പത്ത് ദിവസത്തെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ ദൗത്യം അനിശ്ചിതമായി നീളുന്നതോടെ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസിന്‍റെയും ബുഷ് വില്‍മറിന്‍റെയും ആരോഗ്യത്തെക്കുറിച്ച് ആശങ്ക. എന്നാല്‍ അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും സുനിതയ്ക്കും ബുഷിനും മൂന്നുമാസം വരെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കഴിയാന്‍ സാധിക്കുമെന്നുമാണ് നാസയുടെ വിശദീകരണം. ദൗത്യം പൂര്‍ത്തീകരിച്ച് ജൂണ്‍ 14നായിരുന്നു സ്റ്റാര്‍ലൈനര്‍ മടങ്ങേണ്ടിയിരുന്നത്. പേടകത്തില്‍ ഹീലിയം ചോര്‍ച്ചയും റോക്കറ്റ് തകരാറും ഉണ്ടായതോടെ മടക്കയാത്ര ജൂണ്‍ ഇരുപത്താറിലേക്ക് മാറ്റി. തകരാര്‍ പരിഹരിക്കാനാവാതെ വന്നതോടെ ദൗത്യ കാലാവധി 90 ദിവസത്തേക്ക് നീട്ടിയേക്കാമെന്ന് നാസ സൂചിപ്പിച്ചു.
ദീര്‍ഘകാലം ബഹിരാകാശത്ത് തുടരാനുള്ള മുന്നൊരുക്കങ്ങള്‍ സുനിതയോ ബുഷ് വില്‍മറോ നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മൈക്രോഗ്രാവിറ്റിയും റേഡിയേഷനും വില്ലന്‍മാരായേക്കുമെന്നാണ് വിദഗ്ധരുടെ ആശങ്ക. യാത്രികരുടെ ശാരീരിക –മാനസിക ആരോഗ്യത്തെ ഇത് ബാധിച്ചേക്കാം. ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ ശരീരത്തിന്‍റെ സന്തുലിതാവസ്ഥ താളം തെറ്റും. കണ്ണെത്തുന്നിടത്ത് കയ്യും കയ്യെത്തുന്നിടത്ത് മനസും എത്താതെ വരും. ഗുരുത്വബലമില്ലാത്തതിനാല്‍ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തേക്ക് സഞ്ചാരം തുടങ്ങും. ഇത് മുഖം തുടുക്കാനും മേല്‍ഭാഗത്തേക്ക് വണ്ണം വയ്ക്കാനും ഇടയാക്കും. ഒപ്പം കാലിലെയും പാദങ്ങളിലെയും ജലാശം കുറയും. ഈ ദ്രാവക മാറ്റം രക്തത്തിന്‍റെ അളവിനെയും രക്ത സമ്മര്‍ദത്തെയും ബാധിക്കും. ഇത് ഹൃദയ ധമനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും എല്ലുകള്‍ക്ക് സാരമായ ശോഷണം ഉണ്ടാക്കുകയും ചെയ്യും.
ബഹിരാകാശത്തെ മൈക്രോഗ്രാവിറ്റി കാരണം യാത്രികരുടെ പേശികള്‍ ചുരുങ്ങുകയും അസ്ഥിയുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ശരീരത്തിലെ ധാതുക്കള്‍ നഷ്ടപ്പെടുന്നതോടെ അസ്ഥിശോഷണത്തിന് സമാനമായ സ്ഥിതി ഉടലെടുക്കും. ബഹിരാകാശ നിലയത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ കൊണ്ട് ഇതിനെ ഒരുപരിധി വരെ ചെറുക്കാമെങ്കിലും അസ്ഥികളുടെ ആരോഗ്യം പൂര്‍ണതോതില്‍ സംരക്ഷിക്കാന്‍ പ്രയാസമാണ്. നടുവിലെയും പിന്‍ഭാഗത്തെയും പേശികളെയാണ് ഇതേറ്റവും ബാധിക്കുക.
ശരീരദ്രവങ്ങളിലെ അസന്തുലിതാവസ്ഥ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമായേക്കാം. മൂത്രത്തില്‍ കാല്‍സ്യത്തിന്‍റെ അളവ് വര്‍ധിക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് മൂത്രത്തില്‍ കല്ലുണ്ടാകാനുള്ള സാധ്യതയേറും. ഹോര്‍മോണ്‍ സന്തുലനം താളം തെറ്റുമെന്നും ഇന്‍സുലിന്‍ പ്രതികരിക്കാതെ വരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെല്ലാം പുറമെ കാഴ്ചശക്തി കുറയാനുള്ള സാധ്യതയും വലിയ വെല്ലുവിളിയാണ്. ദൂരം കൃത്യമായി മനസിലാക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ ബഹിരാകാശ സഞ്ചാരികള്‍ക്ക് അനുഭവപ്പെട്ടേക്കാം.
റേഡിയേഷനുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് കൂട്ടത്തില്‍ ഗുരുതരം. തുടര്‍ച്ചയായി വികിരണം ഏല്‍ക്കുന്നത് യാത്രികരുടെ ജനിതകഘടനയില്‍ തന്നെ മാറ്റം വരുത്തിയേക്കാം. കാന്‍സര്‍ സാധ്യതയും കൂടുതലാണ്. അതുകൊണ്ടാണ് പരിമിതമായ ദിവസങ്ങളിലേക്ക് ദൗത്യം ചുരുക്കുന്നത്. ദൗത്യം നീളുന്നത് അനുസരിച്ച് യാത്രികരുടെ ശരീരത്തില്‍ മതിയായ പോഷകം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതും മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതും വെല്ലുവിളിയായി മാറും.