റോബോട്ടുകള്‍ ഇന്നത്തെ കാലത്ത് ഒരു പുതുമയുള്ള കാര്യമല്ല. വീടു വൃത്തിയാക്കാനും ഓഫീസിലെ ജോലികള്‍ക്കുമെല്ലാം ഇന്ന് റോബോട്ടുകള്‍ ലഭ്യമാണ്. എന്നാല്‍ ജീവിതത്തില്‍ കൂട്ടില്ലാതെ ഏകാന്തത അനുഭവിക്കുന്നവരുടെ കാമുകി– കാമുകന്‍മാരാകാന്‍ വേണ്ടി റൊബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ കമ്പനി. ഒരു സയൻസ് ഫിക്ഷൻ സിനിമപോലെ തോന്നുന്ന യാഥാര്‍ഥ്യം.
യു.എസ് ആസ്ഥാനമായുള്ള റിയല്‍ബോട്ടിക്സ് ആണ് ഈ റോബോട്ടുകള്‍ക്ക് പിന്നില്‍. ഒരു എഐ റോബോട്ടിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യനെപ്പോലെ പെരുമാറാന്‍ കഴിയുന്ന ഈ റൊബോട്ടുകള്‍ നിങ്ങള്‍ക്കൊരു കൂട്ടാവുമെന്ന് കമ്പനി പറയുന്നു. ‘എരിയ’ (Aria) എന്നാണ് റൊബോട്ടിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഈ ആഴ്ച ആദ്യം ലാസ് വെഗാസിൽ നടന്ന 2025 കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിലാണ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. 1.5 കോടി രൂപയ്ക്ക് ($175,000) വാങ്ങുകയും ചെയ്യാം.
ഏകാന്തതയില്‍ വീര്‍പ്പുമുട്ടുന്നവരെ, പ്രത്യേകിച്ച് പുരുഷന്‍മാരെ, ലക്ഷ്യമിട്ടാണ് റോബോട്ടുകളെ അവതരപ്പിച്ചതെന്ന് റിയൽബോട്ടിക്‌സിന്‍റെ സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു. മനുഷ്യരില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത റോബോട്ടുകളെ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്നും. മറ്റാരും പര്യവേഷണം ചെയ്യാത്ത തലത്തിലേക്കാണ് കമ്പനി റോബോട്ടിക്സിനെ കൊണ്ടുപോകുന്നതെന്നും ആൻഡ്രൂ ഫോർബ്സിനോട് പറഞ്ഞു.
ഈ റോബോട്ടുകള്‍ക്ക് ഒരു കാമുകനോ കാമുകിയോ ആയി അഭിനയിക്കാൻ സാധിക്കും. ഒരു റൊമാന്‍റിക് പങ്കാളിയെപ്പോലെ പെരുമാറാന്‍ കഴിയും. ലോകത്തിലെ ഏറ്റവും റിയലിസ്റ്റിക് റോബോട്ടുകളായിരിക്കും ഇവ. ഒരു റോബോട്ടിനെ വികസിപ്പിക്കുമ്പോൾ നടത്തവും മുഖഭാവവുമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്ന രണ്ട് പ്രധാനമേഖലകള്‍. ഇതില്‍ മുഖഭാവങ്ങള്‍ യഥാര്‍ഥമായി അവതരിപ്പിക്കുന്നതിലാണ് പ്രധാന ശ്രദ്ധ നല്‍കുന്നതെന്നും ആൻഡ്രൂ കിഗുവൽ പറഞ്ഞു. ടെസ്‌ലയെപ്പോലുള്ളവര്‍ നടത്തത്തില്‍ ശ്രദ്ധ കൊടുക്കട്ടെ, പക്ഷേ ഞങ്ങള്‍ മുഖഭാവങ്ങളില്‍ ശ്രദ്ധിക്കുന്നു. വികാരങ്ങൾ സൃഷ്ടിക്കാനും അവർക്ക് എന്താണ് തോന്നുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാക്കി തരാനും സാധിക്കുന്ന റോബോട്ടുകളെ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.
എന്തായാലും എക്സ്പോയില്‍ റോബോട്ടുകള്‍ വലിയ ഹിറ്റായിരുന്നു എന്നാണ് കമ്പനിയുടെ അവകാശവാദം. മിക്കവരും റോബോട്ടിനോട് സംസാരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുക, ആശയവിനിമയത്തിലൂടെയും വിനോദത്തിലൂടെയും അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യമെന്ന് എക്സ്പോയിലെത്തിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി റോബോട്ടും പറഞ്ഞു. മറ്റേതെങ്കിലും സൈബർ ജീവികളെ അറിയാമോ എന്ന ചോദ്യത്തിന് ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടിനെ അറിയാമെന്നും അവനൊപ്പം റോബോട്ടിക്‌സിൻ്റെ ലോകം പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുമാണ് എരിയ പറഞ്ഞത്. അതേസമയം, ഇന്‍റര്‍നെറ്റില്‍ വൈറലായ റോബോട്ടിന്‍റെ ദൃശ്യങ്ങള്‍ക്കു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. ഭയാനകമായ അവസ്ഥയിലേക്കാണ് നമ്മള്‍ നീങ്ങുന്നത് എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.