡ് മൂല്യവും താരങ്ങള്‍ പരസ്യങ്ങളിലടക്കം സജീവമാകുന്നതും കായിക മേഖലക്ക് ദോഷമാണെന്നാണ് ഒരു വിഭാഗത്തിന്‍റെ വാദം. എന്നാല്‍ ഇത് അപ്പാടെ തള്ളുകയാണ് മനു.
മാതാപിതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ഭാരം മറികടക്കാനും സാമ്പത്തിക സ്വാതന്ത്രം ഉറപ്പാക്കാനും അവസരങ്ങള്‍ ഉള്ളപ്പോള്‍ അത് എന്തിന് വേണ്ടെന്ന് വക്കണമെന്നാണ് മറുചോദ്യം. അതിനിടെ പോകുന്നിടത്തെല്ലാം ഒളിംപിക് മെഡലുകളും കൊണ്ടുപോകുന്നു എന്ന വിമർശനത്തിനെതിരെ മുറി നിറയെ മെഡലുകൾ നിരത്തിവച്ച ചിത്രം മനു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തിരുന്നു. അതിലും മനുവിന് ഉത്തരമുണ്ട്.
‘ചിലപ്പോഴൊക്കെ അസ്വസ്ഥത തോന്നും. ചില മനുഷ്യര്‍ അങ്ങനെയാണ്. എന്നാല്‍ എന്‍റെ ശ്രദ്ധ അതിലല്ല. രാജ്യത്തിനുവേണ്ടി കഴിവിന്‍റെ പരമാവധി ചെയ്യാനാണ് ശ്രമം. സ്നേഹിക്കുന്ന ഒരുപാടുപേര്‍ ഒപ്പമുള്ളതാണ് ബലം. എന്‍റെ ഈ യാത്ര വളരെ പ്രയാസകരമായിരുന്നു. എല്ലാം അവസാനിപ്പിച്ച് ഓടിപ്പോയാലോ എന്ന് തോന്നിയിട്ടുണ്ട്. അന്ന് ഞാൻ എന്നെത്തന്നെ ഉപേക്ഷിക്കാതിരുന്നതിൽ ഇന്ന് സന്തോഷം ഉണ്ട്. അമ്മയും കോച്ച് ജസ്പാൽ റാണയും എന്‍റെ കൂടെ നിന്നു. സ്വപ്നം എന്നും ഒളിംപിക് സ്വർണ മെഡൽ തന്നെ. അതിലേക്കുള്ള യാത്ര നവംബറില്‍ വീണ്ടും തുടങ്ങും. അതുവരെ കൂൾ ഓഫ് ടൈം ആണ്’ എന്നായിരുന്നു മനുവിന്‍റെ പ്രതികരണം.