രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 776 ജില്ലകളില്‍ 773 ഇടത്തും 5G എത്തിയതായി ടെലികോം മന്ത്രാലയം. കഴിഞ്ഞ ദിവസം പുറത്ത് വിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍. ഇതോടെ ഇന്ത്യയിലെ 99 ശതമാനം ജില്ലകളില്‍ അഞ്ചാം തലമുറ നെറ്റ്വര്‍ക്ക് ലഭ്യമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.. രാജ്യത്തിന്‍റെ ഡിജിറ്റല്‍ സൗകര്യവികസനത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാണിത്.
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമാണ് രാജ്യത്തിന്‍റെ 5G വികസനത്തില്‍ മുന്നിലുള്ളത്. 2022 ഒക്ടോബറിലാണ് ജിയോയും എയര്‍ടെല്ലും ആദ്യമായി 5G അവതരിപ്പിച്ചത്. 2023 ഓഗസ്റ്റിന് മുമ്പ് രാജ്യ വ്യാപകമായി 5G ഉറപ്പിക്കാന്‍ ജിയോയ്ക്കായി. 2023 ജനുവരിയോടെ എയര്‍ടെല്‍ 17 നഗരങ്ങളിലും 5G സേവനം എത്തിച്ചു. മറ്റൊരു സ്വകാര്യ കമ്പനിയായ വോഡാഫോണ്‍ ഐഡിയ (വിഐ) പരീക്ഷണാടിസ്ഥാനത്തില്‍ 5G മുംബൈയില്‍ തുടങ്ങിക്കഴിഞ്ഞു. വരും ആഴ്ചകളില്‍ മറ്റ് നഗരങ്ങളിലേക്കും വിഐയുടെ 5G എത്തും.
അതേസമയം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 2025 ജൂണോടെ 5G വിന്യാസത്തിലേക്ക് കടക്കും. ബിഎസ്എന്‍എല്‍ തദ്ദേശീയമായി വികസിപ്പിച്ച 4G വിന്യാസം അതിന്‍റെ പൂര്‍ത്തീകരണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. 2025 ഫെബ്രുവരി 28 വരെയുള്ള കണക്കുകള്‍ പ്രകാരം 4.69 ലക്ഷം 5G ബിടിഎസ് സ്റ്റേഷനുകള്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുണ്ട്. 5ജിക്ക് ശേഷം തദ്ദേശീയമായി വികസിപ്പിക്കുന്ന 6ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ തുടങ്ങിക്കഴിഞ്ഞു.
പക്ഷേ പുതുതായി പുറത്ത് വന്ന കണക്ക് ജില്ലയുടെ ഏതെങ്കിലും ഒരു മൂലയിൽ ഏതെങ്കിലും ഒരു മൊബൈൽ കമ്പനിയുടെ 5G എത്തുന്നുണ്ടോ എന്ന് മാത്രമാണ് പരിശോധിക്കുന്നത്. ഉപയോക്താക്കൾക്ക് സ്റ്റേബിൾ 5G ലഭിക്കുന്നുണ്ടോ എന്നുള്ളത് ചോദ്യമാണ്. അതിനാല്‍ തന്നെ ഉപയോക്താക്കളുടെ പരാതികള്‍ വ്യാപകമാണ്.