Image Credit: x.com/Space_Station/status/1804203798161953183/photo/1

Image Credit: x.com/Space_Station/status/1804203798161953183/photo/1

ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്ത്യന്‍ വംശജയായ സുനിത വില്യംസിന്‍റെ മടങ്ങി വരവ് നീളും. ബഹിരാകാശ നിലയത്തിലേക്ക് സുനിത പോയ പേടകമായ ബോയിങ് സ്റ്റാര്‍ലൈനറിന് സംഭവിച്ച സാങ്കേതിക തകരാര്‍ കാരണമാണ് മടങ്ങി വരവ് നീളുന്നത്. എന്നത്തേക്ക് സുനിതയ്ക്ക് മടങ്ങിവരാനാകുമെന്നത് സംബന്ധിച്ച് നാസ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുനിതയും ബുഷ് വില്‍മോറുാണ്  രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്റ്റാര്‍ലൈനര്‍ വഴി എത്തിയത്. നിലയത്തില്‍ ഉണ്ടായിരുന്ന 'ഏഴുപേര്‍ക്കൊപ്പം ചേര്‍ന്ന് തങ്ങള്‍ ഇപ്പോള്‍ ചെറിയൊരു സിറ്റി തന്നെ ബഹിരാകാശത്ത് സൃഷ്ടിച്ചു'വെന്നായിരുന്നു സുനിത നേരത്തെ പ്രതികരിച്ചിരുന്നത്.  ജൂണ്‍ അഞ്ചിനാണ് സുനിതയും ബുഷും ബഹിരാകാശ നിലയത്തിലെത്തിയത്. 

suni-and-butch

നാസയുടെ കണക്കുകൂട്ടലുകള്‍ പ്രകാരം ജൂണ്‍ 14 ന് സുനിത വില്യംസ് ഭൂമിയിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇതിനിടെ പേടകം തിരികെ ഭൂമിയിലേക്ക് എത്താന്‍ സഹായിക്കുന്ന റോക്കറ്റുകള്‍ക്ക് തകരാര്‍ സ്ഥിരീകരിച്ചു. ഇതോടെ യാത്ര ജൂണ്‍ 26ലേക്ക് മാറ്റി. ഒന്നിലധികം സ്ഥലങ്ങളില്‍ ഹീലിയം ചോര്‍ച്ച കൂടി കണ്ടെത്തിയതോടെ 26ലെ യാത്രയും നീട്ടി വയ്ക്കുകയായിരുന്നു. 10 ദിവസത്തെ ദൗത്യമാണ് ഇരുവര്‍ക്കും ബഹിരാകാശത്തുണ്ടായിരുന്നത്.

പേടകത്തിന്‍റെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനുമായി 28 ചെറിയ റോക്കറ്റുകളാണ് സ്റ്റാര്‍ലൈനറില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് റോക്കറ്റുകള്‍ക്കാണ് നിലവില്‍ തകരാറുള്ളത്. ഇതിന് പുറമെ അഞ്ചിടത്ത് ഹീലിയം ചോര്‍ച്ചയും കണ്ടെത്തി. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായ 14 ചെറു റോക്കറ്റുകളുടെ സഹായത്തോടെ മാത്രമേ സുരക്ഷിതമായി പേടകത്തിന് ഭൂമിയില്‍ എത്താന്‍ കഴിയൂ. 87 ഫ്ലൈറ്റ് ടെസ്റ്റ് ലക്ഷ്യങ്ങളില്‍ 77 ഉം നിലവില്‍ സ്റ്റാര്‍ലൈനര്‍ പൂര്‍ത്തിയാക്കിയെന്നും ശേഷിക്കുന്ന സമയത്തില്‍ ബാക്കിയുള്ള 10 എണ്ണവും നടക്കുമെന്നും ബോയിങ് വ്യക്തമാക്കി. 

ജൂണ്‍ 24നും , ജൂലൈ രണ്ടിനും രണ്ട് ബഹിരാകാശ സഞ്ചാരങ്ങളാണ് ബഹിരാകാശ നിലയത്തിലുള്ളവര്‍ക്കായി നാസ നിശ്ചയിച്ചിരിക്കുന്നത്. യാത്ര വൈകിക്കുന്നത് തന്ത്രപരമായ സമീപനമാണെന്നും സുസജ്ജമായ പേടകത്തിലാകും ബുഷും സുനിതയും മടങ്ങിവരികയെന്നും നാസയുടെ കൊമേഴ്സ്യല്‍ ക്രൂ വിഭാഗം മാനേജര്‍ സ്റ്റീവ് സ്റ്റിക് വ്യക്തമാക്കി. 

ബഹിരാകാശത്തേക്ക് സുനിത നടത്തുന്ന മൂന്നാമത്തെ യാത്രയാണിത്. സ്റ്റാര്‍ലൈനര്‍ മിഷന് മുന്‍പ് തന്നെ 322 ദിവസത്തോളം സുനിത ബഹിരാകശത്ത് ചിലവഴിച്ചിട്ടുണ്ട്. 2006ലാണ് അവര്‍ ബഹിരാകാശത്തേക്ക് കന്നിയാത്ര നടത്തിയത്. 2012 ല്‍ രണ്ടാമതുമെത്തി. 50 മണിക്കൂര്‍ 40 മിനിറ്റോളം ആകെ ദൈര്‍ഘ്യമുള്ള ഏഴ് ആകാശ നടത്തങ്ങളും സുനിതയുടെ പേരിലുണ്ട്. 

ENGLISH SUMMARY:

NASA has confirmed that the return of astronaut Sunita Williams from the International Space Station has been further delayed and no new date has been set.