കാത്തിരിപ്പിന് അവസാനം, ആരാധകര്‍ ഏറെ കാത്തിരുന്ന പുതിയ തലമുറ ഗാലക്സി എസ് 25, എസ് 25+ ,എസ് 25 അള്‍ട്രാ മോഡലുകള്‍ പുറത്തിറക്കി സാംസങ്. കലിഫോര്‍ണിയയിലെ സാന്‍ ഹോസെയില്‍ നടന്ന ഗാലക്സി അണ്‍പാക്ഡ് ലോഞ്ച് ഇവന്റിലാണ് പുതിയ മോഡലുകള്‍ അവതരിപ്പിച്ചത്. എസ് 25 എഡ്ജ് മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
സാംസങ് എസ് 25 അള്‍ട്ര
ഡിസൈന്‍, പ്രവര്‍ത്തനം , പ്രകടനം എന്നിവയില്‍ ഒരു ചുവടുകൂടി മുന്നോട്ടുവച്ചാണ് എസ് 25 അള്‍ട്ര വിപണിയിലെത്തുന്നത്. സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത വണ്‍ യു.ഐ 7 പ്ലാറ്റ്ഫോമാണ് എ.ഐ സവിശേഷതകളോടെ അവതരിപ്പിക്കുന്നത്. മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി 6.8 ഇഞ്ചിന് പകരം 6.9 ഇഞ്ച് ക്യൂ എച്ച് ഡി പ്ലസ് ഡൈനാമിക് ഡിസ്പ്ലേ ആണുള്ളത്. സ്നാപ്ഡ്രാഗണ്‍ 8 മൊബൈല്‍ ചിപ്‌സെറ്റും 12 ജിബി റാമുമാണ് എസ് 25 അള്‍ട്രയിലുളളത്. 256 ജിബി, 512 ജിബി 1 ടിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുളള 200 മെഗാ പിക്സല്‍ പ്രൈമറി ക്യാമറ, 50 മെഗാപിക്സല്‍ അള്‍ട്രാവൈഡ്, 5X ഒപ്റ്റിക്കല്‍ സൂമുളള 50 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറ, 3X ഒപ്റ്റിക്കല്‍ സൂമുള്ള 10 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറ, 12 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. വിഡിയോകളില്‍ നിന്ന് അനാവശ്യ ശബ്ദങ്ങള്‍ നീക്കം ചെയ്യാനുള്ള ഓഡിയോ ഇറേസര്‍ ഫീച്ചറും എസ് 25 സീരീസില്‍ ഉണ്ട് . ടൈറ്റാനിയം സില്‍വര്‍ ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം വൈറ്റ് സില്‍വര്‍ , ടൈറ്റാനിയം ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. 45 W ഫാസ്റ്റ് ചാര്‍ജിങ്ങുളള 5,000 mAh ബാറ്ററിയാണുള്ളത്. എസ് 24ല്‍ നിന്ന് വ്യത്യസ്തമായി ബോക്സി ഡിസൈന് പകരം വൃത്താകൃതിയിലുളള കോണുകളാണ് ഉളളത്. 232 ഗ്രാമില്‍ നിന്ന് 218 ഗ്രാം ആയി ഭാരം കുറച്ചിട്ടുണ്ട്. കോര്‍ണിങ് ഗൊറില്ല ആര്‍മര്‍ 2 സുരക്ഷയോടെയാണ് ഫോണുകള്‍ എത്തുന്നത് . ഇന്ത്യയില്‍ 1,29,999 രൂപ മുതലായിരിക്കും വില.
ഗാലക്സി എസ് 25, എസ് 25 പ്ലസ്
എസ് 25ല്‍ 6.2 ഇഞ്ച് ഡിസ്പ്ലേയും എസ് 25+ല്‍ 6.7 ഇഞ്ച് സ്ക്രീനുമാണ് ഉള്ളത്. രണ്ടിലും 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ലെന്‍സ്, 3X ഒപ്റ്റിക്കല്‍ സൂമുള്ള 10 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറ എന്നിവയുണ്ട്. എസ് 25ല്‍ 4000 mAh ബാറ്ററിയും എസ് 25+ല്‍ 4900mAh ബാറ്ററിയുമാണുള്ളത്. എസ് 25ന് 25W ചാര്‍ജറും എസ് 25+ന് 45 W ചാര്‍ജറും ഉണ്ട്. . സാംസങ്ങിന്റെ ആന്‍ഡ്രോയിഡ് 15 അധിഷ്ഠിത വണ്‍ യു.ഐ 7 പ്ലാറ്റ്ഫോമാണ് ഇരു ഫോണിലുമുളളത്. 128 ജിബിയാണ് ഗാലക്സി എസ് 25 മോഡലിന്റെ ബേസിക് സ്റ്റോറേജ് കപ്പാസിറ്റി. നേവി, സില്‍വര്‍ ഷാഡോ, ഐസി ബ്ലൂ, മിന്‍റ് എന്നീ കളറുകളില്‍ ലഭ്യമാണ് . എസ് 25 80,999 രൂപ മുതലും എസ് 25+ 99,999 രൂപ മുതലുമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുക
AI അപ്ഡേറ്റ്സ്
എ.ഐക്കൊപ്പം വള്‍ക്കന്‍ എന്‍ജിന്‍, ഉയര്‍ന്ന പെര്‍ഫോമിങ് ഗ്രാഫിക്സ്, മികച്ച റേ ട്രെയ്സിങ് ഫീച്ചറുകളും ലഭ്യമാണ്. പുതിയ എ ഐ സാങ്കേതിക വിദ്യകളും ഫോണില്‍ ലഭ്യമാണ്. മീറ്റിങ് കുറിപ്പുകള്‍, പ്രഭാഷണങ്ങള്‍, നീണ്ട സംഭാഷണങ്ങള്‍ എന്നിവ ലളിതമാക്കാന്‍ ഡൈറക്ട് ട്രാന്‍സ്ക്രിപ്റ്റ് സമ്മറി ഓപ്ഷനും ഫോണിലുണ്ട്.നിങ്ങളുടെ ശീലങ്ങള്‍ക്ക് അനുസൃതമായി ആപ്പുകള്‍, ക്രമീകരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ദേശിക്കുന്നു. സ്ക്രീന്‍ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി പ്രസക്തമായ എ.ഐ സവിശേഷതകള്‍ നിര്‍ദേശിക്കുന്ന പുതിയ എ.ഐ സിലക്ട് ടൂളും എസ് 25 സീരീസിലുണ്ട്.ഫോട്ടോ എഡിറ്റിങ് ടൂളുകളിലെ 'ജനറേറ്റീവ് എഡിറ്റ്' ആളുകളെ മാത്രമല്ല നിഴലുകളും നീക്കം ചെയ്യുന്നതിനായി അപ്‍ഗ്രേഡ് ചെയ്തിട്ടുണ്ട്.
നൗ ബ്രീഫ് ഫീച്ചര്‍
പ്രതിദിന ഡയറി പൊലെ ഉപയോഗിക്കാവുന്ന 'നൗ ബ്രീഫ്' ഫീച്ചറും സാംസങ് അവതരിപ്പിക്കുന്നു. കാലാവസ്ഥാ അപഡേറ്റുകള്‍, ഇഷ്ടമുള്ള ഫീച്ചറുകള്‍, ഫോട്ടോകളുടെ റീക്യാപ്പ് തുടങ്ങി നിങ്ങള്‍ക്കു മാത്രമുള്ള പേഴ്സണലൈസ്‍ഡ് ഫീച്ചര്‍, വോയ്സ് ട്രീഗേഡ് ടാസ്കുകളും സാംസങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി നിര്‍ദേശം നല്‍കുന്ന ലൈവ് വിഡിയോ, 20 ഭാഷകളിലേക്കുള്ള വിവര്‍ത്തനം എന്നിവയും പ്രത്യേകതകളാണ്.
ഏഴ് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും ഏഴ് വര്‍ഷത്തെ സുരക്ഷാ പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു . എസ് സീരീസ് വാങ്ങുന്നവര്‍ക്ക് ആറു മാസം ഗൂഗിള്‍ ജെമിനി അഡ്വാന്‍സ്ഡും രണ്ട് ടിബി ക്ലൗഡ് സ്റ്റോറേജും സൗജന്യമായി ലഭിക്കും. ജനുവരി 23, 2025 മുതല്‍ ഫോണുകള്‍ ഇന്ത്യയില്‍ പ്രീ ബുക്ക് ചെയ്യാം