Image Credit: x.com/NASA
ഒന്‍പത് മാസം നീണ്ടവാസത്തിന് ശേഷം ബഹിരാകാശത്തോട് ടാറ്റ പറഞ്ഞ് സുനിത വില്യംസും ബുഷ് വില്‍മോറും ഭൂമിയിലേക്കുള്ള യാത്ര തുടരുകയാണ്. മണിക്കൂറുകള്‍ പിന്നിടുന്നതോടെ സ്പേസ്എക്സ് പേടകത്തില്‍ വരുന്ന ക്രൂ–9 ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ലാന്‍ഡ് ചെയ്യും. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.37 ഓടെയാണ് ലാന്‍ഡിങ് പ്രതീക്ഷിക്കുന്നത്.
ഭൂമിയിലെത്തി ഫിറ്റ്നസ് വീണ്ടെടുത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയാല്‍ ചെയ്യേണ്ടതെന്തെല്ലാമെന്ന് കൃത്യമായ പ്ലാന്‍ സുനിത തയ്യാറാക്കി വച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ഫെഡറല്‍ മാര്‍ഷലും പങ്കാളിയുമായ മൈക്കല്‍ ജെ.വില്യംസും അരുമനായ്ക്കളായ രണ്ട് ലാബ് റിട്രൈവറുകളുമായി നീണ്ട നടത്തം, പിന്നാലെ കടലില്‍ നീന്തിത്തിമിര്‍ക്കണം.. സുനിത കാത്തിരിക്കുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുനിതയ്ക്കും ഭര്‍ത്താവ് വില്യംസിനും മക്കളില്ല. പക്ഷേ ഗോര്‍ബിയെന്ന ജാക്ക് റസല്‍ ടെറിയറും , ഗണ്ണര്‍, ബെയ്ലി, റോട്ടര്‍ എന്നീ അരുമകളും ഒപ്പമുണ്ട്. ഡോഗ് വിസ്പറര്‍ എന്ന നാഷണല്‍ ജ്യോഗ്രഫിക് ഷോയില്‍ 2010 ല്‍ സുനിതയ്ക്കൊപ്പം ഗോര്‍ബിയും പ്രത്യക്ഷപ്പെട്ടിരുന്നു.
ബഹിരാകാശത്ത് കഴിയുമ്പോള്‍ തനിക്കേറ്റവും മിസ് ചെയ്യുന്നത് തന്‍റെ കുടുംബത്തെയും അരുമ നായ്ക്കളെയും സുഹൃത്തുക്കളെയുമാണെന്നായിരുന്നു സുനിത കഴിഞ്ഞ വര്‍ഷം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. അവര്‍ക്കൊപ്പമുള്ള നടത്തവും ഓട്ടവുമെല്ലാം പുനരാരംഭിക്കുന്നതിനായി കാത്തിരിക്കുകയാണ് താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പ്രഭാത നടത്തവും കിളികളുടെ ശബ്ദം കേട്ടുണരുന്നതിനായും കാത്തിരിക്കുകയാണെന്നും അവര്‍ തുറന്ന് പറഞ്ഞിരുന്നു.
ബുഷ് വില്‍മോറാവട്ടെ ബാപ്റ്റിസ്റ്റ് പള്ളിയിലെത്തി പ്രാര്‍ഥനകള്‍ നടത്തുന്നതിനായാണ് കാത്തിരിക്കുന്നത്. അസുഖ ബാധിതരായിരുന്നവര്‍ക്കായി ബഹിരാകാശത്തിരുന്ന് പ്രാര്‍ഥനകളും നടത്തിയിരുന്നു. ഭൂമിയിലെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതോടെ പച്ചപ്പും മണ്ണിന്‍റെ മണവും ആസ്വദിക്കുകയും പ്രാര്‍ഥനകളില്‍ പങ്കെടുക്കുകയുമാണ് ചെയ്യാനുള്ളതെന്ന് ബുഷ് വില്‍മോറും വെളിപ്പെടുത്തി.