windows-outrage-railway

മൈക്രോസോഫ്റ്റ് വിന്‍ഡോസ് അപ്രതീക്ഷിതമായി പണിമുടക്കിയതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തത്. ലോകമെങ്ങും വ്യോമഗതാഗതം, ടെലിവിഷന്‍, സ്റ്റോക്ക് എക്സ്ചേഞ്ച്, ബാങ്കിങ് സേവനങ്ങളെയും ഐടി മേഖലയെയും ഇത് ബാധിച്ചു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകള്‍ വൈകി. പ്രിന്റ് ചെയ്യാന്‍ പോലും കഴിയാതെ വന്നതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ബോര്‍ഡിങ് പാസുകള്‍ എഴുതി നല്‍കേണ്ടി വന്നു. 

എന്നാല്‍ ഇതിലൊന്നും കുലുങ്ങാതെ പണി തുടര്‍ന്ന സംവിധാനമുണ്ട് നമ്മുടെ രാജ്യത്ത്, ഇന്ത്യന്‍ റെയില്‍വേ. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ആഗോളതലത്തിൽ പ്രവർത്തനം നിലച്ചപ്പോളും ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളെ അറിയിച്ചത്. റെയിൽവേയുടെ സബർബൻ, എക്സ്പ്രസ് ട്രെയിനുകളുടെ ടിക്കറ്റ് വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. എന്നാല്‍ എന്തുകൊണ്ട്?

റെയില്‍വേ സ്വന്തമായി വികസിപ്പിച്ചെടുത്ത സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം (ക്രിസ്) ന്‍റെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തിനാണ് (PRS) ഉദ്യോഗസ്ഥര്‍ നന്ദി പറയുന്നത്. സോഫ്‌റ്റ്‌വെയര്‍ കാലകാലങ്ങളില്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ടെന്നും റെയില്‍വേ അറിയിക്കുന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ വെബ്സൈറ്റ് പറയുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റെയിൽവേ റിസർവേഷൻ സംവിധാനമാണ് പാസഞ്ചർ റിസർവേഷൻ സിസ്റ്റം.

ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍, 1999 ഡിസംബര്‍ 31ന് ശേഷമുള്ള തിയ്യതികള്‍ കൈകാര്യം ചെയ്യുന്നതില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ക്ക് തെറ്റുപറ്റിയേക്കാം എന്നൊരു ആശങ്ക നിലനിന്നിരുന്നു. വെറുമൊരു ആശങ്ക അല്ലായിരുന്നു അത്. കാരണം DD/MM/YY ഫോര്‍മാറ്റില്‍ തിയ്യതികള്‍ കൈകാര്യം ചെയ്തിരുന്ന കംപ്യൂട്ടറുകളില്‍ 2000 വര്‍ഷം വരുന്നതോടെ വര്‍ഷത്തിന്‍റെ സ്ഥാനത്ത് '00' എന്നായിരിക്കും രേഖപ്പെടുത്തുക. അന്നേവരെയുള്ള കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകളില്‍ വര്‍ഷങ്ങളുടെ അവസാന രണ്ടക്കങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സാങ്കേതികവിദ്യമാത്രമേ ഉണ്ടായിരുന്നുള്ളൂ. വൈ ടു കെ (Y2K) ബഗ് എന്നും മില്ലേനിയം ബഗ് എന്നും ഇത് അറിയപ്പെടുന്നു. ഈ ആശങ്കയുടെ പശ്ചാത്തലത്തിലാണ് റെയില്‍വേ ക്രിസ് പാസഞ്ചര്‍ സിസ്റ്റം വികസിപ്പിച്ചെടുക്കുന്നത്.

2000 ജനുവരി ഒന്നു മുതല്‍ ലോകമെമ്പാടുകുമുള്ള കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഈ ബഗ് ബാധിച്ചിരുന്നെങ്കിലും കൃത്യമായ സോഫ്റ്റ്‌വെയര്‍ അപ്ഡേഷന്‍ അടക്കമുള്ള നടപടികളുടെ അടിസ്ഥാനത്തില്‍  പ്രശ്നം ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നില്ല. 2000 നു ശേഷവും റെയില്‍വേ ക്രിസ് പാസഞ്ചര്‍ സിസ്റ്റം തന്നെയാണ് ഉപയോഗിക്കുന്നത്.

ENGLISH SUMMARY:

Microsoft Windows outrage issue didnot effect Indian Railway's ticket reservation system, says senior officer of railways.