A red giant star and white dwarf orbit each other in this animation of a nova similar to T Coronae Borealis | Image Credit: NASA

A red giant star and white dwarf orbit each other in this animation of a nova similar to T Coronae Borealis | Image Credit: NASA

TOPICS COVERED

മാനത്തെ പൂരമെന്ന് കേള്‍ക്കുമ്പോള്‍ അല്‍പം അതിശയോക്തി തോന്നാമെങ്കിലും കണ്ട് ഞെട്ടാന്‍ തയ്യാറായിക്കോളൂവെന്നാണ് വാനനിരീക്ഷകരും ജ്യോതി ശാസ്ത്രജ്ഞരും പറയുന്നത്. 80 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആ ആകാശപ്പൂരത്തിന് ഇനിയധികം ദിവസങ്ങളില്ല. മാനത്തെ മറ്റെല്ലാ പ്രകാശങ്ങളെയും നിഷ്പ്രഭമാക്കി ആകാശത്തൊരു വെള്ളക്കുള്ളന്‍ നക്ഷത്രം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങുകയാണ്. ആ പ്രഭാപൂരം ദശലക്ഷക്കണക്കിന് മൈലുകള്‍ ദൂരെയുള്ള നമുക്ക് , നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനാകുമെന്നതാണ് പ്രകൃതി നല്‍കുന്ന ഏറ്റവും വലിയ സൗഭാഗ്യം. സൂര്യഗ്രഹണം പോലെ, ധ്രുവദീപ്തി പോലെ കണ്ട് ആസ്വദിക്കാം. 

കൊറോണ ബോറിയാലിസ് അഥവാ ബ്ലേസ് സ്റ്റാര്‍ (T Coronae Borealsi/ Blaze Star)  എന്ന നക്ഷത്ര സമൂഹമാണ് നിലവിലെ ആകാശപ്പൂരം ഒരുക്കുന്നത്. ഒരു വെള്ളക്കുള്ളന്‍ നക്ഷത്രവും പുരാതന ചുവപ്പ് ഭീമനും ചേര്‍ന്നതാണ് ബ്ലേസ് സ്റ്റാര്‍. ക്ഷീരപഥത്തിന്റെ വടക്കേയറ്റത്ത് ഭൂമിയില്‍ നിന്നും മൂവായിരത്തോളം പ്രകാശവര്‍ഷമകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.  ആകാശത്ത് വേനല്‍ക്കാലത്ത് കാണപ്പെടുന്ന സി- ആകൃതിയിലുള്ള നക്ഷത്രക്കൂട്ടമാണിത്. 800 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്ലേസ് സ്റ്റാറിനെ കണ്ടെത്തിയത്. ബ്ലേസ് സ്റ്റാറിലെ ആദ്യ നോവ അഥവാ ആകാശപ്പൂരം നടന്നത് 1946ലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

എന്താണ് ആകാശപ്പൂരം അഥവാ നോവ

നക്ഷത്ര പരിണാമത്തിലെ ഏറ്റവും ഒടുവിലത്തെ അവസ്ഥയാണ് വെള്ളക്കുള്ളന്‍. ഭൂമിയുടെ വലിപ്പവും സൂര്യന്റെ പിണ്ഡ (Mass) വുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ് ഭീമന്‍മാരാകട്ടെ അന്ത്യാവസ്ഥയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളുമാണ്. ഇവ ബഹിരാകാശത്തിലേക്ക് വസ്തുക്കള്‍ പുറന്തള്ളിക്കൊണ്ടിരിക്കുകയും ചെയ്യും. വെള്ളക്കുള്ളനില്‍ നിന്നുള്ള ഗുരുത്വ ബലം തൊട്ടടുത്തുള്ള ചുവപ്പ് ഭീമന്‍ പുറന്തള്ളുന്ന സൗരവസ്തുക്കളെ അതിവേഗത്തിലാണ് വലിച്ചെടുക്കുക. ഉള്‍ക്കൊള്ളാനാകുന്നത്രയും സൗരവസ്തുക്കള്‍ ശേഖരിക്കപ്പെടുന്നതിന് പിന്നാലെ വെള്ളക്കുള്ളനിലെ താപവും മര്‍ദവും വര്‍ധിക്കുകയും ഇത് തെര്‍മോ ന്യൂക്ലിയര്‍ പൊട്ടിത്തെറിയില്‍ കലാശിക്കുകയും ചെയ്യുന്നു. ഈ സ്‌ഫോടനത്തിന് പിന്നാലെ വെള്ളക്കുള്ളന്‍ നക്ഷത്രം പൂര്‍വാധികം ശോഭയേറിയതായി മാറും. പൊട്ടിത്തെറി സംഭവിച്ച് കഴിഞ്ഞാല്‍ നക്ഷത്രം മെല്ലെ അതിന്റെ യഥാര്‍ഥ വെളിച്ചത്തിലേക്ക് മാറുകയും ചെയ്യും. ഈ പ്രതിഭാസത്തെയാണ് നോവ അഥവാ ആകാശപ്പൂരം എന്ന് വിളിക്കുന്നത്. ആകാശത്ത് നോവയുണ്ടായാല്‍ ഒരാഴ്ചയോളം ആ പ്രകാശദീപ്തി നമ്മുടെ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. ആദ്യകാഴ്ചയില്‍ പുതിയ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടുവെന്നാകും നമുക്ക് അനുഭവപ്പെടുകയെന്ന് മാത്രം. 

ആകാശപ്പൂരം എന്ന്?

ഇന്ന് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാത്രിയിലോ പകലിലോ എപ്പോള്‍ വേണമെങ്കിലും മാനത്തെ പൂരം സംഭവിക്കാമെന്നും ഇത്തവണത്തേത് പതിവിലും ദൈര്‍ഘ്യമേറിയതാകുമെന്നും നാസ പറയുന്നു. ഏത് നിമിഷവും അത് സംഭവിക്കാമെന്ന് മാത്രമാണ് ജ്യോതിശാസ്ത്രജ്ഞരും വാന നിരീക്ഷകരും പറയുന്നത്. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്കും ഇക്കാര്യത്തില്‍ ശാസ്ത്രലോകത്തെ സഹായിക്കാമെന്നും നോവ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഇ-മെയില്‍ വഴിയോ, സമൂഹമാധ്യമങ്ങള്‍ വഴിയോ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും നാസയിലെ അസ്‌ട്രോപാര്‍ടിക്ള്‍ ഫിസിക്‌സ് ലാബിലെ ചീഫായ എലിസബത്ത് ഹേസ് പറയുന്നു. ആകാശ വിസ്മയം തുടക്കം മുതല്‍ തന്നെ കാണാന്‍ കഴിഞ്ഞാല്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നാസ.

എങ്ങനെ കാണാം?

മാനം തെളിഞ്ഞ് നില്‍ക്കുന്ന രാത്രിയാണെങ്കില്‍ മുകളിലേക്ക് നോക്കിയാല്‍ മാത്രം മതി. പക്ഷേ സിനിമകളിലും തൃശൂര്‍ പൂരത്തിലും കണ്ടിട്ടുള്ളത് പോലെ പൊട്ടിവിരിയുന്ന തരത്തില്‍ ആയിരിക്കില്ല പ്രകാശദീപ്തിയുണ്ടാവുകയെന്ന് മാത്രം. ആകാശത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്തത്ര പ്രകാശത്തില്‍ ഒരു നക്ഷത്രം അതീവ പ്രഭയാര്‍ന്ന് തിളങ്ങുന്നതായി കാണാം. അതിനെയാണ് ആകാശപ്പൂരമെന്നും നോവയെന്നും വിളിക്കുന്നത്. ടെലിസ്‌കോപ്പും ബൈനോക്കുലറും ഉണ്ടെങ്കില്‍ കുറച്ച് കൂടി അരികത്തായി, തെളിമയോടെ കാണാം. ഇല്ലാത്തവര്‍ നിരാശരാകേണ്ടതില്ല. കണ്ണുകള്‍ കൊണ്ട് തന്നെ ആ മനോഹര കാഴ്ച ആസ്വദിക്കാനാകും. 

find-hercules

നക്ഷത്രക്കൂട്ടത്തില്‍ നിന്ന് എങ്ങനെ ബ്ലേസ് സ്റ്റാറിനെ തിരിച്ചറിയും? 

വേട്ടക്കാരനും ഹെര്‍ക്കുലീസുമൊക്കെ വാന നിരീക്ഷണം നടത്തുന്നവര്‍ക്ക് കേട്ട് പരിചയമുള്ള പേരുകളാവും. എന്നാല്‍ കൊറോണ ബോറിയാലിസെന്നും ബ്ലേസ് സ്റ്റാറെന്നും വിളിപ്പേരുള്ള നമ്മുടെ നക്ഷത്രത്തെ കണ്ടെത്താന്‍ ഉത്തരാര്‍ധ ഗോളത്തിലെ രണ്ട് തിളക്കമേറിയ നക്ഷത്രങ്ങളുടെ സഹായം കൂടി വേണ്ടി വരും. വേഗ (അഭിജിത്ത്) നക്ഷത്രത്തിനും ആര്‍ക്ട്യുറസ് (ചോതി) നക്ഷത്രത്തെയും ഫോണിലെ സ്റ്റാര്‍ഗേസിങ് ആപ്പിന്റെ സഹായത്തോടെ ആദ്യം കണ്ടെത്തണം. കണ്ടെത്തിക്കഴിഞ്ഞാല്‍ ഒരു സാങ്കല്‍പ്പിക രേഖ വേഗയില്‍ നിന്ന് ആര്‍ക്ട്യുറസിലേക്ക് വരയ്ക്കുക. ഇതിന് മധ്യത്തിലായി സി- ആകൃതിയില്‍ കിടക്കുന്ന നക്ഷത്രമാണ് കൊറോണ ബോറിയാലിസ് അഥവാ ബ്ലേസ് സ്റ്റാര്‍ എന്ന് നാസ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

A white dwarf star could soon explode and we can see the brightness of nova, which is millions of miles away, with the naked eye.