മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കള്‍. ജിയോ, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ റീച്ചാര്‍ജ് നിരക്ക് വര്‍ധനയ്ക്ക് ഇനി നാലുദിവസങ്ങള്‍ കൂടി മാത്രമാണുള്ളത്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷപെടാന്‍ വഴികളില്ല. എന്നാല്‍ പ്രിപെയ്ഡ് ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ താത്കാലിക വഴികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
12 മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്ക് വര്‍ധിപ്പിക്കുന്നത്. 11 മുതല്‍ 21 ശതമാനം വരെ എയര്‍ടെല്ലും മൊബൈല്‍ നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് ജിയോയുടെ പോപ്പുലര്‍ മന്ത്‌ലി പ്ലാനില്‍ 239 രൂപയ്ക്ക് 1.5 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ ഇനിമുതല്‍ ഈ പ്ലാന്‍ ലഭ്യമാകണമെങ്കില്‍ 299 രൂപ അടയ്ക്കേണ്ടിവരും. 25 ശതമാനം വര്‍ധനവാണ് നിരക്കില്‍ ഉണ്ടാകുക. വാര്‍ഷിക ഡാറ്റാ പ്ലാനുകളില്‍ 600 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകും.
ജൂലൈ മൂന്നു മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഈ തിയതിക്കുമുന്‍പ് ഇഷ്ടമുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ താത്കാലിക ലാഭമുണ്ടാക്കാം. പിന്നീട് ഈ പ്ലാന്‍ ഇല്ലാതാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്താലും നേരത്തെ റീചാര്‍ജ് ചെയ്തവരെ അതു ബാധിക്കില്ല. വാര്‍ഷിക പ്ലാനുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇതുവഴിയായി ലാഭമുണ്ടാക്കാം.
നിങ്ങള്‍ ഒരു ജിയോ, എയര്‍ടെല്‍ ഉപയോക്താവാണെങ്കില്‍ റീച്ചാര്‍ജുകള്‍ ഷെഡ്യൂള്‍ ചെയ്ത് വയ്ക്കാനാകും. ഇതിനായി ചെയ്യേണ്ടത്, ജൂലൈ മൂന്നിന് മുന്‍പായി ഈ റീച്ചാര്‍ജുകള്‍ ഷെഡ്യൂള്‍ ചെയ്യുകയെന്നതാണ്. എയര്‍ടെല്‍ സബ്സ്ക്രൈബേഴ്സിന് എത്ര റീച്ചാര്‍ജുകള്‍ ഷെഡ്യൂള്‍ ചെയ്യാമെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, ജിയോ സബ്സ്ക്രൈബേഴ്സിന് 50 റീച്ചാര്‍ജുകള്‍ വരെ ഷെഡ്യൂള്‍ ചെയ്ത് വയ്ക്കാം.