vini-jr-one

ഇവിടെ ഈ കുരങ്ങ് കളി പറ്റില്ല. ബ്രസീലിലേക്ക് തിരിച്ചുപോയി എന്തുവേണമെങ്കിലുമാകാം..സ്പെയ്നിൽ അത് പറ്റില്ല...അത്ലറ്റിക്കോ മാഡ്രിഡിന് എതിരായ മത്സരങ്ങളിലൊന്നിൽ പതിവ് പോലെ തന്റെ ചുവടുകൾ വെച്ച് ഗോൾ ആഘോഷിച്ച വിനിഷ്യസ് ജൂനിയറിനെ ചൂണ്ടി പെഡ്രോ ബ്രാവോ എന്ന സ്പെയ്ൻ ഫുഡ്ബോൾ ഏജന്റുമാരുടെ അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞതിങ്ങനെ. അത് കേട്ട് ബ്രസീൽ മിണ്ടാതിരുന്നില്ല. ആ വംശീയ അധിക്ഷേപത്തെ പ്രതിരോധിച്ച് സാക്ഷാൽ പെലെ തന്നെ മുൻപിൽ നിന്നു. ഖത്തർ ലോകകപ്പിൽ അടിക്കുന്ന ഓരോ ഗോളിനും വിനിഷ്യസിനൊപ്പം നിന്ന് നെയ്മറും റോഡ്രിഗോയും റിച്ചാർലിസനും നൃത്തം വെച്ചു. എന്നാൽ അവിടേയും അവസാനിച്ചോ? അത്രയും ആഴത്തിൽ വേരാഴ്ത്തിയതാണ് ആ വംശീയ ചിന്ത. ഒരു കറുത്ത വർഗക്കാരൻ സന്തോഷിക്കുന്നത് കാണുമ്പോഴുള്ള അസഹിഷ്ണുത പിന്നേയും പലവട്ടം പുകഞ്ഞുകത്തി. എന്നാൽ ഒക്ടോബർ 29ന്, ബാലൺ ഡി ഒർ പ്രഖ്യാപിക്കുമ്പോൾ വംശീയ വിദ്വേഷം സിരകളിൽ പേറുന്നവരുടെ നെഞ്ചിൽ ചവിട്ടി വിനി മറുപടി നൽകുമോ? 

2023 മെയ് 23ന് ബ്രസീലിലെ വിഖ്യാദമായ ക്രൈസ്റ്റ് ദി റെഡിമറിലെ ദീപം ഒരു മണിക്കൂർ അണച്ചു. നീ തനിച്ചല്ല എന്ന വാക്കുകളുമായി ബ്രസീൽ ചേർത്തു നിർത്തുകയായിരുന്നു വിനിയെ. അസഹനീയമായപ്പോഴാണ് റഫറിയോട് വിനി പരാതിപ്പെട്ടത്. സ്റ്റേഡിയത്തിലെ കാണികൾക്ക് നേരെ വിനി വിരൽ ചൂണ്ടി, വലൻസിയക്കെതിരായ ലാ ലീഗ പോരാട്ടത്തിന്റെ 73ാം മിനിറ്റിൽ. മെസ്റ്റല്ല സ്റ്റേഡിയം വിനിക്കെതിരെ പൊട്ടിത്തെറിച്ചു. കണ്ണീരണിഞ്ഞ് നിസഹായനായി നിൽക്കുന്ന വിനിയുടെ മുഖം ഫുട്ബോൾ ലോകത്തെ അസ്വസ്ഥപ്പെടുത്തി. യൂറോപ്പിൽ പന്ത് തട്ടാൻ തുടങ്ങിയ നാൾ മുതൽ വിനിയെ ലക്ഷ്യം വെച്ച് തുടങ്ങിയതാണ് ഇക്കൂട്ടർ. എന്നാൽ ഇടത് വിങ്ങിൽ നിന്ന് വിനി ആക്രമിച്ചുകൊണ്ടേയിരുന്നു. വംശിയാധിക്ഷേപങ്ങൾ ഒരു വശത്ത് നിൽക്കുമ്പോഴും മറുവശത്ത് നിന്ന് പലവട്ടം വിനി വിസ്മയിപ്പിച്ചു. ലിവർപൂളിനെ വീഴ്ത്തി റയലിനെ 2022ലെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിച്ച ഗോൾ. 2020ലെ എൽ ക്ലാസിക്കോയിലെ വിസ്മയിപ്പിക്കുന്ന പ്രകടനം. റിയോ ഡി ജനീറോയിലെ ഏറ്റവും ഡെയിഞ്ചറസ്‍ നഗരമായ സാവോ ഗോൺസാലോയിൽ നിന്ന് ലോക ഫുട്ബോളിന്റെ ഉയരങ്ങളിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. ആ യാത്ര നൽകിയ കരുത്തിൽ നിന്നാണ് വിനി പറയുന്നത്,  വരും തലമുറ ഇതുപോലുള്ള നിമിഷങ്ങളിലൂടെ കടന്നുപോകാതിരിക്കാൻ ഞാൻ ഈ പ്രയാസങ്ങൾ നേരിട്ടുക്കൊണ്ടിരിക്കേണ്ടതുണ്ടെങ്കിൽ, ഞാൻ തയ്യാറാണ്. ഞാൻ ഒരുങ്ങി കഴിഞ്ഞു...

കോപ്പ ഡെൽ റേയിലെ അത്‌ലറ്റിക്കോ-റയൽ പോരാട്ടത്തിന് മുൻപ് റയലിനെ വെറുക്കുന്നു എന്നാണ് മഡ്രിഡ് നഗരത്തിലെ ഒരു പാലത്തിൽ ആരാധകർ എഴുതിയിട്ടത്. ഒപ്പം വിനിയുടെ കോലവും തൂക്കിയിട്ടു. കളിക്കളത്തിലായിരുന്നു വിനിയുടെ മറുപടി. അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ ഭയം കുത്തിവെച്ച് വിനി പന്തുതട്ടിയപ്പോൾ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് റയൽ ജയിച്ചുകയറിയത്. ഫുട്ബോൾ കളിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ മുന്നോട്ട് പോക്ക് കഠിനമായിരിക്കുന്നു. ഇങ്ങനെ വംശിയ അധിക്ഷേപത്തിന് ഇരയാകേണ്ടി വരുന്നതിൽ സങ്കടമുണ്ട്. കളിക്കാനുള്ള താത്പര്യവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എങ്കിലും ഞാൻ മൈതാനത്ത് തുടരും. സ്പെയിൻ വിടുക എന്ന ചിന്ത എന്റെ മനസിലൂടെ ഒരിക്കലും കടന്നു പോയിട്ടില്ല. വംശീയ വാദികൾ എന്റെ മുഖം വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കട്ടെ. അധിക്ഷേപങ്ങളിൽ മനം മടുത്ത് പൊട്ടിക്കരഞ്ഞിട്ടും നെഞ്ചുവിരിച്ച് നിന്ന് വിനി നയം വ്യക്തമാക്കി. 

ലാ ലീഗ കിരീടവും ചാംപ്യൻസ് ട്രോഫിയും റയൽ ബെർണാബ്യൂവിലേക്ക് കൊണ്ടുവന്ന 2023-24 സീസണിൽ 24 ഗോളുകളാണ് വിനിയിൽ നിന്ന് വന്നത്. ചാംപ്യൻസ് ലീഗ് കലാശപ്പോരിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ വന്ന ഇടിവെട്ട് ഗോളും അതിൽ ഉൾപ്പെടുന്നു. ആ ഗോളിന്റെ കൂടി ബലത്തിലാണ് ഫുട്ബോളിലെ വിശ്വ വിഖ്യാതമായ അവാർഡിലേക്ക് ഇപ്പോൾ വിനിയെ പരിഗണിക്കുന്നത്. ത്രസിപ്പിക്കുന്ന വേഗതയിൽ നേരിയ ഗോൾ സാധ്യതയുള്ളിടത്ത് നിന്നു പോലും വല കുലുക്കി കൊണ്ടേയിരിക്കുന്ന വിനി ബാലൺ ദ് ഓർ അർഹിക്കുന്നുണ്ട്. മെസിയും ക്രിസ്റ്റ്യാനോയും കുത്തകയാക്കി വെച്ചിരുന്ന ബാലൺ ദി ഓറിലേക്ക് 2018ൽ മോഡ്രിച്ച് ഇടിച്ച് കയറിയിരുന്നു. എന്നാൽ ആ ഇതിഹാസങ്ങൾ ഫുട്ബോൾ ജീവിത്തിലെ അവസാന നാളുകൾ എണ്ണുകയാണ്. ഈ സമയം ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച പുരസ്കാരം സ്വന്തമാക്കാൻ വിനിക്ക് പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത് സഹതാരങ്ങൾ തന്നെയാണ്. എംബാപ്പെയും ജൂഡ് ബെല്ലിങ്ഹാമും. മാഞ്ചസ്റ്റർ സിറ്റി ത്രയങ്ങളായ ഹാലണ്ടും റോഡ്രിയും ഫിൽ ഫോഡനും ആ സുവർണ പന്ത് ലക്ഷ്യമിടുന്നുണ്ട്. അർജന്റീനയുടെ ലൗതാരോ മാർട്ടിനസിന്റേയും ഇംഗ്ലണ്ടിന്റെ ഹാരി കെയ്നിന്റേയും പേരും ഒപ്പമുണ്ട്. എന്നാൽ വിനി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെടുന്ന നിമിഷമായിരിക്കാം ഒരുപക്ഷെ ലോകം കാത്തിരിക്കുന്നുണ്ടാവുക. ഇന്നോളം വംശിയതയുടെ പേരിൽ വേട്ടയാടപ്പെട്ടവരുടെ ആത്മാവുകൾ ആ നിമിഷം സന്തോഷത്താൽ നിറയും.