നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് പറന്നയുര്‍ന്ന രണ്ടുപേര്‍, സുനിത വില്യംസും ബച്ച് വിൽമോറും. ജൂണ്‍ 13ന് തിരിച്ചുവരാനിരുന്ന ഇവരുടെ യാത്ര പിന്നീട് ജൂണ്‍ 26ലേക്ക് മാറ്റുകയുണ്ടായി. പേടകത്തിന്‍റെ ത്രസ്റ്ററുകളിലെ പ്രശ്‌നങ്ങളും ഹീലിയം വാതകത്തിന്‍റെ ചോർച്ചയുമാണ് കാരണം. എന്നാല്‍ മടക്കയാത്ര വീണ്ടും മാറ്റിവയ്ക്കുമ്പോള്‍ ചോദ്യങ്ങളും ഉയരുകയാണ്. സ്റ്റാര്‍ലൈനറില്‍ എന്താണ് സംഭവിക്കുന്നത്? നാസയ്ക്ക് ഇത് നേരത്തെ അറിയാമായിരുന്നോ? അങ്ങനെയെങ്കില്‍ എന്തിനായിരുന്നു ദൗത്യം?
സ്റ്റാര്‍ലൈനറില്‍ സംഭവിച്ചത്
ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യമാണിത്. സാങ്കേതികപ്പിഴവുകളാൽ രണ്ട് തവണ മാറ്റിവച്ച ദൗത്യം. പേടകം വിക്ഷേപിക്കാനിരിക്കെ അവസാനഘട്ടത്തിൽ ഹീലിയം വാതകചോർച്ച ദൗത്യം ദുഷ്കരമാക്കിയിരുന്നെങ്കിലും, വിക്ഷേപണവുമായി മുന്നോട്ട് പോകുകയായിരുന്നു. ഹീലിയം ചോർച്ച ഗൗരവമുള്ളതല്ലെന്നും ഇത് ദൗത്യത്തെ ബാധിക്കില്ലെന്നുമായിരുന്നു എഞ്ചിനീയര്‍മാരുടെ കണക്കുകൂട്ടല്‍. ജൂണ്‍ അഞ്ചിനായിരുന്നു വിക്ഷേപണം.
എന്നാൽ ദൗത്യത്തിനിടെ നാലുവട്ടം ഹീലിയം ചോര്‍ച്ചയുണ്ടയി. 28 മാനുവറിംഗ് ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിന് തകരാറുകള്‍ സംഭവിച്ചു. ഇതോടെ എട്ട് ദിവസം നീണ്ടുനിൽക്കുമെന്ന് കരുതിയ ദൗത്യം വീണ്ടും നീണ്ടു. അഞ്ച് മാനുവറിംഗ് ത്രസ്റ്ററുകള്‍ക്കാണ് തകരാറുള്ളത്. 14 മാനുവറിംഗ് ത്രസ്റ്ററുകള്‍കളുടെ സഹായത്തോടെ മാത്രമേ സുരക്ഷിതമായി പേടകത്തിന് ഭൂമിയില്‍ എത്താന്‍ കഴിയൂ. പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനുമായാണ് ഇവ ഉപയോഗിക്കുന്നത്.
നാസ പറയുന്നത്
നിലവില്‍ കണ്ടെത്തിയ തകരാറുകള്‍ ബഹിരാകാശയാത്രികർക്ക് സുരക്ഷാഭീഷണി ഉയര്‍ത്തുന്നില്ലെന്നും അപകടവും ഉണ്ടാകില്ലെന്നും നാസ നേരത്തെ പറഞ്ഞിരുന്നു. രണ്ടു പേരും ഇപ്പോളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് സാധാരണ ദൗത്യം പൂർത്തിയാക്കാൻ ഏഴ് മണിക്കൂർ ഫ്രീ-ഫ്ലൈറ്റ് സമയം മാത്രമേ ആവശ്യമുള്ളൂ. സ്റ്റാർലൈനറിന് അതിന്‍റെ ടാങ്കുകളിൽ ആവശ്യത്തിന് ഹീലിയം ശേഷിക്കുന്നുണ്ട്. പേടകം അൺഡോക്ക് ചെയ്തതിന് ശേഷം 70 മണിക്കൂർ ഫ്രീ-ഫ്ലൈറ്റ് ചെയ്യാന്‍ ഇത് ധാരാളമാണ്. എങ്കിലും ഉന്നതതല യോഗങ്ങൾക്ക് ശേഷമാണ് മടക്കയാത്ര ജൂലൈയിലേക്ക് നാസ നീട്ടുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ തീരുമാനം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യല്ല.
ബഹിരാകാശ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് മുമ്പ് തകരാറുകളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്നാണ് നാസ പറയുന്നത്. പാരച്യൂട്ട് ഉപയോഗിച്ച് ക്രൂ ക്യാപ്‌സ്യൂൾ നിലത്തിറക്കുമ്പോള്‍ സ്റ്റാർലൈനറിന്‍റെ ലോവർ സർവീസ് മൊഡ്യൂൾ കത്തിയേക്കാം. അതിനാല്‍ തകരാറുകളെ കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടപ്പെടും.
തകരാറുണ്ടായിട്ടും ദൗത്യം?
അപ്പോഴും അവശേഷിക്കുന്ന ചോദ്യം ചോർച്ചയുണ്ടായിട്ടും വിക്ഷേപണം മുന്നോട്ട് പോകണമായിരുന്നോ എന്നാണ്. ചോര്‍ച്ചയുടെ കാരണം കൂടുതല്‍ ആഴത്തില്‍ പഠിച്ചിരുന്നെങ്കില്‍ അത് പരിഹരിക്കാന്‍ കഴിയുമായിരുന്നു എന്നാണ് യുകെ കമ്പനിയായ റോക്കറ്റ് എഞ്ചിനീയറിങിന്‍റെ തലവന്‍ ഡോ. ആദം ബേക്കർ പറയുന്നത്. വിക്ഷേപണത്തിന് ശേഷം ചോർച്ച വഷളാകാനുള്ള സാധ്യത വേണ്ടത്ര പരിഗണിച്ചിട്ടുണ്ടാകില്ല, നാസയും ബോയിങും ചെയ്യേണ്ടിയിരുന്ന കാര്യമാണിതെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു.
വിവാദം നാസയുടെ തീരുമാനത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഗുണനിലവാരത്തില്‍ വീഴ്ചകള്‍ വരുത്തിയതിനെ തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കമ്പനിയാണ് ബോയിങ്. സ്റ്റാർലൈനർ കുടുങ്ങിയത് നിലവാരമില്ലാത്ത സാങ്കേതികവിദ്യയുടെ ഫലമായാണോ എന്ന ചോദ്യത്തിന് ബോയിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നാസയും ബോയിങ്ങും വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ബഹിരാകാശ നിലയത്തില്‍ എത്ര നാള്‍ തുടരാം?
സുനിത വില്യംസിനും ബച്ച് വിൽമോറിനും 45 ദിവസം രാജ്യാന്തര ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട് തുടരാനാകും. അപൂർവസന്ദർഭങ്ങളിൽ 72 ദിവസം വരെ തുടരാം. ഇതിനിടയിൽ പ്രശ്നം പരിഹരിച്ച് പേടകത്തിൽ തിരികെയെത്തിക്കാമെന്നാണ് നാസയുടെ പ്രതീക്ഷ. അതേസമയം ബഹിരാകാശയാത്രികർ കുടുങ്ങിയിട്ടില്ലെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഭൂമിയിലേക്ക് മടങ്ങാൻ സ്റ്റാർലൈനറിന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും നാസ പറയുന്നുണ്ട്.
രക്ഷയ്ക്ക് മസ്ക് എത്തുമോ?
സുനിത വില്യംസിന്‍റെയും ബച്ച് വിൽമോറിന്‍റെയും രക്ഷയ്ക്ക് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം എത്തുമോ എന്ന ചര്‍ച്ചയും സജീവമാണ്. എന്നാൽ അതിന്‍റെ ആവശ്യം ഇല്ലെന്നാണ് നാസയുടെയും ബോയിങ്ങിന്റെയും നിലപാട്. നേരത്തെ റഷ്യൻ സോയൂസ് പേടകത്തിന് തകരാര്‍ ഉണ്ടായപ്പോള്‍ യാത്രികരെ തിരികെ എത്തിക്കാൻ നാസ മറ്റൊരു സോയൂസ് പേടകം ഉപയോഗിച്ചിരുന്നു.
ബഹിരാകാശത്തേക്ക് സുനിത നടത്തുന്ന മൂന്നാമത്തെ യാത്രയാണിത്. സ്റ്റാര്‍ലൈനര്‍ മിഷന് മുന്‍പ് തന്നെ 322 ദിവസത്തോളം സുനിത ബഹിരാകശത്ത് ചിലവഴിച്ചിട്ടുണ്ട്. 2006ലാണ് അവര്‍ ബഹിരാകാശത്തേക്ക് കന്നിയാത്ര നടത്തിയത്. 2012 ല്‍ രണ്ടാമതുമെത്തി. 50 മണിക്കൂര്‍ 40 മിനിറ്റോളം ആകെ ദൈര്‍ഘ്യമുള്ള ഏഴ് ആകാശ നടത്തങ്ങളും സുനിതയുടെ പേരിലുണ്ട്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. 178 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്