17 മണിക്കൂര്‍ നീണ്ട മടക്കയാത്രയ്ക്കൊടുവില്‍ സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ ക്രൂ–9 ഭൂമിയിലേക്ക് എത്തിച്ചേരുകയാണ്. പുലര്‍ച്ചെ 3.57 ഓടെ ഫ്ലോറിഡ തീരത്ത് സ്പ്ലാഷ് ലാന്‍ഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിര്‍ണായകവും അങ്ങേയറ്റം ആശങ്കാജനകവുമാണ് ശേഷിക്കുന്ന മണിക്കൂറുകള്‍. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം കടക്കുന്നതാണ് ബഹിരാകാശ യാത്രയിലെ ഏറ്റവും തീവ്രമായ ഘട്ടമെന്ന് തന്നെ പറയാം. അതീവ ദുര്‍ഘടമായ സാഹചര്യങ്ങളാണ് ഭൂമിയില്‍ പേടകത്തെ കാത്തിരിക്കുന്നത്. താപനില 7000 ഡിഗ്രി ഫാരന്‍ഹീറ്റ് ( 3847 ഡിഗ്രി സെല്‍സ്യസിലേറെ) ആകുമെന്നതാണ് ഇതില്‍ പ്രധാനം. ഒപ്പം ശബ്ദത്തെക്കാള്‍ വേഗതയും ലാന്‍ഡിങിന് തൊട്ടുമുന്‍പുള്ള സ്ലോ ഡൗണ്‍ പ്രക്രിയയും അതിസങ്കീര്‍ണമാണെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. തീ മതിലിലേക്ക് ഇടിച്ച് കയറുന്നത് പോലെയാകും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കുകയെന്നാണ് ബഹിരാകാശ യാത്രികര്‍ പറയുന്നത്.
നാസയുടെ തയ്യാറെടുപ്പുകള്‍
സുരക്ഷിതമായി ബഹിരാകാശ യാത്രികരെ എത്തിക്കുന്നതിനുള്ള അതിനൂതനവും ഗുണമേന്‍മയേറിയതുമായ സംവിധാനങ്ങളാണ് നാസ ഒരുക്കിയിരിക്കുന്നത്. കത്തിച്ചാമ്പലാക്കാന്‍ പോന്ന ചൂടിനെ പ്രതിരോധിക്കാന്‍ കവചങ്ങളും, പാരഷൂട്ടുകളും, മികച്ച സോഫ്റ്റ്വെയറുകളുമെന്നിങ്ങനെ പകരം വയ്ക്കാനില്ലാത്ത സുരക്ഷയാണ് നാസ ഒരുക്കിയിരിക്കുന്നത്.
റീ–എന്‍ട്രി സാങ്കേതിക വിദ്യകളിങ്ങനെ
താപ കവചങ്ങള്‍- ഒരേസമയം ചൂടിനെ വലിച്ചെടുക്കുകയും ചിതറിച്ചു കളയുകയും ചെയ്യുന്നതാണ് താപ കവചങ്ങള്‍. അവ്കോട്ട്, (അപ്പോളോ, ഒറിയോണ്‍ ക്രൂ കാപ്സ്യൂള്‍ എന്നിവയില്‍ ഉപയോഗിച്ചത്) ഫെനോലിക് ഇംപ്രഗ്നനേറ്റഡ് കാര്‍ബണ്‍ അബാള്‍ട്ടര്‍ എന്നീ ഘടകങ്ങള്‍ കൊണ്ടാണ് താപ കവചങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സ്പേസ് എക്സ് തന്നെ സ്വന്തമായി ഇവ രണ്ടും ഡ്രാഗണ്‍ കാപ്സ്യൂളിലേക്കായി വികസിപ്പിച്ചിട്ടുമുണ്ട്.
ആര്‍ക് ജെറ്റ് ടെസ്റ്റിങ്– ബഹിരാകാശ പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ അനുഭവപ്പെട്ടേക്കാവുന്ന ചൂട് നാസ കൃത്രിമമായി ഉണ്ടാക്കുകയും സൂര്യോപരിതലത്തിലേതിനെക്കാള്‍ ചൂടായ പ്ലാസ്മയില്‍ താപകവചങ്ങള്‍ ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്.
പേടകത്തിന്‍റെ സഞ്ചാര സമയത്തും ഭൂമിയില്‍ പ്രവേശിക്കുമ്പോഴും ഉണ്ടാവാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെ മുന്‍കൂട്ടി കാണാനും പരിഹരിക്കാനും കഴിവുള്ള സൂപ്പര്‍ കംപ്യൂട്ടറുകളും സജ്ജമാണ്.
പഴയ പാഠങ്ങളില്‍ നിന്നുള്ള ഊര്‍ജം : അപ്പോളോ മുതല്‍ മാഴ്സ് സയന്‍സ് ലബോറട്ടറിയും സ്റ്റാര്‍ഡസ്റ്റ് സാംപിള്‍ ടെസ്റ്റും വരെ നീണ്ട പരീക്ഷണങ്ങളും വിജയങ്ങളും സമ്മാനിച്ച അനുഭവ സമ്പത്താണ് നാസയുടെ ഏറ്റവും വലിയ ഊര്‍ജം. അപ്പോളോ, ചാലഞ്ചര്‍, കൊളംബിയ ലെസന്‍സ് ലേണ്‍ഡ് പ്രോഗ്രാം എന്നിവ ബഹിരാകാശ ദൗത്യങ്ങളെ വിമര്‍ശനാത്മകമായി കൂടി സമീപിക്കാനും പിഴവുകള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കാനും നാസയെ സഹായിച്ചിട്ടുണ്ട്.