രാകേഷ് ശര്‍മ്മ ബഹിരാകാശത്തെത്തി നാല് പതിറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ബഹിരാകാശത്തിലേക്ക് അയയ്ക്കാന്‍ ഇന്ത്യ. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യ– യുഎസ് ദൗത്യത്തിന്‍റെ ഭാഗമായി വിങ് കമാന്‍ഡര്‍ ശുഭാന്‍ശു ശുക്ലയാണ് ഗഗന്‍യാനിന് മുന്‍പ് യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. ഒക്ടോബറിലാകും യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്സിയോം–4 എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ ഇരുവരെയും നിശ്ചയിച്ചതായി വെള്ളിയാഴ്ചയാണ് ഐ.എസ്.ആര്‍.ഒ അറിയിച്ചത്. എന്തെങ്കിലും തടസമുണ്ടായി ശുഭാന്‍ശുവിന് പോകാനായില്ലെങ്കില്‍ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരാകും നിലയത്തിലേക്ക് യാത്ര ചെയ്യുക. അടുത്ത എട്ടാഴ്ചയിലേക്ക് ഇരുവര്‍ക്കും മികച്ച പരിശീലനം നാസ ഒരുക്കും.

സ്വകാര്യ കമ്പനിയായ ആക്സിയോം നാസയുമായി സഹകരിച്ച് നടത്തുന്ന നാലാം ദൗത്യം കൂടിയാണിത്. സ്പേസ് എക്സ് റോക്കറ്റാകും പേടകത്തെ വഹിക്കുക. ശുഭാന്‍ശുവിന് പുറമെ പോളണ്ടില്‍ നിന്നും ഹംഗറിയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള ഓരോ ബഹിരാകാശ യാത്രികരും ദൗത്യത്തില്‍ പങ്കാളികളാകും.  14 ദിവസത്തേക്കാണ് ശുഭാന്‍ശുവിന്‍റെയും സംഘത്തിന്‍റെയും യാത്ര. അതേസമയം ഒക്ടോബറില്‍ എന്നാകും യാത്രയെന്ന് നാസ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വര്‍ഷമേ യാത്രയുണ്ടാകൂവെന്നാണ് പോളിഷ് സ്പേസ് ഏജന്‍സിയായ പോള്‍സ പറയുന്നത്. 

കഴി‍ഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായാണ് ദൗത്യത്തില്‍ ഇന്ത്യ സഹകരിക്കുന്നത്.

ലക്നൗ സ്വദേശിയാണ് ഫൈറ്റര്‍ പൈലറ്റായ ശുഭാന്‍ശു. 2006ലാണ് ശുഭാന്‍ശു സേനയുടെ ഭാഗമായത്. സുഖോയ്–30, മിഗ്,ജാഗ്വാര്‍ എന്നിവയടക്കമുള്ള വിമാനങ്ങള്‍ പറത്തിയ പരിചയ സമ്പത്തും 39കാരനായ ശുഭാന്‍ശുവിനുണ്ട്. ഈ ദൗത്യത്തില്‍ നിന്നും ലഭിക്കുന്ന അനുഭവങ്ങള്‍ ഗഗന്‍യാനില്‍ മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 

1984 ല്‍ സോവിയറ്റ് യൂണിയന്‍റെ പേടകത്തില്‍ വിങ് കമാന്‍ഡറായി പോയ രാകേഷ് ശര്‍മ മാത്രമാണ് ബഹിരാകാശത്ത് ആകെയെത്തിയ ഇന്ത്യക്കാരന്‍. ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷനിലേക്കുള്ള ദൗത്യാംഗങ്ങളാണ് ശുഭാന്‍ശുവും പ്രശാന്ത് ബാലകൃഷ്ണനും അടുത്ത വര്‍ഷമാണ് മനുഷ്യനെ ബഹിരാകാശത്തിലേക്ക് അയയ്ക്കുന്ന ഗഗന്‍യാന്‍ ദൗത്യം ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഇതിനായുള്ള കഠിമായ പരിശീലനങ്ങളിലാണ് സംഘം. ഇരുവര്‍ക്കും പുറമെ ഗ്രൂപ് ക്യാപ്റ്റന്‍മാരായ അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ് എന്നിവരും ഗഗന്‍യാന്‍ ദൗത്യത്തിനായി തയ്യാറെടുക്കുന്നുണ്ട്. 

ENGLISH SUMMARY:

Indo-US Mission to Space; Subhanshu Shukla to be 2nd Indian to travel to space