പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ ലോഗോ പുറത്തിറക്കി.കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോയില്‍ കണക്ടിങ് ഭാരത് എന്നാക്കി. രാജ്യത്താകമാനം 4ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ലോഗോ മാറ്റം. ഇതോടൊപ്പം സ്പാം ബ്ലോക്കിങ് അടക്കം ഏഴ് പുതിയ സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ക്കിട നല്‍കുന്ന ലോഗോയാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അവതരിപ്പിച്ചത്. പഴയ BSNL ലോഗോയില്‍ കണക്റ്റിങ് ഇന്ത്യ എന്നായിരുന്നെങ്കില്‍ പുതിയതില്‍ കണക്റ്റിങ് ഭാരത് എന്നാക്കിയിട്ടുണ്ട്. കാവി, പച്ച, വെള്ള നിറങ്ങളും ഉള്‍പ്പെടുത്തി. സുരക്ഷിതത്വം, വിശ്വാസ്യത, കുറഞ്ഞ ചെലവ് എന്നിവയും അടയാളപ്പെടുത്തിയിട്ടുണ്ട്. കാവിവല്‍ക്കരണമാണ് നടത്തിയതെന്ന വിമര്‍ശനം പിന്നാലെ ഉയരുകയാണ്.
പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നിവയില്‍ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു. കൂടാതെ ടെല്‍കോ വൈ-ഫൈ റോമിംഗാണ് മറ്റൊരു പ്രധാന ഫീച്ചര്‍. ഇത് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് വൈ-ഫൈ നെറ്റ്വര്‍ക്കിലേക്കും കണക്റ്റുചെയ്യാന്‍ സഹായിക്കുന്നു.സിം കാര്‍ഡ് സേവനങ്ങള്‍ക്കായി ഓട്ടോമേറ്റഡ് കിയോസ്കുകള്‍ തുടങ്ങി. ഖനികളില്‍ ഉപയോഗിക്കാന്‍ സി –ഡാക്കുമായി ചേര്‍ന്ന് പ്രത്യേക 5 ജി നെറ്റ്വര്‍ക്ക് സജ്ജമാക്കി. ഡയറക്ട്
ടു ഡിവൈസ് സംവിധാനത്തിനും ബി.എസ്.എന്‍.എല്‍. തുടക്കമിട്ടു.