sunitha-williams-1

കാത്തിരിപ്പിന് വിരാമമിട്ട് ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിേലക്ക് യാത്ര തിരിച്ചു. സ്പേസ് എക്സിന്റെ ക്രൂ–9 ദൗത്യത്തിനൊപ്പമാണ് ഇരുവരും തിരിച്ചെത്തുന്നത്. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.30ന് ഫ്ലോറിഡ തീരത്ത് ദൗത്യസംഘം സ്പ്ലാഷ് ഡൗണ്‍ ചെയ്യും.  സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ടതോടെ വിരാമമായത് ഒന്‍പത് മാസത്തെ കാത്തിരിപ്പിനാണ്. രാവിലെ എട്ടരയക്ക് ഹാച്ചിങ് ക്ലോഷര്‍ പ്രക്രിയ പൂര്‍ത്തിയായി രണ്ട് മണിക്കൂറിനുശേഷം ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ടു. 

ക്രൂ-9 ദൗത്യ സംഘംഗങ്ങളായ നാസയുടെ നിക്ക് ഹെയ്ഗിനും റഷ്യയുടെ അലക്സാണ്ടര്‍ ഗോ ബൊനോവിനൊപ്പമാണ്  സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തുക. ഇന്ത്യന്‍  സമയം പുലര്‍ച്ചെ രണ്ടേമുക്കാലോടെ പേടകത്തിന്റെ വേഗത കുറയ്ക്കുകയും ട്രങ്ക് ഭാഗത്തെ വേര്‍പ്പെടുത്തുകയും ചെയ്യും. അവശേഷിക്കുന്ന ക്രൂ മൊഡ്യൂളില്‍ നാലുപേരും ഭൂമിയിലേക്ക് യാത്ര തുടരും. 

കാലാവസ്ഥ അനുകൂലമായാല്‍ പാരച്യൂട്ട് ഉപയോഗിച്ച് നാലുേപരും സ്പ്ലാഷ് ഡൗണ്‍ നടത്തും. മെക്സിക്കോ അല്ലെങ്കില്‍ അന്റലാന്റിക് സമുദ്രത്തിലായിരിക്കും സ്പ്ലാഷ് ഡൗണ്‍. 287 ദിവസം ബഹിരാകാശത്ത് തുടര്‍ന്ന സുനിതയും വില്‍മോറും അവര്‍ നേരിട്ട വെല്ലുവിളികള്‍ നേട്ടങ്ങളാക്കി മാറ്റിയാണ് ഭൂമിയിലെത്തുന്നത്. മറ്റൊരുവശത്ത്  ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ വിജയവും.

അതേസമയം, പത്ത് ദിവസത്തെ ദൗത്യത്തിനായി 2024 ജൂൺ 5ന് യാത്ര തിരിച്ച സുനിത, മടങ്ങിവരുന്നത് ഒരു റെക്കോര്‍ഡുമായാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന യാത്രികയെന്ന റെക്കോർഡ്. 62 മണിക്കൂറും 6 മിനിറ്റുമാണു സുനിത നടന്നത്. റെക്കോര്‍ഡ് സ്വന്തമാക്കിയ ഇക്കഴിഞ്ഞ ജനുവരി 30ന് നടന്നത് 5മണിക്കൂര്‍ 26മിനിറ്റ്. അമേരിക്കയുടെ പെഗി വിറ്റ്സണിന്‍റെ റെക്കോര്‍ഡാണ് സുനിത നടന്ന് മറികടന്നത്.

എന്നാല്‍ കൂടുതൽ കാലം ബഹിരാകാശത്ത് വസിച്ച അമേരിക്കന്‍ വനിതയെന്ന റെക്കോര്‍ഡ് ഇപ്പോഴും പെഗിയുടെ പേരിലാണ്. 675 ദിവസം. കൂടുതൽ കാലം തുടർച്ചയായി ബഹിരാകാശത്ത് താമസിച്ചത് വലേറി പോൾയാകോവാണ്. റഷ്യൻ ബഹിരാകാശ സഞ്ചാരിയായ പോൾയാകോവ് 1994 മുതൽ 1995 വരെ 437 ദിവസവും 18 മണിക്കൂറും തുടർച്ചയായി മിർ നിലയത്തിൽ താമസിച്ചു. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം വസിച്ച് റെക്കോർഡ് ഇട്ടത് റഷ്യൻ ബഹിരാകാശ സഞ്ചാരിയായ ഒലേഗ് കോണോനെൻകോ ആണ്. 5 തവണയായി ഐഎസ്എസിൽ 1110 ദിവസവും 14 മണിക്കൂറും 57 മിനിറ്റും ചെലവഴിച്ചു. 

ബഹിരാകാശത്ത് രണ്ടാമത് കൂടുതൽ കാലം താമസിച്ചത് റഷ്യക്കാരനായ ഗന്നഡി പദാൽക. മിറിലും ഐഎസ്എസിലും ചെലവിട്ടത് 878 ദിവസം. 4 പ്രാവശ്യം ഐഎസ്എസ് കമാൻഡറുമായിരുന്നു. ബഹിരാകാശത്ത് മൂന്നാമത് കൂടുതൽ കാലം താമസിച്ചത് യൂറി മലെഞ്ചെങ്കോ ആണ്. 827 ദിവസവും 9 മണിക്കൂറും 20 മിനിറ്റും. ബഹിരാകാശത്ത് വിവാഹിതനായ ആദ്യ വ്യക്തി. 2003 ഓഗസ്റ്റ് 10ന് ആയിരുന്നു വിവാഹം. 

ENGLISH SUMMARY:

Sunita Williams and Butch Wilmore, who have been in space for nine months, have returned to Earth. The Dragon spacecraft has separated from the space station. The spacecraft is expected to land on Earth at 3:30 am tomorrow. The spacecraft will land in the Atlantic Ocean or the Gulf of Mexico. The two will return with SpaceX's Crew-9 mission.