മനുഷ്യ ശരീരത്തിന് പ്രത്യേക കവചങ്ങളൊന്നുമില്ലാതെ ബഹിരാകാശത്ത് അതിജീവനം അസാധ്യമാണ്. അത് മുന്നില്‍ കണ്ടാണ് ബഹിരാകാശ യാത്രികര്‍ക്കായി 16 ലെയറുകളുള്ള , ഒറ്റനോട്ടത്തില്‍ പേടകം പോലെ തോന്നിക്കുന്ന വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. ബഹിരാകാശത്ത് ചെലവഴിക്കുന്ന ഓരോ നിമിഷവും ശരീരം ധ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ടുതന്നെ ദീര്‍ഘമായ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയ സുനിതയുടെയും വില്‍മോറിന്‍റെയും ആരോഗ്യസ്ഥിതി അതീവ സൂക്ഷ്മമായാണ് നാസ നിരീക്ഷിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ടാണ് മനുഷ്യ ശരീരം പ്രാചീനരൂപത്തില്‍ നിന്നും ഭൂമിയിലൂടെ നടക്കാനും മറ്റ് കായികമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും പാകത്തില്‍ വികസിച്ചത്. അതിനാല്‍ തന്നെ ഭൂമിക്ക് പുറത്ത് ജീവിക്കാന്‍ ആരംഭിക്കുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നതും ശരീരമാണ്. ഗുരുത്വബലമില്ലായ്മ, വായൂമര്‍ദം, റേഡിയേഷന്‍, ഓക്സിജന്‍ ലഭ്യത, താപനിലയിലെ വ്യതിയാനങ്ങള്‍ എന്നിവയാണ് പ്രധാനപ്രശ്നങ്ങള്‍.
ശരീരത്തിലെ പ്രതിരോധ സംവിധാനകള്‍ ആകെ താളം തെറ്റും. ഗുരുത്വബലം നഷ്ടമാകുന്നതോടെ ശരീരദ്രവങ്ങള്‍ കാലുകളില്‍ നിന്നും തലയുടെ ഭാഗത്തേക്ക് സഞ്ചാരം ആരംഭിക്കും. ഇത് തലച്ചോറിന് അധിക സമ്മര്‍ദം നല്‍കുന്നതോടെ ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. കണ്ണുകളില്‍ നിന്നും ചെവിയില്‍ നിന്നും പേശികളില്‍ നിന്നും തലച്ചോറിലേക്ക് സന്ദേശങ്ങള്‍ എത്തുന്നത് മെല്ലെയാകും. ഇതിന്‍റെ ഫലമായി ശരീരത്തിന്‍റെ ചലനം, ദിശ തിരിച്ചറിയാനുള്ള കഴിവ്, ഇരിക്കാനും നടക്കാനും ചരിയാനുമുള്ള ശേഷി എന്നിവയും തകരാറിലായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ശരീരദ്രവങ്ങളെല്ലാം തലയിലേക്ക് കേന്ദ്രീകരിക്കുന്നതോടെ മൂക്കടഞ്ഞ സ്ഥിതിവിശേഷം ഉടലെടുക്കും. ഇതോടെ ഗന്ധം അറിയാനുള്ള ശേഷി തടസപ്പെടും. തല്‍ഫലമായി ഭക്ഷണത്തിന്‍റേതടക്കം രുചിയും മണവും തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. വായുടെ രുചിയും മൂക്കിന്‍റെ മണവും നഷ്ടപ്പെടുമ്പോള്‍ തന്നെ അപ്പുറത്ത് ഹൃദയവും പിണങ്ങാന്‍ തുടങ്ങും. ഹൃദയത്തിലെ പേശികള്‍ക്ക് സങ്കോചിക്കാനുള്ള ശേഷി പകുതിയായി കുറഞ്ഞേക്കാം. ഇത് ഹൃദയസ്തംഭനത്തിലേക്ക് വരെ നയിക്കാം.
ബഹിരാകാശത്തെ ഗുരുത്വബലമില്ലായ്മ നട്ടെല്ലിന് നീളം കൂട്ടും. സാധാരണയില്‍ നിന്നും മൂന്നിഞ്ചോളം നീളമാണ് ഇത്തരത്തില്‍ വര്‍ധിക്കുക. ഇതിന് പുറമെ ഭൂമിയില്‍ എത്തുന്നതോടെ ഡിസ്കുകള്‍ തെന്നി മാറകയും ചെയ്യും. ശരീരത്തിലെ രക്തത്തിന്‍റെ ഘടനയിലും സാരമായ മാറ്റങ്ങള്‍ സംഭവിക്കും. രക്തത്തിലെ ദ്രാവകഭാഗമായ പ്ലാസ്മയുടെ അളവില്‍15 ശതമാനം വരെ കുറവ് വരും. കാല്‍സ്യം നഷ്ടത്തെ തുടര്‍ന്ന് അസ്ഥികള്‍ക്ക് ബലക്ഷയവും സംഭവിക്കും. ശരീരത്തില്‍ നിന്നും കാല്‍സ്യം വിഘടിക്കുന്നതിനെ തുടര്‍ന്ന് വൃക്കകളില്‍ കല്ലുകള്‍ ഉണ്ടാവുകയും ചെയ്യും.
ഭൂമിയിലേതു പോലെയുള്ള രാപ്പലുകളല്ല ബഹിരാകാശത്തെന്നത് കൊണ്ടുതന്നെ ഉറക്ക നഷ്ടമാകും സുനിതയും വില്‍മോറും നേരിടാന്‍ പോകുന്ന മറ്റൊരു പ്രശ്നം. ഓരോ 45 മിനിറ്റിലും ബഹിരാകാശത്ത് വെളിച്ചവും ഇരുളും മാറി മാറി വരും. ഇതോടെ ശരീരവും ഇതിനനുസരിച്ച് ജൈവഘടികാരത്തെ ക്രമീകരിക്കും. ഭൂമിയിലെത്തുന്നതോടെ ഇത് താറുമാറാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ശരീരത്തിനുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്കെല്ലാമപ്പുറമാണ് തലച്ചോറിനേല്‍ക്കുന്ന ക്ഷതവും കാന്‍സര്‍ സാധ്യതയും ഡിഎന്‍എയിലെ മാറ്റങ്ങളും. ഭൂമിയിലുള്ളവര്‍ക്ക് റേഡിയേഷന്‍ ഏല്‍ക്കുന്നതിനെക്കാള്‍ 20 മടങ്ങ് സാധ്യത ബഹിരാകാശത്തുണ്ടെന്ന് നാസയും സ്ഥിരീകരിക്കുന്നു. കൃത്യമായ മേല്‍നോട്ടത്തിലൂടെ സുനിതയുടെയും വില്‍മോറിന്‍റെയും ആരോഗ്യം വീണ്ടെടുക്കാനാകുമെന്നും സാധാരണനിലയിലേക്ക് വേഗത്തില്‍ മടങ്ങാനാകുമെന്നുമാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ.