വാട്സാപ് നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമാണിന്ന്. ഒരാളുടെ വ്യക്തിഗതവും സ്വകാര്യവുമായ കാര്യങ്ങള്‍ കിട്ടാന്‍ വാട്സാപ് ഹാക്ക് ചെയ്താല്‍ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. അങ്ങനെയുള്ളപ്പോള്‍ നമ്മുടെ വാട്സാപ് നമ്മളറിയാതെ മറ്റൊരാള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലോ? ഏതാനും ചെറിയ സൂചനകൾ ശ്രദ്ധിച്ചാൽ, നിങ്ങളുടെ അക്കൗണ്ട് അനധികൃതമായി ആക്സസ് ചെയ്യപ്പെടുന്നുണ്ടോ എന്നു മനസ്സിലാക്കാം. നിങ്ങൾ അറിയാതെ വാട്സാപ്പ് വെബിൽ ലോഗിൻ ചെയ്യപ്പെട്ടതായി കണ്ടാലോ, നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ അക്കൗണ്ട് അപ്രതീക്ഷിതമായി ആക്ടീവ് ആയി കണ്ടാലോ, അജ്ഞാത ഡിവൈസുകളിൽ ലോഗിൻ, അല്ലെങ്കിൽ അക്കൗണ്ടിൽ സംശയകരമായ പ്രവർത്തനങ്ങൾ കണ്ടാലോ ഉടൻ തന്നെ സുരക്ഷാ നടപടികൾ സ്വീകരിക്കുക.
മെറ്റ സന്ദേശങ്ങളും കോളുകളും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമാക്കുന്നുണ്ടെങ്കിലും നിങ്ങളുടെ ലോഗിൻ ഡീറ്റൈല്‍സ് ഹാക്കർമാർ കൈവശമാക്കിയാൽ, അവർക്ക് നിങ്ങളുടെ അക്കൗണ്ട് എളുപ്പത്തില്‍ ആക്സസ് ചെയ്യാൻ സാധിക്കും.എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി നമ്മുടെ വാട്സാപ് ഇപയോഗിക്കുന്ന ഡിവൈസുകൾ കണ്ടെത്തി നീക്കം ചെയ്യാനുള്ള എളുപ്പവഴികൾ ലഭ്യമാണ്, ഇത് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.ഇതിന് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട എന്നതാണ് പ്രധാന കാര്യം.വാട്സാപ്പില്‍ തന്നെയുള്ള Linked Devices എന്ന ഫീച്ചർ ഉപയോഗിച്ച്, നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനക്ഷമമായിരിക്കുന്ന എല്ലാ ഡിവൈസുകളും പരിശോധിക്കാം. അന്യമായ ഒരു ഡിവൈസ് കണ്ടാൽ, അതിനെ ഉടൻ തന്നെ നീക്കം ചെയ്യാം.
ഇങ്ങനെ വാട്സാപ് അനധികൃതമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെത്താന്‍ ഇപ്രകാരം ചെയ്യാം,ആദ്യമായി വാട്സാപ് തുറക്കുക. മുൻവശത്തുള്ള മൂന്ന് ബാർ മെനുവിൽ (മുകളിൽ വലത് ഭാഗത്ത്) ടാപ്പ് ചെയ്യുക.Linked Devices എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.നിങ്ങളുടെ വാട്സാപ്പ് ലോഗിൻ ചെയ്തിരിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും പട്ടിക കാണാം.ആന്‍ഡ്രോയിഡ്, വിന്‍ഡോസ് അല്ലെങ്കിൽ ബ്രൗസർ സെഷനുകൾ എന്നിവയുടെയും വിശദാംശങ്ങൾ ലഭിക്കും.നിങ്ങള്‍ക്ക് പരിചിതമല്ലാത്ത അജ്ഞാതമായ ഒരു ഡിവൈസ് കണ്ടെത്തിയാൽ, അതിൽ ടാപ്പ് ചെയ്ത് ഉടന്‍ തന്നെ ആ ഡിവൈസ് നീക്കം ചെയ്യുക.വാട്സാപിന്‍റെ Linked Devices ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഒരേ സമയം നിരവധി ഉപകരണങ്ങളിൽ അക്കൗണ്ട് ഉപയോഗിക്കാം. ഇത് സൗകര്യപ്രദമായിരിക്കുമ്പോഴും, അനധികൃതമായ ആക്സസ് ഉണ്ടായാൽ, നമ്മുടെ അറിവില്ലാതെ മറ്റൊരാൾക്ക് വാട്സാപ്പ് ഉപയോഗിച്ചുകൊണ്ടിരിയ്ക്കാം. Linked Devices സെക്ഷൻ സ്ഥിരമായി പരിശോധിക്കുന്നത് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓപ്ഷന്‍ പ്രവർത്തനസജ്ജമാക്കുക.OTP, ലോഗിൻ വിശദാംശങ്ങൾ തുടങ്ങിയവ ഒരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്. ഫിഷിംഗ് ലിങ്കുകളും സംശയാസ്പദമായ സന്ദേശങ്ങളും അവഗണിക്കുക. വാട്സാപ് വെബ് ഉപയോഗിക്കുകയാണെങ്കില്‍ ഉപയോഗശേഷം ലോഗൗട്ട് ചെയ്യാന്‍ ശ്രദ്ധിക്കുക.