'മെയ്ഡ് ഇന്‍ ഇന്ത്യ' സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ദൗത്യമേറ്റെടുത്ത് ടാറ്റ. വഡോദരയിലെ പുതിയ എയര്‍ക്രാഫ്റ്റ് കോംപ്ലക്‌സിലാണ് സി- 295 മിലിറ്ററി ട്രാന്‍സ്‌പോര്‍ട് വിമാനം ഒരുങ്ങുന്നത്. ആദ്യമായാണ് ഇന്ത്യന്‍ സേനയ്ക്ക് വേണ്ടിയുള്ള വിമാനം നിര്‍മിക്കാന്‍ സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുന്നത്.
വ്യോമസേനയ്ക്ക് 56 സി 295 വിമാനങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്‌പെയിന്‍ ആസ്ഥാനമായ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കമ്പനിയുമായി 2021ലാണ് 21,935 കോടിയുടെ കരാര്‍ ഒപ്പിട്ടത്. കരാര്‍ അനുസരിച്ച് 16 വിമാനങ്ങള്‍ സ്‌പെയിനില്‍ നിന്നും നല്‍കും. ശേഷിക്കുന്ന 40 വിമാനങ്ങള്‍ ഇന്ത്യയിലാകും നിര്‍മിക്കുക. ഇതില്‍ ആദ്യ വിമാനം 2026 ഓടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ബാക്കിയുള്ള 39 വിമാനങ്ങള്‍ 2031 ഓഗസ്‌റ്റോടെയും നിര്‍മാണം പൂര്‍ത്തിയാക്കും.
വിമാനങ്ങള്‍ക്കുള്ള എഞ്ചിനും ഇലക്ട്രോണിക് സംവിധാനങ്ങളും എയര്‍ബസ് കൈമാറും. വിമാനത്തിന്‍റെ നിര്‍മാണത്തിനായി 14,000ത്തോളം ഘടകങ്ങളാണ് ആവശ്യമായിട്ടുള്ളത്. ഇതില്‍ 13,000 ഇന്ത്യയില്‍ തന്നെയാകും നിര്‍മിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 37 കമ്പനികള്‍ ഇതിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളാകും. ഇതില്‍ 33 ഉം ചെറുകിട-ഇടത്തരം സ്ഥാപനങ്ങളാണ്.
ടാറ്റ- എയര്‍ബസ് സഹകരണത്തിലൂടെ 600 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആയുധരംഗത്ത് സ്വയംപര്യാപ്ത നേടുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഇത് നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്.
5 മുതല്‍ 10 ടണ്‍ വരെ ഭാരം വഹിച്ച് യാത്ര ചെയ്യാന്‍ ശേഷിയുള്ളതാണ് സി.295 വിമാനങ്ങള്‍. ഇത് തയ്യാറാവുന്നതോടെ വ്യോമസേനയുടെ എച്ച്എസ് 748 അവ്‌റോ വിമാനങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ കഴിയും.