'ദിനപത്രങ്ങളുടെ മുന്‍ പേജില്‍ ഏറ്റവും മികച്ച ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാര്‍ ഇടം പിടിക്കാറില്ല. ടീമിന് പിന്നിലായിരിക്കും അവര്‍ മറഞ്ഞിരിക്കുക. അവര്‍ മിന്നി കളിക്കുമ്പോഴാണ് ടീം മികച്ച പ്രകടനം പുറത്തെടുക്കുക..' 2021 ഫെബ്രുവരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയെ ചൂണ്ടി ഗ്വാര്‍ഡിയോള പറഞ്ഞ വാക്കുകളാണിത്. റോഡ്രി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയിട്ട് ഒന്നര സീസണേ ആയിട്ടുണ്ടായിരുന്നുള്ളു ആ സമയം. ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കും സ്പാനിഷ് ടീമിനെ യൂറോ ചാംപ്യന്മാരാക്കിയും റോഡ്രി ബാലോന്‍ ദ് ഓറില്‍ ചുംബിച്ചു.
2020-21 സീസണില്‍ ലിവര്‍പൂളിനെ 4-1ന് തകര്‍ത്ത ജയം ഉള്‍പ്പെടെ 10 തുടര്‍ ജയങ്ങളിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി പറക്കുമ്പോള്‍ റോഡ്രിയുടെ കളി നിര്‍ണായകമായിരുന്നു. എന്നാല്‍ അപ്പോഴും റോഡ്രിയില്‍ പൂര്‍ണ വിശ്വാസം ഗ്വാര്‍ഡിയോളക്ക് വന്നിരുന്നില്ല. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ റോഡ്രിയെ മാഞ്ചസ്റ്റര്‍ സിറ്റി െബഞ്ചിലിരുത്തി. എന്നാല് നാല് വര്‍ഷം പിന്നിട്ടപ്പോള്‍ ആ ഫാസ്റ്റ് ഫോര്‍വേര്‍ഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദിനപത്രങ്ങളില്‍ മുന്‍ പേജില്‍ ഇടം പിടിക്കാന്‍ തുടങ്ങി. എര്‍ലിങ് ഹാലന്‍ഡിനോ ഫില്‍ ഫോഡനോ ലഭിക്കുന്നത് പോലെ പ്രശംസകള്‍ പെഡ്രിക്ക് ലഭിച്ചിരുന്നില്ലെങ്കിലും റോഡ്രിയുടെ സ്വാധീനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടേയും സ്പെയ്നിന്റേയും പ്രകടനങ്ങളില്‍ തെളിഞ്ഞ് നിന്നിരുന്നു.
2023ല്‍ ബലോന്‍ ദ് ഓറിനായുള്ള പോരിനും മെസിക്കൊപ്പം റോഡ്രിയുമുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് കിരീടങ്ങള്‍ ചൂടിയ സീസണ്‍. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്‍ററിനെതിരെ ഒരു ഗോള്‍ ബലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്മാരാകുമ്പോള്‍ ആ ഗോള്‍ വന്നത് റോഡ്രിയില്‍ നിന്ന്. രണ്ട് വര്‍ഷം മുന്‍പ് നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ബെഞ്ചിലിരുത്തിയതിന് റോഡ്രിയുടെ മധുര പ്രതികാരം.
53 കളിയില്‍ നിന്ന് 52 ഗോളുകള്‍ നേടിയ ഹാലന്‍ഡിന്റെ നിഴലിനടിയിലേക്ക് പലപ്പോഴും വീണ് പോയെങ്കിലും 2024 ഒക്ടോബര്‍ 29ന് അതിനെല്ലാം റോഡ്രിയുടെ മറുപടി. 17 ഗോളുകളാണ് മാഞ്ചസ്റ്റര്‍ കിരീടം ചൂടിയ സീസണില്‍ പെഡ്രിയില്‍ നിന്ന് വന്നത്. യൂറോ കപ്പില്‍ സ്പെയിന്‍ കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായതും റോഡ്രിയായിരുന്നു.
കഴിഞ്ഞ പ്രീമിയര്‍ ലീഗ് സീസണിലും ചാംപ്യന്‍സ് ലീഗിലും റോഡ്രിയിറങ്ങിയ കളിയില്‍ സിറ്റി തോറ്റിട്ടില്ല. തോറ്റത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ എഫ്എ കപ്പ് ഫൈനലില്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം 475 ദിനങ്ങള്‍ തോല്‍ക്കാതെ, 74 മത്സരങ്ങളില്‍ തോല്‍വി അറിയാതെ റോഡ്രി നടത്തിയ തേരോട്ടത്തിന് അവസാനമായത് അവിടെ. ഗോളിലും അസിസ്റ്റിലും മാത്രമായി ഒതുങ്ങുന്ന കളി ശൈലിയല്ല റോഡ്രിയുടേത്. സസ്പെന്‍ഷനെ തുടര്‍ന്ന് റോഡ്രിക്ക് സെപ്തംബറിലും ഒക്ടോബറിലും നഷ്ടമായ മൂന്ന് മത്സരങ്ങളിലാണ് സിറ്റി തോറ്റത്.